മണിപ്പൂരിൽ വംശീയ കലാപം തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായി. കലാപം അടങ്ങുന്നില്ലെന്നു മാത്രമല്ല, വിദേശ ശക്തികളുടെ സഹായത്തോടെ പുതിയ മാനങ്ങൾ കൈവരിക്കുകയാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. തെല്ലൊന്ന് അടങ്ങി, സമാധാനം കൈവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കഴിഞ്ഞ അക്രമ പരമ്പരകളിൽ ആറു പേർ കൊല്ലപ്പെട്ടത്. ബിഷ്‌ണുപൂരിൽ റോക്കറ്റ് ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിനു പിന്നാലെയാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്. ജനക്കൂട്ടം മണിപ്പൂർ റൈഫിൾസിന്റെ ആസ്ഥാനത്തു നിന്ന് ആയുധങ്ങൾ കൊള്ളയടിക്കാൻ ശ്രമിക്കുകയും സുരക്ഷാസേന പരാജയപ്പെടുകയും ചെയ്ത സംഭവവും ഇതിനിടെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
കഴിഞ്ഞ ദിവസം ഇംഫാൽ ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങുകയും രാജ്‌ഭവനിലേക്ക് കല്ലെറിയുകയും ചെയ്തു. മാത്രമല്ല, തൗബാൽ കളക്ടറേറ്റിൽ ദേശീയ പതാക അഴിച്ചുമാറ്റി മെയ്‌തെയ് പതാക ഉയർത്തുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾക്കു പിന്നിൽ വംശീയ കലാപകാരികൾ മാത്രമാണെന്ന് കരുതാനാകില്ല. ബംഗ്ളാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പരോക്ഷ പിന്തുണ നൽകിയ ശക്തികൾ ഇവിടെയും നിശ്ശബ്ദ നീക്കങ്ങൾ നടത്തുന്നില്ല എന്നു കരുതാനാവില്ല. അതിനിടെ കാങ്‌പോക്‌പി അതിർത്തിയിൽ മെയ്‌തെയ് മേഖലയിലേക്ക് അബദ്ധത്തിൽ വാഹനമോടിച്ചു ചെന്ന കുക്കി വംശജനായ വിമുക്തഭടനെ അടിച്ചുകൊല്ലുകയും, മൃതദേഹത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസും കരസേനയും വിവിധ കേന്ദ്ര സേനകളും ചേർന്നുള്ള സംയുക്ത സേനയാണ് ക്രമസമാധാനം നിയന്ത്രിക്കുന്നത്. ലോക്കൽ പൊലീസിന്റെ സഹായമില്ലാതെ ഭൂപ്രകൃതിയുടെ പ്രത്യേകതകളാൽ സൈനിക വിഭാഗങ്ങൾക്ക് കടന്നുകയറാനും റെയ്‌ഡ് നടത്താനും മറ്റും പരിമിതികളുണ്ട്. ഈ സംയുക്ത സേനയുടെ നിയന്ത്രണം മുഖ്യമന്ത്രി ബിരേൻസിംഗിന് കൈമാറുക എന്നതാണ് വിദ്യാർത്ഥി പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്.
തീവ്ര കുക്കി സംഘടനകളെ മാവോയിസ്റ്റുകളെയെന്ന പോലെ കൈകാര്യം ചെയ്യാൻ അർദ്ധ സൈനിക വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകണമെന്നാണ് ഗവർണർ എൽ. ആചാര്യയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുള്ളത്.
കുക്കി വിഭാഗമാകട്ടെ സംസ്ഥാനത്ത് വംശഹത്യാ ഭീതിയിലാണ് കഴിയുന്നത്. ഏതു വിഭാഗത്തിൽപ്പെട്ടവരായാലും സമാധാനപരമായി കഴിയാൻ ആഗ്രഹിക്കുന്നവർക്ക് സംരക്ഷണം നൽകാൻ സൈനിക വിഭാഗങ്ങൾക്ക് കഴിയണം. അസം റൈഫിൾസിനെ പിൻവലിക്കാൻ നീക്കമുണ്ടെന്നും അതു പാടില്ലെന്നും ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ കുക്കി വനിതകളുടെ നേതൃത്വത്തിൽ റാലി നടക്കുകയും ചെയ്തു. ഇവരെ പിൻവലിച്ചാൽ വംശഹത്യ നടക്കുമെന്നാണ് കുക്കികളുടെ ആശങ്ക. കലാപം തുടങ്ങി ഇതുവരെ ഏതാണ്ട് 250 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ആയിരക്കണക്കിനു പേർക്ക് പരിക്കേറ്റു. നിരവധി ഭവനങ്ങൾ അഗ്നിക്കിരയായി.
കലാപം സംസ്ഥാനത്തെ അരനൂറ്റാണ്ട് പിറകോട്ടടിച്ചതായാണ് നിഷ്‌പക്ഷരായ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മെയ്‌തി വിഭാഗത്തോട് പ്രത്യേക പ്രതിബദ്ധത പുലർത്തുന്നതായി ആരോപണമുള്ള മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. കൂടുതൽ പ്രാധാന്യം നൽകി പ്രശ്നം തീർക്കാനുള്ള അടിയന്തര ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. ഇതിനേക്കാൾ രൂക്ഷമായ പഞ്ചാബ്, അസാം വിഷയങ്ങൾ പോലും ചർച്ചകളിലൂടെയും നടപടികളിലൂടെയും പരിഹരിച്ച ചരിത്രമാണ് ഭാരതത്തിനുള്ളത്. അത്തരം നീക്കങ്ങൾ ഉണ്ടാകാൻ ഇനിയും വൈകരുത്. പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി മുതലെടുപ്പു നടത്താൻ അകലെയൊന്നുമല്ല, അടുത്തുതന്നെ മറ്റുള്ളവർ കാത്തുനിൽപ്പുണ്ട് എന്നത് കേന്ദ്രത്തിന് അറിയാത്ത കാര്യവുമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |