മലയാളത്തിന്റെ മാതൃസ്വരൂപമായി പ്രേക്ഷക മനസ്സിലിടം നേടിയ അതുല്യ കലാകാരിയെയാണ് കവിയൂർ പൊന്നമ്മയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. ഗായികയാകാൻ വന്ന് നടിയായി മാറിയ ചരിത്രമാണ് മലയാള സിനിമയിൽ അവർ അടയാളപ്പെടുത്തിയത്. സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ ആ ചിരി മലയാള സിനിമയുടെ തന്നെ എന്നത്തേയും ഐശ്വര്യമായിരുന്നു. ഹൃദ്യമായ ചിരിയിൽ പലരും അവരുടെ അമ്മയുടെ മുഖം കണ്ടു. പേരിനെ അനുസ്മരിപ്പിക്കും വിധം പൊന്നമ്മ തന്നെയായി മാറിയ എത്രയോ കഥാപാത്രങ്ങൾ.
അറുനൂറിലേറെ സിനിമകളിൽ അഭിനയിക്കുകയെന്ന അത്യപൂർവ്വ നേട്ടം കൈവരിക്കാൻ പൊന്നമ്മയ്ക്കു കഴിഞ്ഞത് തന്മയത്വമായ അഭിനയശൈലിയാലായിരുന്നു.സത്യൻ, പ്രേംനസീർ, മധു, സോമൻ, സുകുമാരൻ, ജയൻ, തുടങ്ങി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അമ്മ വേഷംവരെ അവതരിപ്പിച്ച് അവർ മലയാള സിനിമയിൽ തലമുറകളുടെ അമ്മയായി മാറി. മോഹൻലാലിന്റെ അമ്മയായി വേഷമിട്ട എല്ലാ ചിത്രങ്ങളും ആരാധകർ ഹൃദയത്തിലേറ്റുവാങ്ങി. അത്രമാത്രം താദാത്മ്യം പ്രാപിക്കുന്നതായിരുന്നു ആ കഥാപാത്രങ്ങൾ. മലയാളത്തിൽ തന്നെ ആറന്മുള പൊന്നമ്മ, തമിഴ് -തെലുങ്ക് നടിയായ കണ്ണാംബ എന്നിവരെപ്പോലെ അവിസ്മരണീയമായി മാറിയ അമ്മ വേഷങ്ങൾ ചെയ്യാൻ കവിയൂർ പൊന്നമ്മയ്ക്കും അവസരം ലഭിച്ചു. കെ.എസ്. സേതുമാധവൻ, പി.എൻ. മേനോൻ, വിൻസന്റ്, എം.ടി.വാസുദേവൻനായർ, രാമുകര്യാട്ട്, അടൂർ ഗോപാലകൃഷ്ണൻ, പത്മരാജൻ, മോഹൻ തുടങ്ങി പ്രമുഖ സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ അഭിനയിച്ചു.
പാട്ടുപാടാനെത്തിയ പൊന്നമ്മ നാടക നടിയായ ശേഷമാണ് സിനിമയിലെത്തിയത്. വിശ്രുത ഗായിക എം.എസ്.സുബ്ബുലക്ഷ്മിയെപ്പോലെ വലിയ ഗായികയാകണമെന്ന മോഹം മനസ്സിൽ സൂക്ഷിച്ച പൊന്നമ്മ നാടകത്തിലും സിനിമയിലും പാടി. കാളിദാസ കലാകേന്ദ്രത്തിന്റെ ഡോക്ടർ എന്ന നാടകത്തിൽ ഒ.എൻ.വി രചിച്ച് ദേവരാജൻ മാസ്റ്റർ ഈണമിട്ട ' പൂക്കാരാ പൂക്കാരാ, കൈക്കുമ്പിളിൽ നിന്നൊരു പൂ തരുമോ..." എന്നു തുടങ്ങുന്ന ഗാനം കവിയൂർ പൊന്നമ്മയുടെ ആലാപനത്താൽ അനശ്വരമായി. കെ.പി.എ.സിയുടെ മൂലധനം എന്ന നാടകത്തിലൂടെ പൊന്നമ്മയെ ഗായികയാക്കിയ തോപ്പിൽ ഭാസി അതേ നാടകത്തിൽ നായികയുമാക്കി. പ്രതിഭാധനരായ സംവിധായകരും അഭിനേതാക്കളും നിറഞ്ഞു നിന്ന കാലഘട്ടത്തിൽ തുടങ്ങി സിനിമയിലെ വിസ്മയകരമായ മാറ്റങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞ അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ.
പതിന്നാലാം വയസ്സിൽ മെരിലാൻഡ് സുബ്രഹ്മണ്യം മുതലാളിയുടെ ശ്രീരാമ പട്ടാഭിഷേകത്തിലാണ് കവിയൂർ പൊന്നമ്മയുടെ അഭിനയ ജീവിതത്തിന്റെ ഹരിശ്രീ കുറിച്ചത്.എന്നാൽ ശശികുമാർ സംവിധാനം ചെയ്ത കുടുംബിനി സൂപ്പർ ഹിറ്റായതോടെ നടിയെന്ന നിലയിൽ കവിയൂർ പൊന്നമ്മയുടെ സുവർണകാലം തുടങ്ങി. പത്തൊമ്പതാം വയസ്സിലായിരുന്നു ഇത്. തുടർന്ന് ശശികുമാർ എടുത്ത തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ പ്രായത്തിൽ തന്നേക്കാൾ മൂത്ത സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു.വിൻസന്റ് മാസ്റ്ററുടെ ത്രിവേണിയിൽ വില്ലത്തി വേഷം ചെയ്തെങ്കിലും പൊന്നമ്മയെ ആ വേഷത്തിൽ കാണാൻ പ്രേക്ഷകർക്ക് താത്പ്പര്യം കുറവായിരുന്നു. എം.ടിയുടെ നിർമ്മാല്യം, അടൂരിന്റെ കൊടിയേറ്റം ,സേതുമാധവന്റെ ഓപ്പോൾ ,പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം ,ഹരിഹരന്റെ നഖക്ഷതങ്ങൾ , സിബി മലയിലിന്റെ കിരീടം ,പ്രിയദർശന്റെ തേൻമാവിൻ കൊമ്പത്ത് തുടങ്ങി എന്നെന്നും ശ്രദ്ധിക്കുന്ന അനവധി ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കവിയൂർ പൊന്നമ്മയിലെ നടിയെ എടുത്തുകാട്ടി. സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നാലുവട്ടം കരസ്ഥമാക്കി.2021 ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന ആന്തോളജിയിൽ ആഷിഖ് അബു സംവിധാനം ചെയ്ത റാണിയാണ് അവസാനമായി റിലീസ് ചെയ്ത ചിത്രം.
മുഖത്തെ ചിരിക്കൊപ്പം കവിയൂർ പൊന്നമ്മയുടെ നെറ്റിയിലെ പൊട്ടും ശ്രദ്ധേയമായിരുന്നു. ആ ചിരിയും സിന്ദൂരപ്പൊട്ടും മാഞ്ഞിരിക്കുന്നു. പ്രണാമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |