സംസ്ഥാന രാഷ്ട്രീയത്തിലെ ഗൗരവമേറിയ ചർച്ചകളിലൊന്നാണ് പ്രമുഖരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതു ബന്ധപ്പെട്ട വിഷയം. പ്രമുഖരുടെയെന്നല്ല ആരുടെയും ടെലിഫോൺ കാളുകൾ ചോർത്തുന്നത് കുറ്റകരമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഫോൺ ടാപ്പിംഗ് വ്യക്തിയുടെ സ്വകാര്യതാ ലംഘനവും, അതുകൊണ്ടുതന്നെ ശിക്ഷാർഹവുമാണ്. ആർക്കെല്ലാം, ഏതെല്ലാം സാഹചര്യത്തിലാണ് ഫോൺ ടാപ്പിംഗിന് അനുമതിയുള്ളത്? നിയമവിരുദ്ധമായി ഫോൺ ടാപ്പിംഗ് നടത്തിയാലുള്ള ശിക്ഷ എന്താണ്? 1885-ലെ ടെലഗ്രാഫിക് ആക്ടിനു പകരം ടെലികമ്മ്യൂണിക്കേഷൻ ബിൽ ലോക്‌സഭ പാസാക്കിയത് 2023 ഡിസംബർ 20-നാണ്. പിറ്റേന്നുതന്നെ രാജ്യസഭയും അത് പാസാക്കി. ടെലികോം മേഖലയ്ക്കു തന്നെ സമഗ്രമായ ഒരു ചട്ടക്കൂടാണ് ഈ ബിൽ എന്നു പറയാതെ വയ്യ.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയോ, ബന്ധപ്പെട്ട സംസ്ഥാന സർക്കാരിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെയോ രേഖാമൂലമായ ഉത്തരവില്ലാതെ ടെലിഫോണുകൾ ടാപ്പ് ചെയ്യുന്നത് കുറ്റകരമാണ്. അംഗീകൃത ഏജൻസികൾക്കും രണ്ടു മാസത്തേക്കു മാത്രമാണ് അനുമതി. പുതുക്കിയില്ലെങ്കിൽ ആ അധികാരം ഇല്ലാതാവുകയും ചെയ്യും,
പ്രത്യേക ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഒരാളുടെ ഫോൺ സംഭാഷണം നിയമവിരുദ്ധമായി, രഹസ്യമായി കേൾക്കുന്നതിനെയാണ് ഫോൺ ടാപ്പിംഗ് എന്നു പറയുന്നത്. ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് സംഭാഷണം വയർ ടാപ്പ് ചെയ്യും. വയറിൽ ടാപ്പ് ചെയ്യുന്നതിലൂടെ ഏജന്റുമാർക്ക് വ്യത്യസ്ത ടെലിഫോണുകളിൽ രണ്ട് വ്യക്തികൾ തമ്മിൽ നടത്തുന്ന സംഭാഷണം നിരീക്ഷിക്കാൻ കഴിയുന്നു.
ടെലി കമ്മ്യൂണിക്കേഷൻ ആക്ട്- 2023 സെക്ഷൻ 22 (2) അനുസരിച്ച്, ഏതെങ്കിലും പൊതു അടിയന്തര സാഹചര്യമുണ്ടായാലോ, പൊതു സുരക്ഷയെ മുൻനിറുത്തിയോ ടെലിഫോൺ സംഭാഷണങ്ങൾ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നു ബോദ്ധ്യപ്പെട്ടാൽ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ അല്ലെങ്കിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രത്യേകം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ ഫോൺ ടാപ്പിംഗിന് അധികാരമുണ്ട്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പ്രതിരോധവും സുരക്ഷയും, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം ഇവയെ ഹനിക്കുന്ന വിധത്തിൽ ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിനായി ഫോൺ ടാപ്പ് ചെയ്യാവുന്നതാണ്.
അനുമതിയില്ലാതെ ഫോൺ ടാപ്പ് ചെയ്യുന്ന ഒരാൾക്ക് ടെലി കമ്യൂണിക്കേഷൻ ആക്ടിലെ സെക്ഷൻ 42 (2) ബി പ്രകാരം മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കും. രണ്ടു കോടി രൂപ വരെ ചുമത്താവുന്ന പിഴ, അല്ലെങ്കിൽ രണ്ടും തടവും പിഴയും കൂടിയോ ആണ് ശിക്ഷ. ഒരു മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റിനോ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിനോ ആണ് കുറ്റക്കാരനെ വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരം.
1997-ലെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ, നിയമപരമായ നടപടികളോ ശരിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഫോൺ ചോർത്തുന്നത് വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതായി സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അതേസമയം ഭാരതീയ സാക്ഷി അഥിനിയം- 2023 സെക്ഷൻ 21 പ്രകാരം, താൻ ഫോൺ ടാപ്പിംഗ് നടത്തിയെന്ന് ഏതെങ്കിലും സാഹചര്യത്തിൽ ഒരാൾ നേരത്തേ സമ്മതിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പിന്നീട് കോടതിക്കു മുന്നിൽ തെളിയിക്കേണ്ട കാര്യമില്ല. അയാൾ നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്ക് വിധേയനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |