വെള്ളിത്തിരയിൽ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച അമ്മ- മകൻ കൂട്ടുകെട്ടായിരുന്നു മോഹൻലാൽ- കവിയൂർ പൊന്നമ്മ കോംബോ. ഇരുപതാംനൂറ്റാണ്ട്, കിരീടം, ചെങ്കോൽ, നമുക്ക്പാർക്കാൻ മുന്തിരിതോപ്പുകൾ, വിയറ്റ്നാം കോളനി, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ അമ്മ വേഷങ്ങളിൽ മോഹൻലാലിനൊപ്പം കവിയൂർ പൊന്നമ്മ എത്തി. മരിച്ചുപോയ മകനെ ഇപ്പോഴും കാത്തിരിക്കുന്ന ഹിസ് ഹൈനസ് അബ്ദുള്ളയിലെചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികൾക്ക് എങ്ങനെ മറക്കാനാകും.
20ാം വയസിൽ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകൾ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങൾ അവതരിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂർ പൊന്നമ്മ 14ാം വയസിൽ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പിൽ ഭാസിയുടെ പ്രശസ്തമായ 'മൂലധന'മായിരുന്നു ആദ്യകാലങ്ങളിൽ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളിൽ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.
1960കൾ മുതൽ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയിൽ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വർഷങ്ങളിൽ തുടർച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂർ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയ്‌ക്കൊപ്പവും അമ്മ വേഷങ്ങളിൽ നടി എത്തിയിരുന്നു.
പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്നായിരുന്നു തനിയാവർത്തനത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ബാലൻ മാഷിന് വിഷമൊഴിച്ച ചോറ് ഉരുട്ടി നൽകുന്ന രംഗം. ഏറ്റവും ഒടുവിൽ ആണും പെണ്ണും എന്ന ആന്തോളജിയിൽ ആഷിഖ് അബു ഒരുക്കിയ റാണിയിൽ ഇതുവരെ കാണാത്ത കവിയൂർ പൊന്നമ്മയെയായിരുന്നു മലയാളികൾ കണ്ടത്. സ്ഥിരം അമ്മ വേഷങ്ങളിൽ നിന്ന് മാറി നിഗൂഢമായ പൊട്ടിച്ചിരിയുമായി എത്തിയ ആ കഥാപാത്രം, കവിയൂർ പൊന്നമ്മയെ മലയാള സിനിമ അമ്മ വേഷങ്ങളിലേക്കായി ചുരുക്കരുതായിരുന്നു എന്ന അഭിപ്രായങ്ങൾ വരെ ഉയർത്തി. സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാനാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖം. അതായിരുന്നു കവിയൂർ പൊന്നമ്മ. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയിൽ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂർ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നൽകി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകർ ആ കലാകാരിക്ക് നൽകിയത്.പ്രേംനസീറും സത്യനും മധുവും ഉൾപ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂർ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങൾക്കൊപ്പവും സിനിമയിൽ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിൽ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂർ പൊന്നമ്മയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |