സ്കൂളുകളിൽ ലീഡറിനെയും മറ്റ് തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താറുണ്ട്. എന്നാൽ ഇത്തരം ഒരു തിരഞ്ഞെടുപ്പ് കേരളത്തിൽതന്നെ ആദ്യമായിരിക്കും. നാട്ടിൽ നടക്കുന്ന ഒരു സാധാരണ തിരഞ്ഞെടുപ്പ് പോലെയാണ് ഈ സ്കൂൾ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ സി എച്ച് മെമ്മോറിയൽ എൽ പി സ്കൂളിലെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പാണ് വെെറലായത്. വീഡിയോയിൽ ആദ്യം ഒരു വണ്ടിയിൽ നിന്ന് പൊലീസുകാരും പട്ടാളക്കാരുമായി ഒരുങ്ങി ഇറങ്ങുന്ന വിദ്യാർത്ഥിക്കളെ കാണാം. തിരഞ്ഞെടുപ്പ് സാമഗ്രികളുമായി എത്തുന്ന മറ്റ് പോളിംഗ് ഓഫീസറും ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ട്. പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വൺ മില്യൺ പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.
പോളിംഗ് ബൂത്തിന് കാവലായി പട്ടാളക്കാരും ഉണ്ട്. ക്രമസമാധാന പാലനത്തിനായി പൊലീസും സജീവമാണ്. ബൂത്തിന് മുന്നിൽ വോട്ടർമാർ തങ്ങളുടെ ഊഴം കാത്ത് വരിയായി നിൽക്കുകയാണ്. ഡിജിറ്റലായിട്ടാണ് വോട്ട് ചെയ്യേണ്ടത്. ഓരോ സ്ഥാനാർത്ഥിക്കും ചിഹ്നവും നൽകിയിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയാൽ ബീപ് ശബ്ദവും കേൾക്കും.
പ്രായമായി വയ്യാതായവരെ കസേരയിൽ എടുത്തുകൊണ്ട് വരുന്നതും, കള്ളവോട്ട് ചെയ്ത ആളെ പൊലീസ് പിടിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. വോട്ട് ചെയ്യാൻ സിനിമാ നടിയും രംഗണ്ണനും അംബാനുമെല്ലാം എത്തുന്നുണ്ട്. വിദ്യാർത്ഥികൾ തന്നെയാണ് വേഷം കെട്ടിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയവർക്കെല്ലാം ഇടതുകെെയിലെ ചൂണ്ടുവിരലിൽ മഷിയും പുരട്ടി കൊടുക്കുന്നുണ്ട്.
രാമലീല സിനിമയിലെ 'സടകുടയണ നേതാവ്' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് റീൽ ഒരുക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി കമന്റുകളും വരുന്നുണ്ട്. 'ഉള്ളത് പറയാമല്ലോ പിള്ളേര് കലക്കി പൊളിച്ചടക്കി', 'പിളേളർ പൊളിച്ചു', 'എല്ലാവരും അടിപൊളിയാക്കി', പിള്ളേരൊക്കെ വേറെ ലെവൽ' എന്നിങ്ങനെ നിരവധി കമന്റുകൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |