സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമ്പോൾ നമ്മൾ ആവർത്തിച്ചു പഠിക്കുന്നത്, പലവട്ടം മറന്നുപോയ പഴയ പാഠങ്ങൾ തന്നെ! മഴവെള്ളത്തിന് ഒഴുകാനുള്ള സ്വാഭാവിക പാതകൾ അടച്ചുകൊണ്ടാണ് നമ്മുടെ നഗരങ്ങൾ വളരുന്നത്. കോൺക്രീറ്റ് കെട്ടിടങ്ങളും റോഡുകളും നടപ്പാതകളും മാത്രമല്ല, പുരയിടങ്ങളിൽ തറയോടുകൾ പാകുന്നതു പോലും മഴവെള്ളത്തിന് മണ്ണിലേക്ക് അരിച്ചിറങ്ങാനുള്ള വഴികളടയ്ക്കുന്നു. പുരയിടങ്ങളിൽ നിന്ന് ഓടകളിലേക്ക് മഴവെള്ളം ഇരച്ചെത്തുന്നു. ഉയർന്ന റോഡുകളിൽ നിന്ന് താഴ്ന്ന റോഡുകളിലേക്ക് ചെരിവുകളിലൂടെ പായുന്ന മഴവെള്ളത്തിന്റെ ഭൂരിഭാഗവും നഗര നിർമ്മിതികൾ കാരണം തോടുകളിലും നദികളിലും എത്താനാകാതെ വഴികളിൽ കെട്ടിക്കിടന്ന് മിന്നൽ പ്രളയങ്ങൾ സൃഷ്ടിക്കുന്നു. നദികളിലേക്ക് എങ്ങനെയെങ്കിലും എത്തുന്ന വെള്ളമാകട്ടെ, കരകവിഞ്ഞ് സമതലങ്ങളിലൂടെ ഒഴുകാൻ ശ്രമിക്കുമ്പോൾ ജനവാസ മേഖലകളിലും വെള്ളപ്പൊക്കമുണ്ടാകുന്നു.
അതിതീവ്രമഴയിൽ പുഴയായി മാറുന്ന റോഡുകളിലൂടെ ഒഴുകിപ്പോകുന്ന കാറുകളുടെ അമ്പരപ്പിക്കുന്ന കാഴ്ച ബംഗളൂരുവിലും ചെന്നൈയിലും മറ്റും നമ്മൾ പലവട്ടം കണ്ടതാണ്. കാലാവസ്ഥാ വ്യതിയാനം കാരണം അതിതീവ്ര മഴയും നഗരങ്ങളിലെ മിന്നൽ പ്രളയവും തുടർന്നും ഉണ്ടായിക്കൊണ്ടിരിക്കുമെന്നിരിക്കെ അതിനൊപ്പം ജീവിക്കാനും അതിനെ നിയന്ത്രിക്കാനുമുള്ള മാർഗങ്ങൾ നാം തേടേണ്ടിയിരിക്കുന്നു. നഗരവൽക്കരണം നദികളെ എങ്ങനെ ബാധിക്കുന്നുവെന്നും, നമ്മുടെ റോഡുകൾ പുഴകളാകുന്നത് എങ്ങനെയെന്നും മനസിലാക്കിയെങ്കിലേ ഇവ എങ്ങനെ പരിഹരിക്കാമെന്ന് അറിയാൻ കഴിയൂ.
കടലിലേക്കുള്ള
ജലപാതകൾ
കുന്നുകളും താഴ്‌വരകളും സമതലങ്ങളും അടങ്ങുന്ന ഒരു പ്രദേശത്ത് വീഴുന്ന മഴവെള്ളം കടലിലേക്കെത്തുന്നത് ചെരിവുകളിലെയും താഴ്‌വരകളിലെയും ചെറുതോടുകളിലൂടെയും നദികളിലൂടെയും മണ്ണിലെ ഭൂഗർഭ വഴികളിലൂടെയുമാണ്. നദികൾ തന്നെയാണ് ഇതിലെ പ്രധാന ജലപാത. മഹാപ്രളയങ്ങളുടെ സാഹചര്യത്തിൽ വീതികൂടി, കവിഞ്ഞ് ഒഴുകാനാണ് നദികളുടെ ഇരുകരകളിലൂടെയും വെള്ളപ്പൊക്ക സമതലങ്ങൾ (Flood plains) ഉള്ളത്. ഇതു കൂടാതെ ഓരോ പ്രദേശത്തും മണ്ണിൽ താഴുന്ന മഴവെള്ളം ഭൂഗർഭ വഴികളിലൂടെ നദികളിൽ എത്തിച്ചേരുന്നു.
നഗരങ്ങളുടെ അനിയന്ത്രിതവും അശാസ്ത്രീയവുമായ വളർച്ച, പ്രശ്നങ്ങൾ സങ്കീർണമാക്കിയതിനാൽ തൊലിപ്പുറത്തെ ചികിത്സകൊണ്ട് പ്രയോജനമില്ല. ചെറിയൊരു പ്രദേശത്ത് കുറഞ്ഞ നേരം പെയ്യുന്ന അതിശക്തമായ മഴ മൂലമുള്ള അധികജലം കൈകാര്യം ചെയ്യാൻ നമ്മുടെ നഗരങ്ങളെ പ്രാപ്തമാക്കണമെങ്കിൽ റോഡുകളിലേക്ക് എത്തുന്ന മഴവെള്ളത്തിന്റെ അളവും ഒഴുക്കും കുറയ്ക്കണം. അതിന് ചുവടെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്:
അധിക ജലത്തെ
അനുഗ്രഹമാക്കാം
1. മേൽക്കൂരകളിൽ നിന്നുള്ള മഴവെള്ളക്കൊയ്ത്ത് (Roof top rainwater harvesting): നഗരങ്ങളിൽ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ വീഴുന്ന മഴവെള്ളം ഭൂഗർഭ, ഉപരിതല ടാങ്കുകളിൽ ശേഖരിച്ച്, പുരയിടങ്ങളിൽ നിന്ന് റോഡിലേക്ക് ഒഴുകുന്ന മഴവെള്ളത്തെ ഒരു പരിധിവരെ നിയന്ത്രിക്കാം. അഞ്ചു സെന്റിൽ കൂടുതലുള്ള പ്ലോട്ടുകളിൽ (പ്രത്യേകിച്ച് കുന്നിൻ മുകളിലും ചെരിവുകളിലും) ഇത് വ്യാപകമായി ചെയ്യുകയാണെങ്കിൽ വലിയൊരു മാറ്റം താഴ്ന്ന പ്രദേശങ്ങളിൽ കൊണ്ടുവരാം.
2. മഴക്കുഴി, മഴവെള്ള ഗ്യാലറി, മഴക്കിണർ: ഉറച്ച മണ്ണുള്ള കുന്നിൻ മുകളിലും കുന്നിൻ ചെരിവുകളിലും സമതലങ്ങളിലും വിസ്താരമുള്ള പുരയിടങ്ങളിൽ മഴവെള്ളം താഴാൻ സാഹചര്യമൊരുക്കത്തക്ക വിധം ചരൽ നിറച്ച, രണ്ടു മീറ്റർ വീതിയും നീളവും ആഴവുമുള്ള കുഴികളെടുക്കാം. കഴിയുന്നത്ര ഒഴിഞ്ഞ പുരയിടങ്ങളിൽ താത്കാലികമായി മഴവെള്ളം ശേഖരിക്കാനുള്ള കോൺക്രീറ്റ് ഗ്യാലറികളും മഴവെള്ളം താഴാനുള്ള കിണറുകളും നിർമ്മിക്കുകയാണെങ്കിൽ പുരയിടങ്ങളിൽ വീഴുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം അവിടെത്തന്നെ താഴുകയും റോഡിലേക്കുള്ള ഒഴുക്ക് കുറയ്ക്കുകയും ചെയ്യാം.
3. മഴവെള്ളം താഴുന്ന മുറ്രങ്ങൾ: മണ്ണിനെ പൂർണമായി മൂടികൊണ്ടുള്ള തറയോടുകൾ പുരയിടങ്ങളിൽ പാകുന്നത്, മഴവെള്ളം താഴാതിരിക്കാനുള്ള മുഖ്യ കാരണമാണ്. കുന്നിൻ മുകളിലും ചെരിവുകളിലും ഉറച്ച മണ്ണുള്ള പ്രദേശങ്ങളിലും ഇന്റർലോക്ക് തറയോടുകളോ ഇടയ്ക്കിടയ്ക്ക് സുഷിരങ്ങളുള്ള തറയോടുകളോ മാത്രമേ പാകാവൂ എന്നൊരു നിയമം വരികയാണെങ്കിൽ പുരയിടങ്ങളിൽ കൂടുതൽ മഴവെള്ളം താഴാനുള്ള സാഹചര്യമുണ്ടാകും. താഴ്ന്ന പ്രദേശങ്ങളിലെ മിന്നൽ പ്രളയങ്ങൾ നിയന്ത്രണ വിധേയമാകുകയും ചെയ്യും.
4. നദികൾക്ക് ഒഴുകാൻ കൂടുതൽ ഇടങ്ങൾ: നഗരത്തിലെ നദികൾക്കും തോടുകൾക്കും ശ്വാസംമുട്ടുകയാണ്. കരിങ്കൽ ഭിത്തികൾകൊണ്ടും ബണ്ടുകൾകൊണ്ടും മിക്കയിടങ്ങളിലും നദികളെ അവയുടെ വെള്ളപ്പൊക്ക സമതലങ്ങളിലേക്കു കടക്കാൻ സമ്മതിക്കാതെ വരിഞ്ഞു കെട്ടിയിരിക്കുകയാണ്. നിലവിലെ ജലപാതകളെ അധികജലം വഹിക്കാൻ പ്രാപ്തമാക്കേണ്ടത് അത്യാവശ്യമാണ്. നഗരങ്ങളിലെ നിർമ്മിതികൾക്കിടയിലൂടെ പോകുന്ന നദികളിൽ ഇതു ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നത് വാസ്തവം.
പക്ഷേ, കഴിയാവുന്നത്ര ഇടങ്ങളിൽ നദികൾക്കും തോടുകൾക്കും അവ പോകുന്ന വഴികളിൽ പരക്കാനും വളഞ്ഞുപോകാനും അധികവെള്ളം ശേഖരിക്കാനുമുള്ള സംവിധാനങ്ങൾ ഉണ്ടാക്കുക തന്നെ വേണം. നദികളുടെ അടുത്തുള്ള മൈതാനങ്ങളിലും പാർക്കുകളിലും മറ്റു തുറസായ സ്ഥലങ്ങളിലും അധികജലം താത്കാലികമായി സംഭരിക്കാനുള്ള, കുളങ്ങൾ പോലത്തെ ഇടങ്ങളും ഭൂഗർഭ ഗ്യാലറികളും നിർമ്മിച്ചും, നദികളിലെ ചെളി വാരിയും, മാലിന്യക്കൂമ്പാരങ്ങൾ നീക്കിയും നദികൾക്ക് കൂടുതൽ വഴികൾ ഉണ്ടാക്കേണ്ടതാണ്.
മിന്നൽ പ്രളയങ്ങൾ പോലുള്ള പ്രകൃതി ദുരന്തങ്ങൾ വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങളും, ദുരിത ബാധിതർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുകയും, ആ മേഖലകളിൽ വേണ്ടിവരുന്ന പുനരധിവാസത്തിനും പുനർനിർമ്മാണ പ്രവൃത്തികൾക്കും വേണ്ടിവരുന്ന ചെലവും കണക്കുകൂട്ടിയാൽ, ഇതിലും എത്രയോ കുറവായിരിക്കും മുകളിൽ പറഞ്ഞ മുൻകരുതൽ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കേണ്ടി വരുന്ന തുക! ഇതെല്ലാം നഗര മേഖലകളിൽ വ്യാപകമായി ചെയ്താൽ മിന്നൽ പ്രളയങ്ങൾ നിയന്ത്രണത്തിലാവുകയും, അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയുകയും ചെയ്യും.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ജിയോളജി വകുപ്പ് മുൻ മേധാവിയും അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകൻ. മൊബൈൽ: 94470 43494)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |