................................
കോഴിക്കോട് അരയിടത്തുപാലത്തെ ഓഫീസിൽ നിന്ന് പതിവുപോലെ രാത്രി വീട്ടിലേക്ക് ഇറങ്ങിയതായിരുന്നു മാമി എന്ന മുഹമ്മദ് ആട്ടൂർ. ഒരു വർഷവും മൂന്നാഴ്ചയുമായി. അന്ന് അപ്രത്യക്ഷനായ മാമിയെ പിന്നെയാരും കണ്ടിട്ടില്ല. മാമിയെ കാണാതായതിനു പിന്നിൽ എ.ഡി.ജി.പി അജിത്‌കുമാറിന്റെ പങ്ക് പി.വി. അൻവർ എം.എൽ.എ സംശയിക്കുന്നത് എന്തുകൊണ്ട്? മാമി എവിടെ?
...................................
തിരിച്ചെത്താവുന്ന ദൂരത്തിലോണോ ഇക്ക? പലരും പലതും പറയുന്നു. പോയിട്ട് ഇന്നേക്ക് ഒരു വർഷവും 21 ദിവസവുമായി. ഓരോ ദിവസവും അത്താഴമൊരുക്കി കാത്തിരിക്കുമ്പോൾ ഇന്നെത്തും, നാളെയെത്തും എന്നാണ് പ്രതീക്ഷ. പക്ഷേ, പ്രതീക്ഷയ്ക്കു വകനൽകുന്ന ഒന്നും കേൾക്കാനില്ലല്ലോ...- മാമി എന്ന് ബന്ധുക്കളും നാട്ടുകാരും വിളിക്കുന്ന മുഹമ്മദ് ആട്ടൂരിന്റെ ഭാര്യ റുഖ്‌സാനയുടേതാണ് ഈ വാക്കുകൾ. കുടുംബത്തിന്റെ ഏക ആശ്രയമായ ഭർത്താവിനെ കാണാത്തതിലുള്ള ആധി ആ കണ്ണുകളിൽ നിറയുന്നു.
'ഇടയ്ക്ക് ഒന്നും രണ്ടും ദിവസം ബിസിനസ് ആവശ്യങ്ങൾക്കൊക്കെ പുറത്തുപോകാറുണ്ട്. പക്ഷേ, അപ്പോഴെല്ലാം ഒരു ഫോൺകാളിന്റെ അങ്ങേത്തലയ്ക്കൽ ഇക്കയുണ്ടാകും. വൈകുമെങ്കിൽ വിളിച്ചു പറയും. വരുന്നില്ലെങ്കിൽ അത് നേരത്തേ തീർത്തുപറയും. ഇതിപ്പോ.... എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? ആരാണ് ഇക്കയെ ഒളിപ്പിച്ചുവച്ചിരിക്കുന്നത്?" റുഖ്‌സാനയുടെ സങ്കടത്തിന് വ്യക്തമായൊരു മറുപടി എവിടെ നിന്നുമില്ല. ഇനി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മാത്രമാണ് പ്രതീക്ഷ.
ആ രാത്രി എന്തു
സംഭവിച്ചു?
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യാപാരിയുമായിരുന്ന മാമി എന്ന ബാലുശേരി എരമംഗലം സ്വദേശി മുഹമ്മദ് ആട്ടൂരിനെ 2023 ആഗസ്റ്റ് 21- നാണ് കാണാതാകുന്നത്. രാത്രി ഏഴുമണിയോടെ കോഴിക്കോട് അരയിടത്തുപാലത്തെ ഓഫീസിൽ നിന്നിറങ്ങിയ ശേഷം മാമിയെ ആരും കണ്ടിട്ടില്ല. 22-ന് തലക്കുളത്തൂരിൽ ഫോൺ ഓണാവുകയും ചില സുഹൃത്തുക്കളെ വിളിക്കുകയും ചെയ്തതായി വിവരമുണ്ട്. പിന്നീട് ഫോൺ ഓഫായി. ഉടൻ തന്നെ നടക്കാവ് പൊലീസിൽ കുടുംബം പരാതിയും നൽകി.
സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന രാജ്പാൽ മീണയുടെ നേതൃത്വത്തിൽ നടക്കാവ് ഇൻസ്‌പെക്ടർ ജിജേഷാണ് ആദ്യം കേസന്വേഷിച്ചത്. രണ്ടുമാസം ആ അന്വേഷണം നടന്നു. ഫലമുണ്ടായില്ല. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ആക്ഷേപം ഉന്നയിക്കുകയും മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സി.ബി.ഐ അല്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റുഖ്‌സാനയും കുടുംബവും ആക്ഷൻ കമ്മിറ്റിയും ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. തുടക്കത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകൾ ഇല്ലാതെപോയതാണ് മാമിയുടെ തിരോധാനം ഇപ്പോഴും ദുരൂഹമായി തുടരാൻ കാരണമെന്ന് ആക്ഷൻകമ്മറ്റി വർക്കിംഗ് ചെയർമാൻ എ.കെ. ഹസ്സൻ പറയുന്നു.
അന്വേഷണം അട്ടിമറിക്കപ്പെട്ടതിനു പിന്നിൽ ഇപ്പോഴത്തെ വിവാദ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ പങ്ക് കുടുംബവും ആക്ഷൻ കമ്മിറ്റിയും സംശയിക്കുന്നുണ്ട്. ആ സംശയം ബലപ്പെടുത്തുന്നതാണ് പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത് ക്രൈംബ്രാഞ്ചോ, സി.ബി.ഐയോ വേണമെന്നാണ്. പക്ഷേ, സംഭവിച്ചത് അജിത്കുമാർ 12 അംഗങ്ങളെ ഉൾപ്പെടുത്തി മറ്റൊരു അന്വേഷണസംഘത്തെ വയ്ക്കുന്നതാണ്. കേസ് രജിസ്റ്റർ ചെയ്ത കോഴിക്കോട് സിറ്റിയിലെ ജില്ലാ പൊലിസ് മേധാവിയെ മാറ്റിനിറുത്തി മലപ്പുറം എസ്.പി എസ്. ശശിധരന് ചുമതലയും നൽകി. അടിമുടി ദുരൂഹത അന്നേ തങ്ങൾ ഉന്നയിച്ചതായി ഹസ്സൻ പറയുന്നു.
റിയൽ എസ്റ്റേറ്റ്
മാഫിയയോ?
ഏറിയാൽ പതിനഞ്ചുദിവസം കൊണ്ട് തുമ്പുണ്ടാക്കാവുന്ന കേസായിരുന്നു മാമിയുടെ തിരോധാനമെന്നാണ് കുടുംബത്തിന്റേയും ആക്ഷൻകമ്മറ്റിയുടേയും പക്ഷം. മാമി അപ്രത്യക്ഷമായതിനു പിന്നിൽ ഏതെങ്കിലും കണ്ണികളുണ്ടെങ്കിൽ അദ്ദേഹവുമായി ബിസനസ് ബന്ധമുള്ള റിയൽ എസ്റ്റേറ്റ് മാഫിയകളാണ്. കോടികൾ ആസ്തിയുള്ളവർ. എല്ലാവരും നാട്ടിൽത്തന്നെയുണ്ട്. ഇവരുടെ ഫോൺ ലൊക്കേഷൻ അന്വേഷിക്കുകയും ഇവരെ ചോദ്യംചെയ്യുകയും ചെയ്താൽ തുമ്പുണ്ടാകും. പക്ഷേ, മാമി ഒന്നിലേറെ വിവാഹം കഴിച്ചിട്ടുള്ള ആളായതുകൊണ്ട് അദ്ദേഹത്തിന്റെ സ്ത്രീബന്ധം കേന്ദ്രീകരിച്ചു മാത്രമായി അന്വേഷണം മുന്നോട്ടു പോയി. അത് തുമ്പില്ലാതെ നീണ്ടു.
കുടുംബം മുഖ്യമന്ത്രിയെ കണ്ട് നല്കിയ നിവേദനത്തിൽ, കേസ് ക്രൈംബ്രാഞ്ചിനു വിടാൻ അദ്ദേഹം കുറിപ്പെഴുതി വിട്ടു. പക്ഷേ, എ.ഡി.ജി.പി മറ്റൊരു അന്വേഷണ സംഘത്തെ നിയോഗിക്കുന്നതാണ് പിന്നെ കണ്ടത്. ഇതിനെതിരെ വീണ്ടും പ്രതിഷേധമുയരുകയും, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു, മാമി തിരോധാനവുമായി ബന്ധപ്പെട്ട് പി.വി. അൻവറിന്റെ വിവാദ വെളിപ്പെടുത്തൽ. ഇതേത്തുടർന്നാണ് അജിത്കുമാറിന്റെ പരിധിയിൽ നിന്ന് കേസ് ഇപ്പോൾ ക്രൈബ്രാഞ്ച് സ്‌പെഷ്യൽ ടീമിന്റെ കൈയിൽ എത്തിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി യു. പ്രേമനാണ് അന്വേഷണചുമതല. ഡിവൈ.എസ്.പി കഴിഞ്ഞ ദിവസം വീട്ടിലെത്തി തന്റെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും മകൾ അദീബ പറഞ്ഞു. 'ഉപ്പ എങ്ങും പോയിട്ടില്ല. കാണാമറയത്തുതന്നെയുണ്ട്. ആരൊക്കെയോ ചേർന്ന് തടവിൽ വച്ചിരിക്കുകയാണ്. എന്തിനാണ് കുറേ കുടുംബങ്ങളെ വഴിയാധാരമാക്കി ഒരു മനുഷ്യനെയിങ്ങനെ തടങ്കലിൽ വച്ചിരിക്കുന്നത്. എവിടെയെങ്കിലും സുഖമായിരിക്കുന്നെന്ന് ഒരു ഫോൺ കാളെങ്കിലും തന്നുകൂടേ?..." ഈ പൺകുട്ടിയുടെ പൊള്ളുന്ന ചോദ്യങ്ങൾക്ക് ആരാണ് മറുപടി നൽകുക?
വലിയ റിയൽ എസ്റ്റേറ്റ് സാമ്രാജ്യമാണ് മാമിയെന്ന മുഹമ്മദ് ആട്ടൂരിനു പിറകിലുള്ളത്. ശരിയായ അന്വേഷണം നടന്നാൽ വെളിച്ചത്തു വരിക, വലിയ താപ്പാനകളാവും. അതാകട്ടെ ഇളക്കിയിടുന്നത് പലരുടേയും വിലപ്പെട്ട കസേരകളും! രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരിക്കുന്ന കേസിൽ വൈകാതെ ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ടീം ഒരു തുമ്പുണ്ടാക്കുമെന്നാണ് ഇപ്പോൾ കുടുംബത്തിന്റേയും നാട്ടുകാരുടേയും വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |