കൊച്ചി: ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എൽ.എയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ നൽകിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പോരാട്ടത്തിന് ഭരണകക്ഷി എം.എൽ.എയെ മുന്നിൽ നിറുത്തിയവർക്കുള്ള മറുപടിയാണിത്.
ഭരണകക്ഷി എം.എൽ.എ അഞ്ച് മിനിട്ട് സംസാരിച്ചിട്ട് അര മണിക്കൂർ സംസാരിച്ചെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞെന്നും ഫോൺ ചോർത്തുന്നത് പൊതുപ്രവർത്തകർക്ക് ചേരാത്തതാണെന്നും ദിവസങ്ങളായി അതുമിതും പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വർണക്കള്ളക്കടത്ത് പൊലീസ് പിടിച്ചപ്പോൾ പിന്നിലെ പലർക്കും വേദനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോപണം ഭരണകക്ഷി എം.എൽ.എയ്ക്കെതിരെ തന്നെയാണ്. നടപടി എടുക്കാൻ മുഖ്യമന്ത്രി തയാറാകണം.
പി.വി. അൻവർ പറഞ്ഞതിൽ എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിറ്റിക്കൽ സെക്രട്ടറിയെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടത്. അതിന്റെ തുടർച്ചയായാണ് തൃശൂർ പൂരം കലക്കിയത്. ദൂതനായല്ല എ.ഡി.ജി.പി സന്ദർശനം നടത്തിയതെങ്കിൽ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിക്കാൻ തയ്യാറാവണം.
പൂരം കലക്കിയതിൽ ഏപ്രിൽ 21നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് ആ ഉത്തരവിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അഞ്ചുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് നൽകിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കരുത്. ആഭ്യന്തര വകുപ്പ് ഒഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |