ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയിലേക്ക് മണ്ഡലകാലത്ത് പ്രതിദിനം ദർശന പുണ്യത്തിനായി എത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. അതിനാൽ തന്നെ ശബരിമല സംബന്ധിച്ച കാര്യങ്ങളിൽ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്ന് സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്നതാണ്. ഹൈക്കോടതി നിയോഗിച്ച കമ്മിഷന്റെ മേൽനോട്ടവും ശബരിമലയിലെ ഏതു വികസന പ്രവർത്തനത്തിനുമുണ്ട്. അത്രമാത്രം ഗൗരവമേറിയതാണ് ശബരിമലയിലെ ഓരോ വിഷയങ്ങളും. അടുത്തിടെയായി ശബരിമലയിൽ ഉയർന്നുവന്ന വിഷയം അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കായിൽ കീടനാശിനിയുടെ അംശം ഉണ്ടെന്ന ആരോപണമായിരുന്നു. പരിശോധനയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ഈ അരവണ വിൽപ്പന വിലക്കുകയും ചെയ്തു. എന്നാൽ, സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമുള്ള പരിശോധനയിൽ കീടനാശിനിയുടെ അംശമില്ലെന്ന് തെളിഞ്ഞു. അപ്പോഴേക്കും വിൽപ്പന തടഞ്ഞ അരവണ പഴക്കം ചെന്ന് വീണ്ടും ഉപയോഗശൂന്യമായി മാറി. ഇത് സന്നിധാനത്ത് മാസങ്ങളായി സൂക്ഷിച്ചിരിക്കുകയാണ്.
നഷ്ടം ആറരക്കോടിയോളം
2023 ജനുവരിയിലാണ് ഏലയ്ക്കായിൽ കീടനാശിനിയുടെ അംശമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി ആറര ലക്ഷത്തിലേറെ ടിൻ അരവണയുടെ വിൽപ്പന തടഞ്ഞത്. ഇതേ തുടർന്ന് ഈ ഏലയ്ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ വിൽപ്പന നടത്താതെ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇതിൽ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും സുപ്രീംകോടതി കണ്ടെത്തിയപ്പോഴേക്കും അരവണ നിർമ്മിച്ചിട്ട് ഒരു വർഷത്തിലേറെ കഴിഞ്ഞിരുന്നു. ഇതോടെയാണ് പഴകിയ അരവണ വീണ്ടും വിൽക്കാൽ കഴിയാത്ത സാഹചര്യമുണ്ടായത്. ഈ ഇനത്തിൽ മാത്രം ആറരക്കോടിയിലധികം രൂപ നഷ്ടം ഉണ്ടായതായാണ് ദേവസ്വം ബോർഡിന്റെ പ്രാഥമിക കണക്കുകൂട്ടൽ. ഇത് കൂടാതെയാണ് പഴകിയ അരവണ നീക്കംചെയ്യാൻ വീണ്ടും കോടികൾ മുടക്കേണ്ടി വരുന്നത്. ആറര ലക്ഷത്തിലേറെ ടിൻ അരവണയാണ് മാളികപ്പുറത്തെ ഗോഡൗണിൽ കെട്ടിക്കിടക്കുന്നത്. ഇത് നീക്കം ചെയ്യാത്തത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഡപ്പകളിൽ സൂക്ഷിച്ചിരിക്കുന്ന അരവണ പുളിച്ച് പുറത്തേക്ക് പൊട്ടിയൊഴുകുന്ന സ്ഥിതിയാണിപ്പോൾ. ഇതിന്റെ മണം പിടിച്ച് വന്യജീവികൾ അടുക്കുന്നുണ്ടെന്നാണ് സന്നിധാനത്തെ ജീവനക്കാരും തീർത്ഥാടകരും പറയുന്നത്.
ടെൻഡറും നടപടികളും
അരവണ നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് പുതിയ ടെൻഡർ ക്ഷണിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചിരിക്കുകയാണ്. സർക്കാർ നിലപാടിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതു പുതിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരിക്കുകയാണ്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സർക്കാർ സഹായത്തോടെ അരവണ നിർമ്മാർജ്ജനം ചെയ്യാനാണ് നിർദ്ദേശിച്ചിരുന്നത്. ഇതനുസരിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി ദേവസ്വം ബോർഡ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ അഭിപ്രായം വ്യക്തമാക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
അരവണ നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് വിളിച്ച ടെൻഡറിൽ പങ്കെടുത്തത് ആറ് കമ്പനികളാണ്. മൂന്ന് കമ്പനികളുടെ ടെൻഡറുകളാണ് പരിഗണിച്ചത്. അരവണ വളമായി ഉപയോഗിക്കാമെന്നാണ് കമ്പനികൾ നൽകിയ നിർദ്ദേശം. അരവണ നീക്കം ചെയ്യുന്നതിന് കരാറിലെ കുറഞ്ഞ തുക ക്വാട്ട് ചെയ്തിരിക്കുന്നത് ഒന്നേകാൽ കോടിക്കടുത്താണ്. പഴകിയ അരവണ നീക്കം ചെയ്യുന്നതിന് ഇത്രയും വലിയ തുകയുടെ ടെൻഡർ ആവശ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പഴകിയ അരവണ സന്നിധാനത്തു നിന്ന് നീക്കാനുള്ള ആലോചനയും തീരുമാനവുമുണ്ടായിട്ട് ഒരു വർഷത്തിലേറെയായി. പഴക്കം കൊണ്ട് കേടായ അരവണ നീക്കാൻ ഇത്രയും കാലതാമസം ആശ്ചര്യപ്പെടുത്തുന്നതാണ്. ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് സർക്കാർ അനുമതി കൊടുക്കേണ്ട കാലതാമസമേയുള്ളൂ. എവിടെയാണ് തടസമെന്ന് ദേവസ്വം ബോർഡിന് അറിയില്ല. ശബരിമലയിൽ എന്തു നടത്താൻ തീരുമാനിച്ചാലും അമിതമായ ലാഭക്കണ്ണു വച്ചാണ് പലരും ടെൻഡറിൽ പങ്കെടുക്കുന്നത്. പണത്തിന് ഒട്ടും കുറവുണ്ടാവുകയില്ല എന്നതു കൊണ്ടാണ് വലിയ ലാഭക്കണ്ണോടെ ശബരിമലയെ ലക്ഷ്യമിടുന്നത്.
നടപടി
വേഗത്തിലാവണം
ശബരിമലയിൽ നവംബർ പകുതിയോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനങ്ങൾക്ക് തുടക്കമാകും. അതിനുമുൻപായി ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പഴകിയ അരവണ സന്നിധാനത്തു നിന്ന് നീക്കം ചെയ്യാതിരുന്നതിന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞ തീർത്ഥാടന കാലത്ത് വലിയ ചർച്ചയായിരുന്നു. വന്യമൃഗ സാന്നിദ്ധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേർന്നുള്ള ഗോഡൗണിലാണ് അരവണ സൂക്ഷിക്കുന്നത്. ഇത് ഇനിയും ഇവിടെ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. അടുത്ത തീർത്ഥാടന കാലത്തിനു മുൻപെങ്കിലും മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ തീർത്ഥാടകരുടെ സുരക്ഷയെയും ഇത് പ്രതികൂലമായി ബാധിക്കും. ദേവസ്വം ബോർഡ് നൽകിയ റിപ്പോർട്ടിൽ സർക്കാർ അനുകൂല തീരുമാനമെടുത്താൽ ഒരു മാസത്തിനുള്ളിൽ ശബരിമലയിൽ നിന്നും അരവണ പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയും.
പഴകിയ അരവണ നീക്കത്തിന് സർക്കാരിന്റെ തന്നെ ശുചിത്വ സേനയെ ഏൽപ്പിച്ചാൽ ടെൻഡറിൽ പറഞ്ഞ തുകയ്ക്ക് താഴെ മാത്രമേ ചെലവാകുകയുളളൂവെന്ന് ചൂണ്ടിക്കാട്ടുവന്നവരുണ്ട്. എന്നാൽ, അതിന്റെ സാദ്ധ്യതകൾ ബോർഡോ സർക്കാരോ ആലോചിച്ചതായി അറിവില്ല. ഏതായാലും പഴകിയ അരവണ നീക്കത്തിന് ഇനിയും കാലതാമസമുണ്ടായാൽ സന്നിധാനത്ത് അത് വലിയ മലിനീകരണ പ്രശ്നമായി മാറും. നവംബറിന് മുൻപ് സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ പഴകിയ അരവണ നീക്കം ഈ വർഷവും നടക്കില്ല. പഴകിയ അരവണ പൊട്ടിയൊലിച്ച് ദുർഗന്ധം പരക്കുന്നത് മലിനീകരണ പ്രശ്നമുണ്ടാക്കും. തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. വന്യജീവികൾ ഇവിടെ താവളമടിക്കുകയും തീർത്ഥാടകർക്ക് ശല്യമാവുകയും ചെയ്യും. ടെൻഡറിന്റെ കാര്യത്തിൽ ഈ മാസമെങ്കിലും നടപടിയുണ്ടാകണം. എങ്കിൽ മാത്രമേ തീർത്ഥാടനത്തിന് മുൻപ് അരവണ നീക്കം പൂർത്തിയാവുകയുള്ളൂ. നീട്ടിക്കൊണ്ടുപോയാൽ അടുത്ത തീർത്ഥാടന കാലത്ത് സർക്കാരിന് വലിയ പഴി കേൾക്കേണ്ടി വരും. പരാതി രഹിത തീർത്ഥാടനകാലം പൂർത്തിയാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |