കട്ടപ്പന: കല്യാണതണ്ടിൽ നീല വസന്തം തീർത്ത മേട്ടുകുറിഞ്ഞിയുടെ കാഴ്ച അവസാന ഘട്ടത്തിലേക്ക്. ഒന്നര മാസക്കാലത്തോളമായി മേഖലയിൽ പൂത്തു നിന്നിരുന്ന കുറിഞ്ഞികൾ കൊഴിഞ്ഞു തുടങ്ങി. എങ്കിലും കുറിഞ്ഞിയും അഞ്ചുരുളിയും ചേർന്നുള്ള അവസാന കാഴ്ച കാണാൻ ഇപ്പോഴും ആളുകൾ കല്യാണതണ്ട് മല കയറി എത്തുന്നുണ്ട്.
ജൂലായ് മദ്ധ്യത്തോടെയാണ് കട്ടപ്പന പട്ടണത്തിന്റെ ചുറ്റുമതിൽ പോലെ നിലകൊള്ളുന്ന കല്യാണത്തണ്ട് മലനിരകളിലാകെ നീല വസന്തം തീർത്ത് കുറിഞ്ഞി പൂത്തത്. ഇതോടെ കല്യാണത്തണ്ടിലേക്ക് കുറിഞ്ഞി വസന്തം തേടി വിവിധ മേഖലകളിൽ നിന്നാണ് ആളുകൾ എത്തിക്കൊണ്ടിരുന്നത്.
ഇടയ്ക്ക് കാലാവസ്ഥാ വില്ലനായി എത്തിയെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒന്നര മാസത്തോളമായി മേഖലയിൽ കാഴ്ച വിരുന്നൊരുക്കിയ കുറിഞ്ഞിപൂക്കളുടെ ആയുസ് അവസാനിച്ചു. പ്രതികൂലമായ കാലാവസ്ഥയും പലപ്പോഴും ചെടികൾക്ക് നാശം ഉണ്ടാക്കി. കല്യാണത്തണ്ട് മലനിരകളിൽ ഏതാനും ഇടങ്ങളിൽ മാത്രമാണ് ഇപ്പോൾ കുറിഞ്ഞിച്ചെടികൾ കാണാനാവുന്നത്.
ഓണത്തിന് മുന്നേ കുറിഞ്ഞിയുടെ വസന്തം മേഖലയിൽ അവസാനിക്കും എന്നാണ് കരുതുന്നത്. ജില്ലയിൽ മറ്റെങ്ങും കാണാത്തത്ര അനുഭൂതിയാണ് കല്യാണത്തണ്ടിൽ കുറിഞ്ഞിക്കാഴ്ചകൾ സമ്മാനിച്ചത്. കാഴ്ചകളുടെ അവസാനഘട്ടത്തിലും ആവുവോളം സൗന്ദര്യം തൂകി അവശേഷിക്കുന്ന കുറഞ്ഞി പൂക്കളും കാഴ്ചക്കാരെ സംതൃപ്തരാക്കുകയാണ്.
ഇനി ഏഴ് വർഷം കാക്കണം
മേട്ടുക്കുറിഞ്ഞി ഇനത്തിൽപ്പെട്ട കുറിഞ്ഞിച്ചെടികളാണ് ഇവിടെ പൂത്തത്. കല്യാണത്തണ്ടിന് പുറമേ ഉപ്പുതറ, പീരുമേട് തുടങ്ങിയ മേഖലകളിലും മേട്ടുകുറിഞ്ഞി പൂവിട്ടിരുന്നു. ഇതോടെ ഇടുക്കിയുടെ വിവിധ മേഖലകളിലെ കുന്നുകളിലേക്ക് ജില്ലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കാനും കഴിഞ്ഞിരുന്നു. കുറിഞ്ഞി വസന്തത്തിന്റെ അവസാനഘട്ടം എത്തിയെങ്കിലും ഇടുക്കി ജലാശയത്തിന്റെ കാഴ്ചയോടൊപ്പമുള്ള കുറിഞ്ഞി വസന്തം ഏറെ കൗതുകം തന്നെയാണ് സമ്മാനിക്കുന്നത്. ഈ വർഷത്തെ കുറിഞ്ഞി വസന്തം അവസാനിക്കുന്നതോടെ
കുറിഞ്ഞി ചെടികൾ ഒരുക്കുന്ന കാഴ്ചാ വിരുന്നിന് കല്യാണത്തണ്ട് ഇനി ഏഴുവർഷം കാത്തിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |