ഓണക്കാലത്ത് സർക്കാരിന്റെ വിപണി ഇടപെടലിനെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നെങ്കിലും സമയമായതോടെ പഴയതുപോലെ എല്ലാം ഉഷാറായത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമായി. സംസ്ഥാനത്തൊട്ടാകെ സപ്ളൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവയുടെ 5424 ഓണച്ചന്തകളാണ് തുറന്നിട്ടുള്ളത്. പൊതുവിപണിയെ അപേക്ഷിച്ച് സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കുമെന്നതാണ് ഓണച്ചന്തകളുടെ പ്രത്യേകത. പ്രധാനമായും ഓണം ലക്ഷ്യമിട്ടാണ് ഓണച്ചന്തകളുടെ പ്രവർത്തനം. ഓണം കഴിഞ്ഞാലും സപ്ളൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും സ്റ്റോറുകൾ സ്ഥിരാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവയാണ്. അടുത്ത കാലത്തായി സർക്കാരിൽ നിന്നുള്ള കുടിശികയും സാമ്പത്തിക സഹായവും ലഭിക്കുന്നതിലുണ്ടായ കാലതാമസം സപ്ളൈകോ സ്റ്റോറുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. അവശ്യസാധനങ്ങളൊന്നും അവിടങ്ങളിൽ കിട്ടാതായതോടെ വലിയ വിമർശനങ്ങളും നേരിടേണ്ടിവന്നു. ഓണനാളുകളിൽ പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് സർക്കാർ ഇടപെടൽ. ജനങ്ങളിൽ ഒരു വിഭാഗം മാത്രമേ ഓണച്ചന്തകളുടെ സേവനം പ്രയോജനപ്പെടുത്താറുള്ളുവെങ്കിലും അവ വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിൽ നിർണായക പങ്കാണു വഹിക്കുന്നത്. സപ്ളൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ വിപണി സാന്നിദ്ധ്യം നല്ലതോതിൽ വിലക്കയറ്റം പിടിച്ചുനിറുത്താറുണ്ട്. ഈ രംഗത്ത് കേരളത്തിന്റെ നേട്ടം അവഗണിക്കാൻ ആർക്കും ആവില്ല. പതിമൂന്നിനം അവശ്യസാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ സപ്ളൈകോ സ്റ്റോറുകളിൽ വിൽക്കുന്നത്. മറ്റിനം സാധനങ്ങൾക്കും പൊതുവിപണിയെ അപേക്ഷിച്ച് പത്തുശതമാനം മുതൽ മുപ്പതു ശതമാനം വരെ ഈ സ്റ്റോറുകളിൽ വിലക്കുറവുണ്ട്. കൺസ്യൂമർഫെഡ് വില്പനശാലകളിലും സബ്‌സിഡിയോടെയാണ് സാധനങ്ങൾ വിൽക്കുന്നത്. വിലയുടെ കാര്യത്തിൽ സപ്ളൈകോയുമായി ചില്ലറ വ്യത്യാസങ്ങളുണ്ടെന്നു മാത്രം.
ഓണക്കാലത്ത് ഭൂരിപക്ഷം ജനങ്ങളുടെയും പക്കൽ പലതരത്തിൽ പണം എത്തുന്നതിനാൽ വിലക്കയറ്റമൊന്നും സാധാരണ പ്രശ്നമാകാറില്ല. ഉത്സവകാലത്തെ ആഘോഷത്തിമിർപ്പിനു വേണ്ടി ചെലവിടുന്ന പണത്തെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നവരും കുറവായിരിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം കച്ചവടം പൊടിപൊടിക്കുന്നത് ഓണം നാളുകളിലാണ്. ഇതിലൂടെ സർക്കാരിന്റെ നികുതി വരുമാനവും ഉയരുന്നത് സ്വാഭാവികം. ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗം നികുതിയായി സർക്കാരിൽത്തന്നെ തിരിച്ചെത്തുന്നതിനാൽ സപ്ളൈകോ പോലുള്ള ഏജൻസികളെ സഹായിക്കുന്നതുകൊണ്ട് സർക്കാരിന് ദോഷമൊന്നും വരാനില്ല.
ഓണക്കാലത്തെ വിലക്കയറ്റം തടയുന്നതിൽ താത‌്പര്യമെടുക്കുന്ന സർക്കാർ വർഷം മുഴുവൻ വിപണി ഇടപെടൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനും ശ്രദ്ധിക്കേണ്ടതാണ്. സപ്ളൈകോ പോലുള്ള സ്ഥാപനങ്ങളുടെ സേവനം അഭംഗുരം ജനങ്ങൾക്ക് വേണ്ടതായിട്ടുണ്ട്. ഉത്സവനാളുകളിൽ നൽകുന്ന ആശ്വാസ നടപടികൾ വർഷത്തിൽ എല്ലാ ദിവസവും ലഭ്യമായാലേ പാവങ്ങൾക്കും കുറഞ്ഞ വരുമാനക്കാർക്കും പ്രയോജനമുണ്ടാവുകയുള്ളൂ. സപ്ളൈകോയെക്കുറിച്ച് സ്ഥിരമായി ഉയരുന്ന പരാതികളിൽ പ്രധാനം അവശ്യ സാധനങ്ങളുടെ ക്ഷാമമാണ്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വിൽക്കുന്നതുവഴി സ്ഥാപനത്തിനുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തിയാലേ അവയ്ക്കു നിലനില്പുണ്ടാവുകയുള്ളൂ. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ സർക്കാർ പലപ്പോഴും ഈ ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഓണത്തിന് മാത്രം അവശ്യസാധനങ്ങൾ നിറച്ചുവച്ചതു കൊണ്ടായില്ല. ഓണം കഴിഞ്ഞാലും യഥേഷ്ടം അവ ലഭ്യമാക്കണം. അതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.
പൊതു വിപണി ഇടപെടലിൽ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് മുന്നിലെന്ന് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദം പൂർണമാകണമെങ്കിൽ സപ്ളൈകോയുടെ പ്രവർത്തനം ഇപ്പോഴത്തെക്കാൾ വിപുലവും ശാശ്വതവുമാകേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |