തിരുവല്ല: കവിയൂർ പൊന്നമ്മ ജന്മനാടായ കവിയൂരിൽ ഒടുലിലെത്തിയത് രണ്ട് വർഷം മുമ്പ്. കുടുംബ ക്ഷേത്രമായ ത്രിപുരസുന്ദരിയിലെ ഉത്സവത്തിനെത്തിയ പൊന്നമ്മ ബന്ധുക്കളോടും നാട്ടുകാരോടും സ്നേഹം പങ്കിട്ടാണ് മടങ്ങിയത്. കവിയൂർ മഹാദേവക്ഷേത്രത്തിന് സമീപത്തെ തെക്കേതിൽ കുടുംബത്തിൽ ടി.പി. ദാമോദരന്റെയും ഗൗരിയുടെയും ഏഴ് മക്കളിൽ മൂത്തയാളായിരുന്നു.
പരേതയായ ചലച്ചിത്രതാരം കവിയൂർ രേണുക, സരസമ്മ, ജഗദമ്മ, ഗണേഷ്, സുരേഷ്, മനോജ് എന്നിവരാണ് സഹോദരങ്ങൾ. കമ്മാളത്തംകിടി ഗവ. സ്‌കൂൾ, ചങ്ങനാശേരി കുറുമ്പനാട് സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠിച്ചത്. എൽ.പി.ആർ. വർമ്മയുടെയും വെച്ചൂർ എസ്. ഹരിഹര സുബ്രഹ്മണ്യയ്യരുടെയും കീഴിൽ സംഗീതം അഭ്യസിച്ചു. 12-ാം വയസിൽ കവിയൂർ ക്ഷേത്രത്തിലായിരുന്നു സംഗീത അരങ്ങേറ്റം. പതിനാലാം വയസിൽ പ്രതിഭ ആർട്സിന്റെ നാടകങ്ങളിൽ ഗായികയായി.
കെ.പി.എ.സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രത്തിലും അഭിനയിച്ചു. 1962ൽ ശ്രീരാമ പട്ടാഭിഷേകത്തിൽ മണ്ഡോദരിയായി വേഷമിട്ടായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. തിരക്കേറിയതോടെ ചെന്നൈയിലേക്ക് താമസം മാറ്റി. സഹോദരങ്ങളും മറ്റിടങ്ങളിലേക്ക് താമസം മാറി. പിതൃസഹോദരന്റെ ബന്ധുക്കളാണ് ഇപ്പോൾ കവിയൂരിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |