കൊച്ചി: യോഗ്യതാപരീക്ഷ പാസായി ആറുമാസം കഴിഞ്ഞിട്ടും ഇലക്ട്രിക്കൽ സൂപ്പർവൈസർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യാതെ അധികൃതർ. കൊവിഡ് കാലത്ത് നിറുത്തിവച്ച പരീക്ഷ 2023 ജൂണിൽ പുനരാരംഭിച്ചെങ്കിലും യോഗ്യത നേടുന്നവർക്ക് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകുന്നില്ല.
ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ടെക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവരാണ് എ ഗ്രേഡ് സൂപ്പർവൈസർ ലൈസൻസിക്ക് അപേക്ഷിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തുന്ന എഴുത്തുപരീക്ഷ പാസായാൽ സ്വന്തമായി കരാർജോലികൾ ഏറ്റെടുക്കാനുള്ള ലൈസൻസ് ലഭിക്കും. ഗാർഹിക, വാണിജ്യസ്ഥാപനങ്ങളിലെ ഇലക്ട്രിക്കൽ വയറിംഗ് ജോലികൾ ഉൾപ്പെടെ ഏറ്റെടുത്ത് ചെയ്യുന്നതിന് ഈ ലൈസൻസ് ആവശ്യമാണ്.
ഇലക്ട്രിക്കൽ കരാർ ജോലികളെ സ്വയംതൊഴിൽ സംരംഭമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കേണ്ടവർ തന്നെയാണ് സർട്ടിഫിക്കറ്റ് നൽകാതെ അനാസ്ഥ കാട്ടുന്നത്.
2020നുശേഷം അറുനൂറിലേറെപേർ പരീക്ഷ പാസായിട്ടുണ്ടെങ്കിലും 20പേർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. പരീക്ഷ പാസായാൽ മൂന്നുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകേണ്ടതാണ്. 2024 ജനുവരിയിൽ നടത്തിയ പരീക്ഷയുടെ ഫലം മാർച്ചിൽ പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ സർട്ടിഫിക്കറ്റ് നൽകാത്തതിന് തൃപ്തികരമായ മറുപടിപോലും അധികൃതർ നൽകുന്നില്ല. ഒരുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകുമെന്ന് പറയാൻ തുടങ്ങിയിട്ട് മൂന്നുമാസമായി. ഇപ്പോൾ സെക്ഷൻക്ലാർക്ക് അവധിയിലാണെന്നാണ് പറയുന്നത്.
ഏപ്രിൽ വരെയുള്ളവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മേയ് മുതലുള്ളത് വേഗത്തിൽ തയ്യാറാക്കുകയാണ്.
ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |