തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സാധാരണയുള്ളതിനു പുറമെ, സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയിൽ. ഓരോ പെർമിറ്റിനും വെവ്വേറെ നിറം നൽകും. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ അന്തിമ തീരുമാനമാകും.
സ്റ്റേറ്റ് പെർമിറ്റ് നൽകുന്നതിനെ എതിർത്ത സി.ഐ.ടി.യു സംസ്ഥാന നേതൃത്വം എതിർപ്പിൽ നിന്നു പിൻവാങ്ങിയിട്ടുണ്ട്. പെർമിറ്റ് അനുവദിക്കുന്നതിൽ അവർ മന്ത്രി ഗണേശ്‌കുമാറുമായി നടത്തിയ ചർച്ചയിൽ മുന്നോട്ടു വച്ച ആശയങ്ങൾ കൂടി പരിഗണിച്ചിരുന്നു.
സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി നികുതി വർദ്ധിപ്പിക്കരുതെന്നതായിരുന്നു കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷന്റെ (സി.ഐ.ടി.യു)ആവശ്യങ്ങളിലൊന്ന്. സ്റ്റേറ്റ് പെർമിറ്റ് ആവശ്യക്കാർക്ക് മാത്രം നൽകണം. സ്റ്റേറ്റ് പെർമിറ്റിന് താത്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട് ചേർന്നുള്ള ജില്ലയിൽ പൂർണമായി സഞ്ചരിക്കാൻ അനുമതി നൽകണം. നിലവിൽ അയൽ ജില്ലയിൽ 20 കിലോമീറ്റർ മാത്രമേ ഓടാൻ അനുമതിയുള്ളൂ. പെർമിറ്റ് ലഭിച്ച വാഹനങ്ങൾ മറ്റ് സ്റ്റാൻഡിൽനിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്ക് ചെയ്യുന്നതും തടയണം. സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ സിറ്റിയിൽ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതിന് അനുവദിക്കരുത്. അപകടത്തിന്റെ ഉത്തരവാദിത്തം ഡ്രൈവർക്ക് മാത്രമാണ് എന്ന എസ്.ടി.എ പുതിയ തീരുമാനം പിൻവലിക്കണം എന്നിവയായിരുന്നു മറ്റ് ആവശ്യങ്ങൾ
പെർമിറ്റിലെ മാറ്റം: നിലവിലെ ധാരണ
1 സ്റ്റേറ്റ് - സംസ്ഥാനത്തെവിടെയും സർവീസ് നടത്താം- കൂടുതൽ നികുതി നൽകണം
2 ഇന്റർ ഡിസ്ട്രിക്ട് - സമീപ ജില്ലകളിലേക്ക് സർവീസ് നടത്താം- നാമമാത്ര നികുതി വർദ്ധന പരിഗണനയിൽ
3 സിറ്റി - നഗരത്തിനുള്ളിൽ നിന്ന് ഓട്ടം സ്വീകരിക്കാം- നിലവിലെ നികുതി
4 സാധാരണ- നഗരത്തിനുള്ളിൽ നിന്ന് ഓട്ടമെടുക്കാൻ പാടില്ല- നിലവിലെ നികുതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |