മലപ്പുറം: ഇടത് മുന്നണിയുമായുള്ള ബന്ധമവസാനിപ്പിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സിപിഎം പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.മലപ്പുറത്തും നിലമ്പൂരിലും ഇടക്കരയിലും പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കോഴിക്കോട് ജില്ലയിലും അന്‍വറിനെതിരെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്നാണ് പ്രധാന മുദ്രാവാക്യം.
അന്‍വറുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ എംഎല്‍എക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങളും ഉയര്‍ന്നു. 'ഗോവിന്ദന്‍ മാഷൊന്ന് ഞൊടിച്ചാല്‍ മതി അന്‍വറിന്റെ കയ്യും കാലും വെട്ടി പുഴയിലെറിയും, പൊന്നേ എന്ന് വിളിച്ച നാവിന് പോടാ എന്ന് വിളിക്കാനറിയാം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ചത്. എംഎല്‍എയുടെ കോലം കത്തിച്ചും പ്രതിഷേധം അരങ്ങേറി.
പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ ആരോപിച്ചിരുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അന്‍വറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാള്‍ക്ക് കാര്യമായി ധാരണയില്ലെന്ന് വ്യക്തമാകുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇടത് എംഎല്‍എ എന്ന പരിഗണന ഇനി അന്‍വറിന് നല്‍കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയെ കാട്ടുകള്ളനെന്നാണ് അന്‍വര്‍ വിളിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാറിനും പൊലീസിനുമെതിരേയും അന്‍വര്‍ ആരോപണമുന്നയിച്ചു. ഇതിന് പുറമേ മന്ത്രി മുഹമ്മദ് റിയാസിനെതിരേയും അന്‍വര്‍ രംഗത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |