കൊല്ലം: മുൻഗണന വിഭാഗത്തിലെ പിങ്ക് (പി.എച്ച്.എച്ച്), മഞ്ഞ (എ.എ.വൈ) റേഷൻ കാർഡുകളുടെ മസ്റ്ററിംഗ് മൂന്ന് ദിനം പിന്നിട്ടപ്പോൾ 62,602 ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടത്തി. ജില്ലയിൽ 13,09192 മഞ്ഞ, പിങ്ക് ഗുണഭോക്താക്കളാണ് ഇ.കെ.വൈ.സി അപ്ഡേഷന്റെ ഭാഗമായി മസ്റ്റർ ചെയ്യേണ്ടത്. നീല, വെള്ള കാർഡുടമകൾക്കുള്ള മസ്റ്ററിംഗ് പിന്നീട് നടക്കും.
ഇനി മൂന്ന് ദിവസം ബാക്കി നിൽക്കെ 12,46590 പേരാണ് മസ്റ്ററിംഗ് നടത്താനുള്ളത്. മസ്റ്ററിംഗ് നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം കുറയ്ക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടമായി ജില്ലയിൽ മസ്റ്ററിംഗ് ആരംഭിച്ചത്. 25 മുതൽ ഒക്ടോബർ ഒന്ന് വരെയാണ് മസ്റ്ററിംഗിന് സമയം അനുവദിച്ചിരിക്കുന്നത്. സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തിയാകുമെന്ന് സപ്ലൈ ഓഫീസ് അധികൃതരും റേഷൻ വ്യാപാരികളും പറയുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുള്ളവരുടെ കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
47839 മഞ്ഞ കാർഡുകളിലായി 155893 ഗുണഭോക്താക്കളാണുള്ളത്. 335904 കാർഡുകളാണ് പിങ്ക് വിഭാഗത്തിലുള്ളത്. ഇതിൽ 1153299 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ മസ്റ്ററിംഗിൽ 12ശതമാനം പേർ മാത്രമാണ് മസ്റ്ററിംഗ് നടത്തിയത്. ഇപ്പോൾ റേഷൻ കടകളിൽ മസ്റ്ററിംഗിന് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 1392 റേഷൻ കടകളിലും മസ്റ്ററിംഗ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലം താലൂക്കിലാണ് ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് നടത്തിയത്, 25613 പേർ. രണ്ടാമത് കൊട്ടാരക്കയാണ് 12,951പേർ.
പണിമുടക്കി ഇ-പോസ്
റേഷൻ കാഡിലെ അംഗങ്ങൾ ആധാറുമായെത്തിയാണ് മസ്റ്ററിംഗ് നടത്തേണ്ടത്. ആദ്യ ദിനം ഒരുമണിക്കൂറും രണ്ടാം ദിനം അരമണിക്കൂറും ഇ-പോസ് മെഷീൻ പണിമുടക്കി. എൻ.ഐ.സിയും ഐ.ടി.മിഷനുമാണ് മസ്റ്ററിംഗ് സംബന്ധമായ വിഷയങ്ങൾ പരിഹരിക്കുന്നത്. മുമ്പ് പലപ്പോഴും സെർവർ തകരാറ് മൂലം മസ്റ്ററിംഗ് നടത്താൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. മസ്റ്റർ ചെയ്യുന്ന വിവരങ്ങൾ ക്യത്യമാണോയെന്ന് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് പരിശോധിച്ച ശേഷമാണ് സൈറ്റിലേക്ക് അപ്പ്ലോഡ് ചെയ്യുന്നത്.
ആധാർ കൃത്യമായിരിക്കണം
മസ്റ്ററിംഗ് ചെയ്യാനെത്തുന്ന ഗുണഭോക്താക്കളുടെ ആധാർ വിവരങ്ങൾ കൃത്യമല്ലെങ്കിൽ മസ്റ്ററിംഗ് പൂത്തിയാകില്ല. ആധാറിലെ പേര് വിവരങ്ങളിലെ തെറ്റുകൾ, മറ്റ് പിശകുകൾ, കൈവിരലുകൾ പതിയാതെ വന്നാലും മസ്റ്ററിംഗ് നടത്താനാകില്ല.
കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരുടെ മസ്റ്ററിംഗ് വീട്ടിലെത്തി നടത്താനുള്ള നടപടികൾ പരിഗണനയിലാണ്.
സപ്ളൈ ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |