SignIn
Kerala Kaumudi Online
Wednesday, 15 January 2025 5.09 PM IST

രണ്ടു ശശിമാർ; അൻവറിന്റെ കാത്തിരിപ്പും

Increase Font Size Decrease Font Size Print Page
g

മല പോലെ വന്നത് എലി പോലെ പോയതിൽ ഇടതു മുന്നണി ഘടകകക്ഷികളെ അറിയുന്നവർക്ക് അത്ഭുതമില്ല.

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി അജിത് കുമാറിനെ ഇനി ഒരു നിമിഷം ആ

കസേരയിൽ ഇരുത്തില്ലെന്നായിരുന്നു കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിനെത്തിയ സി.പി.ഐ, ആർ.ജെ.ഡി,

എൻ.സി.പി എന്നീ ഘടകകക്ഷി നേതാക്കളുടെ വീറും വാശിയും. സി.പി.എമ്മിന്റെ വാക്കുകൾക്ക് കേട്ട് 'റാൻ" മൂളുകയോ മൗനം സമ്മതമാക്കുകയോ ആണ് എൽ.ഡി.എഫ് യോഗങ്ങളിലെ പതിവു കാഴ്ചയെന്നായിരുന്നു ആക്ഷേപം.

ഇത്തവണ ആ കളി നടക്കില്ലെന്ന് ചിലരൊക്കെ കരുതി. കുറ്റം പറയരുതല്ലോ; എ.ഡി.ജി.പിയെ നീക്കണമെന്നും വിഷയം ചർച്ച ചെയ്യണമെന്നും മൂന്ന് കക്ഷികളുടെയും നേതാക്കൾ ആവശ്യപ്പെടാതിരുന്നില്ല. എ.ഡി.ജി.പിക്കെതിരെ നടക്കുന്ന അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്താമെന്നും, അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും ഉപദേശിച്ച് പിണറായി സഖാവ് അവരുടെ വായടപ്പിച്ചു. മറ്റ് ഘടകക്ഷികളാവട്ടെ വായ് തുറന്നതുമില്ല. എല്ലാം ആരംഭ ശൂരത്വത്തിൽ കലാശിച്ചു. തങ്ങളുടെ വീര്യം കെട്ടിട്ടില്ലെന്നും, തത്കാലത്തേക്ക് വഴങ്ങിക്കൊടുത്തതാണെന്നുമാണ് ഘടകകക്ഷി നേതാക്കൾ പുറത്തു പറഞ്ഞത്. ജീവിച്ചുപോകണ്ടേ?

 

'മുഖ്യമന്ത്രി സ്വന്തം വീട്ടിൽ നിന്നു വന്നതല്ല,​ പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയത്." മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും കടിഞ്ഞാൺ പിടിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും,'സൂപ്പർ ഡി.ജി.പി"യായ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ ബോംബ് പൊട്ടിച്ച സി.പി.എം സ്വതന്ത്ര എം.എൽ.എ പി.വി. അൻവറിന്റെ വാക്കുകൾ! എ.ഡി.ജി.പി അജിത് കുമാറിന്റെ അധോലോക പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്ന പി.ശശി, മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നു എന്നായിരുന്നു അൻവറിന്റെ ആദ്യ ആരോപണം.

പക്ഷേ, നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അൻവർ,​ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി എഴുതി നൽകിയപ്പോൾ പി. ശശിയുടെ പേര് അതിലില്ല. മറവികൊണ്ട് വിട്ടുപോകാൻ വഴിയില്ല. അതോ ഭയംകൊണ്ടോ?പരാതിയില്ലാതെ ശശിക്കെതിരെ എന്തന്വേഷണം?​ മുഖ്യമന്ത്രിയും ഗോവിന്ദൻ മാഷും കൈ മലർത്തി. ശശിക്കെതിരായ പരാതിക്കത്തുമായി അൻവർ വീണ്ടും തലസ്ഥാനത്തേക്ക്. പക്ഷേ, അപ്പോഴേക്കും ഇരു നേതാക്കളും ഡൽഹിക്കു പറന്നിരുന്നു,​ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്തിമോപചാരം അർപ്പിക്കാൻ. അവർ തിരിച്ചു വരുന്നതും കാത്ത് തൽസ്ഥാനത്ത് മ്യൂസിയവും മൃഗശാലയുമൊക്കെ കണ്ട് കറങ്ങി നടന്നു. ആശാൻ.

അതിനിടെയാണ് ഗോവിന്ദൻ മാഷിന്റെ ഉണ്ടയില്ലാ വെടി. വ്യക്തി നേതാവാകുന്നത് പാർട്ടിയിലൂടെയാണെന്നും,

വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് നിൽക്കേണ്ടതെന്നുമാണ് മാഷിന്റെ സുവിശേഷം.'ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവെന്ന പദവി ലഭിക്കുന്നത് പാർട്ടിയിൽ നിന്നാണ്. തിരുത്തും ഗ്രഹങ്ങളുമായി ഇനിയും നിൽക്കാൻ ശ്രമിച്ചാൽ ആര് വിചാരിച്ചാലും രക്ഷപ്പെടുത്തനാവില്ല." അപാര ധൈര്യംതന്നെ! പക്ഷേ തിരുവനന്തപുരത്തുവച്ച് പാർട്ടി സെക്രട്ടേറിയറ്റിലോ മറ്റോ പറയേണ്ടത് മാഷ് അങ്ങ് പാലക്കാട്ട് പോയി പറഞ്ഞതെന്തിന്?

പറയാനുള്ളത് എവിടെയും പറയാം. പാർട്ടി ഫണ്ടിലും സൊസൈറ്റി നിക്ഷേപത്തിലും വെട്ടിപ്പ് നടത്തിയ മറ്റൊരു ശശിയെ (പി.കെ. ശശി ) കുറിച്ചാണത്രെ മാഷിന്റെ പ്രയോഗം. പക്ഷേ, മാഷ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് പിണറായി സഖാവിനെ തന്നെയെന്ന് അസൂയാലുക്കൾ. പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറിയെ വരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന സെക്രട്ടറി പരസ്യമായി ആരോപിച്ച പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയതാണ്. എന്നിട്ടും മാന്യദേഹം കെ.ടി.‌ഡി.സി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ പാർട്ടി അഭംഗി കാണാത്തതിൽ അത്ഭുതം വേണ്ട. ചില നേതാക്കളുടെ ആശ്രിത വാത്സല്യം തന്നെ കാരണം. ശശിമാരുടെ ടൈം!

 

ഗ്രഹണം വരുമ്പോൾ നീർക്കോലി മുതൽ രാജവെമ്പാല വരെ തല പൊക്കും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷത്തെ ഔദ്യോഗിക കാലാവധി ഈ മാസം ആദ്യം കഴിഞ്ഞു. സൊല്ലെ ഒഴിഞ്ഞു പോകുമല്ലോ എന്ന ആശ്വാസത്തിലായിരുന്നു സർക്കാർ. കലണ്ടറിൽ അടയാളപ്പടുത്തിയ ദിവസം കഴിഞ്ഞിട്ടും മോദി സർക്കാർ

തിരിച്ചു വിളിക്കുന്നില്ല. പകരം ആളെ നിയമിക്കുന്നതുമില്ല. എന്തുപറ്റി?പുള്ളിക്കാരന് ഒരു ടേം കൂടി

നീട്ടിക്കൊടുക്കുമോ?ഇനിയും സഹിക്കേണ്ടിവരുമോ? ഡൽഹിയിൽ നിന്ന് എന്തോ

മണത്തറിഞ്ഞിട്ടാവാം, ഗവർണർ വീണ്ടും ഉഷാറായി.

മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടെയും മറ്റും ഫോണുകൾ ചോർത്തിയെന്ന അൻവറിന്റെ ആരോപണത്തിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഗവർണറുടെ ഇണ്ടാസ്! ഫോൺ ചോർത്തിയെന്ന് വെളിപ്പെടുത്തിയ അൻവറിനെതിരെയും അന്വേഷണം നടത്തണം. അൻവർ എം.എൽ.എയും, പത്തനംതിട്ട എസ്.പിയായിരുന്ന സസ്പെൻഷനിലായ സുജിത് ദാസും നടത്തിയ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് വളരെ ഗുരുതരമാണെന്നാണ് ഗവർണറുടെ ആരോപണം. വേണമെങ്കിൽ അത് അന്വേഷണത്തിൽ ഉൾപ്പെടുത്തി എല്ലാം ഒരുമിച്ച് കോംപ്ലിമെന്റ്സ് ആക്കാമെന്നായിരിക്കുമോ ഗവർണർക്ക് സർക്കാർ നൽകാൻ പോകുന്ന മറുപടി?

 

തിമിംഗിലത്തെ നീന്താൻ പഠിപ്പിക്കരുത്. അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിക്കസേരയിൽ ഇനി ഇരുത്തില്ലെന്ന വാശിയിലായിരുന്നു മോദി സർക്കാർ. മദ്യ നയക്കേസിൽ പ്രതിയാക്കാൻ തെളിവുകൾ ഇല്ലാതിരുന്നിട്ടും കേജ്‌രിവാളിനെ ജയിലിലടച്ചു. കേന്ദ്ര അന്വേഷണ ഏ‌ജൻസികൾ അതിന് ഏറെ വിയർപ്പൊഴുക്കി. പതിനെട്ട് അടവും പയറ്റി, ഒടുവിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയ കേജ്‌രിവാൾ പത്തൊമ്പതാമത്തെ അടവായ പൂഴിക്കടകൻ പുറത്തെടുത്തു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നു. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമായാലേ ഇനി മുഖ്യമന്ത്രി സ്ഥാനത്തിരിക്കൂ.

ഡൽഹിയിലെ ഓരോ വീടും കയറിയിറങ്ങാൻ പോലുകയാണത്രെ അദ്ദേഹവും കൂട്ടരും. ആറുമാസം ജയിലിൽ കിടന്ന കേജ്‌രിവാൾ കൂടുതൽ കരുത്തനായോ? ആശാന് വീണ്ടും അടവ് പിഴയ്ക്കുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല. ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഘട്ടത്തിൽ കോൺഗ്രസ് പിരിച്ചുവിടണമന്ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് ഗാന്ധിജി നിർദ്ദേശിച്ചിരുന്നതായി പറയുന്നു. അതു പോലെയാണ്

കേജ്‌രിവാളിന്റെ കാര്യവും.

ആം ആദ്മി പാർട്ടി രൂപീകരിച്ച് അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾത്തന്നെ, 'വേണ്ട, നിങ്ങൾക്ക് ഈ പണി പറ്റില്ല. രാഷ്ട്രീയത്തിൽ ഇറങ്ങരുത്. നമുക്ക് തുടർന്നും സാമൂഹിക പ്രവർത്തനം തുടരാം" എന്ന് പ്രമുഖ ഗാന്ധിയൻ അണ്ണാ ഹസാരെ ഉപദേശിച്ചിരുന്നു. പിന്നീട് ഡൽഹി മുഖ്യമന്ത്രിയായ ശേഷം വിവാദ മദ്യ നയവുമായി കേജ്‌രിവാൾ മുന്നോട്ടു പോയപ്പോഴും ഹസാരെ വിലക്കി. അതു കേൾക്കാതെ മുന്നോട്ടു പോയി. മദ്യ നയം

പിൻവലിക്കേണ്ടി വന്നുവെന്നു മാത്രമല്ല, മുഖ്യമന്ത്രി ജയിലിലുമായി. 'കർമ്മദോഷം" എന്നായിരുന്നു അന്ന് ഹസാരെയുടെ പ്രതികരണം. ഇപ്പോൾ കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമ്പോഴും ഹസാരെ പറയുന്നു: 'അന്ന് ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ!"

നുറുങ്ങ്:

 രണ്ട് പേടികളാണത്രെ സി.പി.എമ്മിനെയും സർക്കാരിനെയും വലയ്ക്കുന്നത്!

 ഒന്ന് ശശിപ്പേടി. മറ്റൊന്ന് അൻവർ പേടി.

(വിദുരരുടെ ഫോൺ: 99461 08221)

TAGS: POLITCS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.