ഇന്ത്യയിൽ 2013 വരെ കയറ്റുമതിയിൽ ഏറ്റവുമധികം വിദേശനാണ്യം നേടിത്തന്ന കാർഷികോത്പ്പന്നമായിരുന്നു കശുഅണ്ടി. ഈ കയറ്റുമതിയുടെ 95 ശതമാനവും കൊല്ലത്തുനിന്നായിരുന്നു. എന്നാൽ ഇന്ന് കൊല്ലത്തിന്റെ തനത് പാരമ്പര്യ വ്യവസായമായ കശുഅണ്ടി വ്യവസായത്തിന് എക്കാലത്തെയും വലിയ തിരിച്ചടി നേരിടുകയാണ്. കൊല്ലത്തുനിന്നുള്ള കയറ്റുമതിയുടെ കണക്ക് ഒരു ശതമാനം പോലും ഇല്ലാതായിരിക്കുന്നുവെന്നത് ആരെയും ദു:ഖിപ്പിക്കുന്നതാണ്. ലോകത്താദ്യമായി തോട്ടണ്ടി സംസ്ക്കരണവും കശുഅണ്ടി വ്യവസായവും പിന്നീട് കയറ്റുമതിയും ആരംഭിച്ച കൊല്ലത്തിന് ഇന്നതൊക്കെ ഗതകാല സ്മരണകൾ മാത്രമായി മാറുകയാണ്. മൂന്ന് ലക്ഷത്തിലധികം കുടുംബങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. ഒരുനാടിന്റെ സാമ്പത്തിക സ്ഥിതിയെപ്പോലും സ്വാധീനിച്ചിരുന്ന കശുഅണ്ടി വ്യവസായം നാട് നീങ്ങിയത് കൊല്ലത്തിന്റെ സാമ്പത്തിക തകർച്ചയുടെ നേർസാക്ഷ്യം കൂടിയാണ്. സർക്കാരുകളുടെ അവഗണനയും കെടുകാര്യസ്ഥതയും വ്യവസായത്തിൽ കാലാനുഗതമായി ഉണ്ടാകേണ്ട നവീകരണമോ ആധുനികവത്ക്കരണമോ ഉണ്ടാകാത്തതും ഒക്കെ ചേർന്നതാണ് ഈ തകർച്ചയുടെ കാരണങ്ങൾ. മറ്റു സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കശുഅണ്ടിയുടെ സാദ്ധ്യത തിരിച്ചറിഞ്ഞ് വ്യവസായത്തിലേക്കിറങ്ങിയപ്പോഴാണ് കശുഅണ്ടി വ്യവസായം പതുക്കെ കൊല്ലത്തു നിന്നു നാടു നീങ്ങി തുടങ്ങിയത്.
റെക്കാഡ് വിലയിൽ തോട്ടണ്ടി
ആഗോളവിപണിയിൽ തോട്ടണ്ടി വില മുമ്പെങ്ങും ഉണ്ടാകാത്തവിധം കുതിച്ചുയർന്നതോടെ കശുഅണ്ടി വ്യവസായം കടുത്ത ഭീഷണിയിലാണ്. കശുഅണ്ടി പരിപ്പിനും ഇതനുസരിച്ച് വില വർദ്ധിച്ചത് ഓണക്കാല വിപണിയിലും പ്രതിഫലിക്കും. പൊതുമേഖലയിലെ കശുഅണ്ടി ഫാക്ടറികളെയാണ് തോട്ടണ്ടി വിലവർദ്ധന കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുക. വ്യവസായത്തിനാവശ്യമായ തോട്ടണ്ടിയുടെ ആഭ്യന്തര ഉല്പാദനം തുച്ഛമായതിനാൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിൽ നിന്നുമാണ് തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നത്. ഒരുടൺ തോട്ടണ്ടിക്ക് 1050 യു.എസ് ഡോളറിനാണ് (88,182 രൂപ) പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷനും കാപ്പക്സിനും വേണ്ടി ഏറ്റവുമൊടുവിൽ വാങ്ങിയത്. എന്നാൽ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി വില ടണ്ണിന് 1800 മുതൽ 2000 യു.എസ് ഡോളർ വരെയായാണ് കുതിച്ചുയർന്നത്. ഇത്രയും കൂടിയ വിലയ്ക്ക് വാങ്ങി സംസ്ക്കരിച്ചാൽ വൻ നഷ്ടമാകും നേരിടുക. ഒക്ടോബർ വരെ സംസ്ക്കരിക്കാനുള്ള തോട്ടണ്ടി പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷൻ, കാപ്പക്സ് ഫാക്ടറികളിലുണ്ട്. തോട്ടണ്ടി വില കുറഞ്ഞില്ലെങ്കിൽ ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ അടച്ചിടേണ്ട സ്ഥിതിയിലേക്കെത്തും.
ഉല്പാദക രാജ്യങ്ങളിൽ സംസ്ക്കരണവും
ഉല്പാദക രാജ്യങ്ങളിൽ തന്നെ സംസ്കരണവും വ്യാപകമായതാണ് തോട്ടണ്ടി ഇറക്കുമതി വില കുത്തനെ ഉയരാൻ കാരണമായത്. കേരളത്തിലൊഴികെ മറ്റെല്ലായിടങ്ങളിലും തോട്ടണ്ടി സംസ്ക്കരണത്തിൽ ആധുനികവത്ക്കരിച്ചതോടെ നടപ്പാക്കിയതിനാൽ സംസ്ക്കരണചെലവും കുറവാണ്. എന്നാൽ കേരളത്തിൽ ഒരു ടൺ തോട്ടണ്ടി സംസ്ക്കരിക്കുന്നതിന് 3000 രൂപയിലേറെ ചെലവ് വരും. കൂടിയ വിലയ്ക്ക് തോട്ടണ്ടി വാങ്ങി ഈ നിരക്കിൽ സംസ്ക്കരിച്ചാൽ വ്യവസായത്തിൽ വൻ നഷ്ടത്തിലുമാകും. സംസ്ഥാനത്ത് മുമ്പ് സജീവമായിരുന്ന സ്വകാര്യ ഫാക്ടറികളെല്ലാം ഇക്കാരണത്താൽ വർഷങ്ങൾക്ക് മുമ്പേ അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. സ്വകാര്യമേഖലയിൽ കേരളത്തിൽ 800ലധികം ഫാക്ടറികൾ പ്രവർത്തിച്ചിരുന്നിടത്ത് ഇന്ന് കഷ്ടിച്ച് 50 ഓളം ഫാക്ടറികൾ മാത്രമാണുള്ളത്. കശുഅണ്ടി വ്യവസായം തകർച്ചയിലേക്ക് കൂപ്പുകുത്തിയതിന് ഇതും പ്രധാന കാരണമാണ്. ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളായ കശുഅണ്ടി വികസന കോർപ്പറേഷനു കീഴിലെ 30 ഓളം ഫാക്ടറികളിലായി 12,000 ഓളം തൊഴിലാളികളും സഹകരണ സ്ഥാപനമായ കാപ്പക്സിനു കീഴിലെ 10 ഫാക്ടറികളിലായി 3000 ഓളം തൊഴിലാളികളുമാണുള്ളത്. ഇവർക്കെല്ലാം വർഷത്തിൽ പകുതി ദിവസം മാത്രമാണ് തൊഴിൽ ലഭിക്കുന്നത്. കശുഅണ്ടി മേഖലയിലെ ഓരോ സ്പന്ദനവും വ്യവസായത്തിൽ മാത്രമല്ല, കൊല്ലത്തിന്റെയും അതുവഴി സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സ്പന്ദനം കൂടിയാണ്. വ്യവസായത്തിലെ ഉയർച്ച താഴ്ചകൾ ഇടത്- വലത് മുന്നണികൾക്ക് തിരഞ്ഞെടുപ്പുകളിൽ പ്രചരണായുധവുമാണ്. ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും അടഞ്ഞു കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം നൽകിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതോടെ ഇടതുമുന്നണി കൊല്ലം ജില്ലയിലെ 11 അസംബ്ളി മണ്ഡലങ്ങളും തൂത്തുവാരി. അധികാരത്തിലെത്തിയ ഇടതു മുന്നണി സർക്കാർ വാഗ്ദാനം പാലിയ്ക്കുമെന്ന പ്രതീതി സൃഷ്ടിച്ച് 2016 മേയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യു കോർപ്പറേഷന്റെയും കാപ്പക്സിന്റെയും ഫാക്ടറികൾ തുറന്നു. എന്നാൽ അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികൾ തുറക്കുമെന്ന വാഗ്ദാനം ഇനിയും നിറവേറ്റാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 2015 ലുണ്ടായിരുന്ന സാഹചര്യമല്ല കശുഅണ്ടി മേഖലയിൽ ഇന്ന് നിലനിൽക്കുന്നത്. മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികൾ ജോലിചെയ്തിരുന്ന മേഖലയിൽ ഇന്ന് കഷ്ടിച്ച് അരലക്ഷം പേർക്ക് പോലും തൊഴിലില്ല. വ്യവസായത്തിന്റെ നട്ടെല്ലായിരുന്ന സ്വകാര്യമേഖല ഏതാണ്ട് പൂർണമായും നിശ്ചലമാണെന്ന് പറയാം. സ്വകാര്യ മേഖലയെക്കൂടി കരകയറ്റാതെ വ്യവസായത്തിന് പിടിച്ചു നിൽക്കുക പ്രയാസമാണ്. കേരളത്തിൽ തൊഴിലാളികൾക്ക് കൂലിക്കൂടുതലാണെന്ന കാരണം പറഞ്ഞ് സ്വകാര്യ മുതലാളിമാരെല്ലാം തങ്ങളുടെ ഫാക്ടറികൾ വർഷങ്ങൾക്ക് മുമ്പേ തന്നെ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. അവിടെ സംസ്ക്കരണ ചെലവ് കുറവാണെന്നാണ് മുതലാളിമാർ പറയുന്നത്. ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിലും കശുഅണ്ടി സംസ്ക്കരണം ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണി സജീവം
കശുഅണ്ടി പരിപ്പിന്റെ ആഭ്യന്തര വിപണി സജീവമാണെങ്കിലും വിലക്കൂടുതൽ വില്പനയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കിലോഗ്രാമിന് 750 രൂപ വരെയുണ്ടായിരുന്ന പരിപ്പിന് ഇപ്പോൾ 1400 രൂപ വരെയാണ് വില. മൂല്യവർദ്ധിത ഉല്പന്നങ്ങൾക്ക് ഇതിലും വിലയേറും. പരിപ്പ് കയറ്റുമതിയിൽ ശ്രദ്ധകേന്ദ്രീകരിക്കാതെ ആഭ്യന്തരവിപണിയെ മാത്രം ലക്ഷ്യമിട്ടാണ് ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പാരമ്പര്യ രീതിയിൽ വറുത്തെടുക്കുന്ന കശുഅണ്ടിക്ക് രുചിയും ഗുണമേന്മയും കൂടുമെന്നതിനാൽ വിദേശവിപണിയിൽ കേരളത്തിലെ കശുഅണ്ടി പരിപ്പിന് വൻ ഡിമാന്റാണ്. വിദേശനാണ്യം ഇവിടേക്ക് എത്തണമെങ്കിൽ കയറ്റുമതിയിൽ വർദ്ധനവുണ്ടാകണം. എന്നിട്ടും വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ കോർപ്പറേഷൻ താത്പര്യം കാട്ടാത്തതിനു പിന്നിൽ കമ്മിഷൻ ഇടപെടലും ആരോപിക്കപ്പെടുന്നുണ്ട്. കോർപ്പറേഷൻ ഫാക്ടറികളിൽ സംസ്ക്കരിക്കുന്ന പരിപ്പ് മുതലാളിമാർക്ക് മറിച്ചുവിൽക്കുമ്പോൾ ലഭിക്കുന്നതാണ് ഈ കമ്മിഷൻ. ആഭ്യന്തരവിപണിയിലെ പരിപ്പ് കച്ചവടവും കോർപ്പറേഷന് നഷ്ടക്കച്ചവടമാണ്. ഉല്പന്നത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിലും കോർപ്പറേഷൻ കാര്യക്ഷമത കാട്ടുന്നില്ലെന്ന ആരോപണവും ശക്തമാണ്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കോർപ്പറേഷന് ഇടയ്ക്കിടെ സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നതിനാൽ മാത്രമാണ് സ്ഥാപനം വെള്ളാനയായി നിലനിൽക്കുന്നത് തന്നെ. മുൻകാലങ്ങളിലെല്ലാം തോട്ടണ്ടി വാങ്ങുന്ന ഇടപാടുകൾ കോടികളുടെ അഴിമതി ആരോപണത്തിലാണ് കലാശിക്കുന്നത്. തോട്ടണ്ടി ഇടപാടിൽ കോടികളുടെ നഷ്ടം നേരിട്ടത് സംബന്ധിച്ച് സി.ബി.ഐ കേസും നിലവിലുണ്ട്.
ആധുനികവത്ക്കരണമില്ല
യന്ത്രവത്ക്കരണം അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി വ്യവസായത്തെ നവീകരിക്കാൻ മാറിവരുന്ന സർക്കാരുകൾ ശ്രമിക്കാത്തതാണ് നിന്ന് കശുഅണ്ടി വ്യവസായത്തിന്റെ തകർച്ചക്ക് മുഖ്യകാരണമായത്. ആധുനികവത്ക്കരണത്തെക്കുറിച്ച് പഠനം നടത്താൻ വിവിധ കമ്മിറ്റികളെ നിയോഗിച്ചെങ്കിലും ഒരു റിപ്പോർട്ടും ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. തൊഴിലാളികളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന തൊഴിലാളി യൂണിയനുകളും വിവധ രാഷ്ട്രീയ കക്ഷികളുമാണ് യന്ത്രവത്ക്കരണം നടപ്പാക്കുന്നതിനെ ശക്തമായി എതിർത്തുകൊണ്ടിരിക്കുന്നത്. പാരമ്പര്യ വ്യവസായങ്ങളായ കൈത്തറി, കയർ എന്നിവയ്ക്ക് പിന്നാലെ കശുഅണ്ടി വ്യവസായയും ഓർമ്മയിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |