കൈയൊന്നുയർത്തിയാൽ ആകാശത്തെ തൊട്ടപോലെ തോന്നും. നെറുകയിൽ നിന്ന് നോക്കിയാൽ ജില്ലയിലെ ഭൂരിഭാഗം ഡാമുകളും ഹൈറേഞ്ചിന്റെ പ്രകൃതിഭംഗിയും കൺനിറയെ കാണാം. സമുദ്രനിരപ്പിൽനിന്ന് 7200 അടി ഉയരത്തിലുള്ള ബൈസൺവാലി ചൊക്രമുടിയിലെ കാഴ്ചകളും അനുഭൂതികളുമാണ് ഇത്. ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയ മലനിരകളിലൊന്നാണ് ചൊക്രമുടി. തെരുവപ്പുല്ലുകളും അനേക ഔഷധസസ്യങ്ങളും നീലക്കുറിഞ്ഞിയുടെ ഭംഗിയും കണ്ടാസ്വദിക്കാൻ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഇപ്പോൾ മഴ ഇത്തിരിയൊന്ന് കനത്തു പെയ്താൽ മുട്ടുകാട്ടിലും ബൈസൺവാലിയിലും ആളുകളുടെ ഉറക്കം നഷ്ടപ്പെടും. അശാസ്ത്രീയമായി പണിത ഗ്യാപ്പ് റോഡിൽ നിന്നു ഏതു സമയവും മലയിടിഞ്ഞ് താഴ്‌വാരങ്ങളായ ബൈസൺവാലിയിലും മുട്ടുകാട്ടിലും പതിക്കാമെന്നതാണ് കാരണം. മഴ പെയ്താൽ ഉടൻ ഗ്യാപ്പ് റോഡിലെ ഗതാഗതം നിരോധിക്കും. അങ്ങനെയിരിക്കയാണ് മുട്ടുകാട്, ബൈസൺവാലി നിവാസികളുടെ ഉറക്കം വീണ്ടും കെടുത്തികൊണ്ട് ചൊക്രമുടി മലനിരകളിൽ അനധികൃത നിർമാണം പ്രവർത്തനങ്ങൾ നടക്കുന്നത്. അതും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ. അതീവ പരിസ്ഥിതി ദുർബലപ്രദേശവും ദുരന്തനിവാരണ നിയമപ്രകാരം റെഡ്‌സോൺ കാറ്റഗറിയിൽപ്പെടുന്ന പ്രദേശവുമാണിത്. ചൊക്രമുടിയുടെ താഴ്‌വാരത്തെ, മുന്നൂറോളം ആദിവാസി കുടുംബങ്ങളടക്കം രണ്ടായിരത്തിലധികം പേർ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് പച്ചപ്പുൽ പ്രദേശമായിരുന്ന ഇവിടെ കളനാശിനി തളിച്ച് തെളിച്ചതിനെക്കുറിച്ച് വാർത്ത നൽകിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏഴായിരത്തിലധികം അടി ഉയരത്തിലാണ് ചൊക്രമുടി. ഇവിടെ അനധികൃതമായി റോഡ് നിർമ്മിച്ചു. റോഡിന്റെ ഇരുവശവും പ്ലോട്ടുകൾ തിരിച്ച് വിൽക്കുകയുമാണ്. കേരളത്തിൽ മറ്റൊരിടത്തും വീടില്ലാത്തവർക്ക് 1614 സ്‌ക്വയർ അടി വരെയുള്ള വീടിന് ഇവിടെ അനുമതി നൽകുന്നു. പക്ഷേ, ഇവിടെ ഇപ്പോൾ അടിമാലി സ്വദേശിക്ക് വീട് നിർമ്മിക്കാൻ ദേവികുളം തഹസീൽദാർ അനുമതി നൽകിയിരുന്നു. ഈ അനുമതി നൽകിയ അതേ ദിവസം തന്നെ ഇയാളുടെ ഭാര്യയ്ക്ക് മറ്റൊരു വീട് ഇവിടെ നിർമ്മിക്കുന്നതിനും എൻ.ഒ.സി നൽകി. ഇവർക്ക് അടിമാലിയിൽ സ്വന്തമായി വീടുണ്ട്. ഇതുതന്നെ, ഇവിടത്തെ ക്രമക്കേടിൽ റവന്യൂ ഉദ്യോഗസ്ഥർക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു. പത്തു മാസമായി ഇവിടെ നിർമാണം നടക്കുന്നു. ചൊക്രമുടിക്കുടിയിലെ ആദിവാസികൾ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകൾ തടസ്സപ്പെടുത്തിയും നിർമാണം നടന്നു. കുടിയേറ്റകാലം മുതൽ തരിശായി കിടന്നിരുന്ന ഈ ഭൂമിയുടെ പട്ടയം സംബന്ധിച്ച് ദുരൂഹതകളേറെയാണ്. നിർമ്മാണം നടക്കുന്ന ഈ സ്ഥലം നേരത്തെ റവന്യൂ ഭൂമിയായിരുന്നോ എന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, റവന്യൂ വകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പഞ്ചായത്തിന് നിർമ്മാണത്തിനെതിരെ തടസവാദങ്ങൾ ഉന്നയിക്കാനാകില്ലെന്ന് ബൈസൺവാലി പഞ്ചായത്ത് അധികൃതർ പറഞ്ഞു. വിവാദ കൈയേറ്റം നടന്ന ചൊക്രമുടി ഉൾപ്പെട്ട ബൈസൺവാലി വില്ലേജ് ഉടുമ്പൻചോല താലൂക്കിൽ നിന്ന് ദേവികുളത്തേക്ക് മാറ്റണമെന്നത് പതിറ്റാണ്ട് പഴക്കമുള്ള ആവശ്യമായിരുന്നു. കേട്ടഭാവം നടിക്കാത്ത അധികൃതർ ആറു മാസം മുമ്പ് അപ്രതീക്ഷിതമായി വില്ലേജിനെ ദേവികുളത്തേക്ക് മാറ്റി. പെട്ടെന്നുണ്ടായ ഈ ശുഷ്‌കാന്തി ചൊക്രമുടിയിൽ ഭൂമി കൈയേറിയവരെ സഹായിക്കുന്നതിനുള്ള ഭൂമാഫിയ ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ബൈസൺവാലി വില്ലേജിനെ ദേവികുളം താലൂക്കിൽ ഉൾപ്പെടുത്തിയതിന് ശേഷമാണ് ചൊക്രമുടിയിലെ കൈയേറ്റവും നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നു.
മന്ത്രിക്കെതിരെയും ആരോപണം
ചൊക്രമുടി കൈയേറ്റ ഭൂമിയിൽ വ്യാജരേഖ ചമയ്ക്കാൻ റവന്യൂ മന്ത്രിയും സി.പി.ഐ ജില്ലാ സെക്രട്ടറിയും കൂട്ട് നിന്നെന്നുമുള്ള ആരോപണവും ഉയർന്നിരുന്നു. സി.പി.ഐ ബൈസൺവാലി മുൻ ലോക്കൽ സെക്രട്ടറി എം.ആർ. രാമകൃഷ്ണനാണ് ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. അടിമാലി സ്വദേശി സിബിയ്ക്കാണ് വ്യാജരേഖ ചമയ്ക്കാൻ റവന്യൂ വകുപ്പിന്റെ ഒത്താശ ലഭിച്ചത്. അനധികൃത നിർമാണം നടത്തി കിട്ടുന്ന ലാഭവിഹിതത്തിൽ മന്ത്രിക്കും സി.പി.ഐ ജില്ലാ സെക്രട്ടറിക്കും ലഭിക്കുമെന്ന് സിബി പറഞ്ഞിരുവെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. സിബിയ്ക്ക് 12 ഏക്കർ കൈവശഭൂമി കൈമാറ്റം ചെയ്തത് രാമകൃഷ്ണനാണ്. സിബി റെഡ്സോണിൽ പെടുന്ന സ്ഥലത്ത് വ്യാപകമായി നിയമലംഘനം നടത്തി കുന്നിടിച്ച് നിരത്തുകയും മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്തിരുന്നുവെന്നും സംഭവത്തിൽ ദേവികുളം മജിസ്‌ട്രേറ്റ് കോടതിയിൽ വഞ്ചനാ കുറ്റത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. തുടർന്ന് കഴിഞ്ഞദിവസം ചൊക്രമുടിയിലെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നു. കൈയേറ്റക്കാരന് പട്ടയം ഉൾപ്പെടെയുള്ള രേഖകൾ നിർമ്മിക്കാൻ റവന്യൂ മന്ത്രിയും സി.പി.ഐ ജില്ലാ നേതൃത്വവും സഹായിച്ചെന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലും ഗൗരവമായി അന്വേഷിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ബൈസൺവാലിയിലെ പ്രതിഷേധ യോഗത്തിലും അദ്ദേഹം സംസാരിച്ചിരുന്നു.
വിവാദത്തിനൊടുവിൽ അന്വേഷണം
സംഭവം കൈവിട്ടുപോവുകയും പ്രതിപക്ഷ സംഘടനകളും സി.പി.എം അടക്കമുള്ള പാർട്ടികൾ കൈയേറ്റത്തിനെതിരെ രംഗത്തെത്തുകയും ചെയ്തതോടെ വിഷയം അന്വേഷിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കൈയേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ജില്ലാ കളക്ടറോട് ഉത്തരവിട്ടു. എന്നാൽ, ഇവിടെ അനധികൃതമായി ഒന്നും നടന്നിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. സംഭവം വിവാദമായപ്പോൾ റവന്യൂമന്ത്രി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു. റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കൈയേറ്റക്കാരെ ഈ സർക്കാർ സംരക്ഷിക്കില്ല. ഭൂമി കൈയേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഭൂമി തിരിച്ച് പിടിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശമുണ്ട്. കൈയേറ്റക്കാരോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ച് പോരുന്നത്. അതിന് ഒരിക്കലും മാറ്റമുണ്ടാകില്ലെന്നുമാണ് മന്ത്രിയുടെ ഉറപ്പ്. മന്ത്രിയുടെ വാക്ക് വിശ്വസിച്ച് നിഷ്പക്ഷമായ അന്വേഷണത്തിന് കാത്തിരിക്കുകയാണ് ചൊക്രമുടി താഴ്‌വാരത്തെ ആദിവാസികളും പരിസ്ഥിതി സ്നേഹികളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |