കടലാസ് കെട്ടുകളും മാറാലയും മാലിന്യവും നിറഞ്ഞ് പതിറ്റാണ്ടുകളായി പൊട്ടിപ്പൊളിയുന്ന കെട്ടിടം, എല്ലാ മഴക്കാലത്തും ആഴം കൂടുന്ന കുഴികൾ, ഫയൽ നിറഞ്ഞ മേശകളും ചോർച്ച പടരുന്ന ഭിത്തികളും വീഴാറായ കോൺക്രീറ്റ് മേൽക്കൂരയും, തിങ്ങി ഞെരുങ്ങി നിൽക്കുന്ന യാത്രക്കാർ, നിറുത്തിയിടാനും തിരികെപോകാനും നട്ടം തിരിയുന്ന ബസ് ഡ്രെെവർമാർ ഇതൊക്കെയാണ് തൃശൂർ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻഡിലെ ഓണക്കാലത്തെ കാഴ്ചകൾ. ഓണമെത്തിയിട്ടും തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് ശാപമോക്ഷമില്ലെന്നാണ് ഈ കാഴ്ചകൾ വെളിവാക്കുന്നത്. ഉത്സവകാലങ്ങളിൽ ബസുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും കൂടിയിട്ടും സ്റ്റാൻഡിന് യാതൊരു മാറ്റവുമില്ല.
സ്റ്റാൻഡിനെ അടിമുടി മാറ്റാൻ ലക്ഷ്യമിട്ടുളള മാസ്റ്റർ പ്ലാൻ സമർപ്പിച്ച് ഏഴ് വർഷം കഴിയുമ്പോഴും ആരും തിരിഞ്ഞുനോക്കാതെ വെള്ളക്കെട്ടിലും കുഴികളിലും നിരങ്ങി നീങ്ങുന്ന ബസുകളും യാത്രക്കാരുമായി തൃശൂർ ഇന്നും 'കട്ടപ്പുറത്താണ്.' സ്ഥലമേറ്റെടുപ്പും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തടസമാണെന്ന് ആവർത്തിക്കുമ്പോഴും പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ പോലും ഇതേവരെ അധികൃതർ തയ്യാറായിട്ടില്ല. നിരവധി ബസുകളും ആയിരക്കണക്കിന് യാത്രക്കാരും പ്രതിദിനമെത്തുന്ന സ്റ്റാൻഡിൽ സ്ഥലപരിമിതിയും ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളും യാത്രക്കാരുടെ സുരക്ഷയ്ക്കും വെല്ലുവിളിയാണ്. കനത്ത മഴയും ദുരിതം ഇരട്ടിയാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതികളാണ് ഇപ്പോഴും ഫയലിലുറങ്ങുന്നത്. തുടക്കത്തിൽ സർക്കാരിന്റെ വലിയ പിന്തുണയുമുണ്ടായിരുന്നു.
കൊവിഡ് വ്യാപനവും കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയുമായതോടെ പദ്ധതി മറന്ന മട്ടായി. കെ.എസ്.ആർ.ടി.സി എം.ഡിയും ഉയർന്ന ഉദ്യോഗസ്ഥരും പലവട്ടം സ്ഥലം സന്ദർശിച്ചു. സാമ്പത്തിക പ്രശ്‌നമോ സ്ഥലലഭ്യതയുടെ പ്രശ്‌നമോ ഒന്നും വികസനത്തെ ബാധിക്കില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പും നൽകിയെങ്കിലും, എല്ലാ ഉറപ്പും പാഴായി.
പ്രഖ്യാപനങ്ങൾ
പാഴ്‌വാക്ക്
റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരുന്നു ആദ്യഘട്ടത്തിൽ വികസനം ലക്ഷ്യമിട്ടത്. എം.എൽ.എ ഫണ്ടിൽ നിന്ന് പണം അനുവദിക്കാമെന്നും വ്യക്തമാക്കി. റെയിൽവേയുമായി നടത്തിയ ചർച്ചയിലും അനുകൂല നിലപാടായിരുന്നു. പക്ഷേ, തുടർച്ചയുണ്ടായില്ല. അന്യസംസ്ഥാന ബസുകൾ ശക്തൻ നഗറിൽ നിറുത്തിയിടാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. പണി തുടങ്ങിയാൽ ശക്തൻ കേന്ദ്രീകരിച്ച് താത്കാലിക സ്റ്റാൻഡും ലക്ഷ്യമിട്ടിരുന്നു. തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ബസുകളെത്താറുണ്ട്. സ്ഥലപരിമിതി കാരണം ചിലപ്പോൾ ബസുകൾക്ക് എത്താനാകുന്നുമില്ല. മൾട്ടി ആക്‌സിൽ വോൾവോ ബസുകൾ സ്റ്റാൻഡിനുള്ളിലെ തിരക്കിൽ കുരുങ്ങുക പതിവാണ്. രാത്രിയിലും പുലർച്ചെയുമാണ് തിരക്കേറെ. ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തുന്ന ബസുകൾ 1,200 ആണ്. ഡിപ്പോയിലെ ബസുകളുടെ എണ്ണം 61 ആണ്. യാത്രക്കാരുടെയും ബസുകളുടെയും എണ്ണത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പതിറ്റാണ്ടായി പിന്നിലാണ് സ്റ്റാൻഡ്. വടക്കൻ ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും ബസുകളെത്തുന്ന സംസ്ഥാനത്തെ തിരക്കേറിയ കെ.എസ്.ആർ.ടി സ്റ്റാൻഡുകളിൽ ഒന്നാണിത്.
പാളിയ പദ്ധതികൾ,
സൃഷ്ടിച്ചത് പ്രതിസന്ധികൾ
ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പ് സ്ഥാപിച്ചത് സ്ഥലമില്ലായ്മ പ്രതിസന്ധി കൂട്ടി, പമ്പിനായി തെക്കെ കവാടം അടച്ചതിനാൽ ബസുകൾക്ക് സ്റ്റാൻഡിലെത്താൻ തടസമായി. ഡിപ്പോയിലെ ബസുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം സ്റ്റേഷനിൽ ഇല്ല. പെട്രോൾ പമ്പിന് കരാർ പ്രകാരം നൽകിയത് 50 സെന്റ് സ്ഥലമാണ്. ഇത് മിക്കപ്പോഴും സമീപറോഡിലും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനിടയിൽ അധികവരുമാനം ലക്ഷ്യമിട്ട് ബസിൽ ഭക്ഷണശാലയും സ്ഥാപിച്ചു. ഇതെല്ലാം വരുമാനം കൂട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പലതും സ്ഥലംമുടക്കിയായി മാറി. സ്റ്റാൻഡിന്റെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി വരുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു. കുഴികൾ താത്കാലികമായി അടച്ച് യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെന്നാണ് ഡിപ്പോയുടെ അധികൃതരുടെ ആശ്വാസവാക്ക്.
പ്രധാന കെട്ടിടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോൺക്രീറ്റ് പാളികൾ പൊളിഞ്ഞു വീണത് മുൻപ് വാർത്തയായിരുന്നു. കോൺക്രീറ്റിന്റെ കമ്പികൾ പലയിടത്തും തെളിഞ്ഞുകാണാം. മഴ പെയ്താൽ കാത്തിരിപ്പുകേന്ദ്രത്തിലേക്ക് വെളളം കയറും. ചിലയിടങ്ങളിൽ ചോർച്ചയുമുണ്ട്.
മാസ്റ്റർ പ്ലാൻ പ്രഹസനം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ നവീകരണ പദ്ധതികൾ ഒന്നുപോലും നടന്നിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ അസൗകര്യങ്ങളിലേക്കും പ്രതിസന്ധികളിലേക്കുമാണ് സ്റ്റാൻഡ് കൂപ്പുകുത്തിയത്. അന്താരാഷ്ട്ര നിലവാരവും മാസ്റ്റർ പ്ലാനുമെല്ലാം ജനപ്രതിനിധികൾ മാറി മാറി ചർച്ച ചെയ്തത് മാത്രം മിച്ചം. സ്ഥപരിമിതിയെ പഴിച്ച് ചർച്ചകൾ തീർന്നു. ഒടുവിൽ സ്റ്റാൻഡ് നോക്കുകുത്തിയായി. എം.എൽ.എ. ഫണ്ടിൽനിന്ന് രണ്ടുകോടി രൂപയും അനുവദിച്ചതിനെക്കുറിച്ചും ഒന്നും കേൾക്കാനില്ല. സർക്കാർ ഓഫീസുകളെല്ലാം അതിവേഗം ആധുനികവത്കരിക്കുമ്പോൾ തൃശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പതിറ്റാണ്ടുകൾ പിന്നിലേക്ക് മടങ്ങുകയാണ്. ശൗചാലയങ്ങളുടെ കാര്യവും ശോചനീയമാണ്. ആവശ്യത്തിന് വെളളം പോലുമില്ലെന്ന് യാത്രക്കാർ പറയുന്നു. ദുർഗന്ധവും മാലിന്യവും കാത്തിരിപ്പു കേന്ദ്രത്തിൽ സീറ്റിനടിയിലെ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും യാത്രക്കാർക്ക് ഇടയിലൂടെ പായുന്ന തെരുവുനായ്ക്കളും എലികളുമെല്ലാം ഇവിടെ കാണാം.
ശൗചാലയങ്ങൾ പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായിക്കിടക്കുകയാണ്. പലപ്പോഴും വെള്ളവും ഉണ്ടാകില്ല. ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാൽ സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി മാഫിയകളുടേയും സാമൂഹിക വിരുദ്ധരുടെയും ശല്യവും രാത്രികാലങ്ങളിൽ രൂക്ഷമാണ്. രാത്രിയിൽ അന്യസംസ്ഥാനങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് തൃശൂരിൽ നിന്ന് പോകുന്നത്. പുലർച്ചെവരെ അന്യസംസ്ഥാനങ്ങളിലേക്കുളള വിദ്യാർത്ഥികളുടേയും ഉദ്യോഗാർത്ഥികളുടേയും ഒഴുക്കുണ്ടാകും. ഇവർക്കും വേണ്ടത്ര സുരക്ഷയുമില്ല, വിശ്രമിക്കാൻ സൗകര്യങ്ങളുളള ഇടങ്ങളുമില്ല. ഇതുപോലൊരു കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് തൃശൂരിൽ മാത്രമെന്ന് പറയുന്നവരാണേറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |