സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആളൊരു കണിശക്കാരനാണ്. പൊതുജനങ്ങളെയും കർഷകരെയും ബാധിക്കുന്ന പ്രശ്നങ്ങളിൽ ചിലപ്പോൾ ക്ഷാേഭിക്കുകയും ചാട്ടുളി വാക്കുകൾ എതിരാളികളിൽ തുളച്ചുകയറുകയും ചെയ്യും. വിവാദങ്ങളിൽ അദ്ദേഹം കുലുങ്ങില്ല. പറഞ്ഞത് ആവർത്തിക്കുകയും ചെയ്യും, പിണറായി വിജയനെപ്പോലെ. അടുത്തിടെ ഉദയഭാനുവിന്റെ പ്രസംഗം വിവാദമായി.
കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിനെ എതിർക്കുന്നവരാണ് ആർ.എസ്.എസുകാർ എന്ന് ഉദയഭാനു നടത്തിയ പരാമർശത്തിനെതിരെ ബി.ജെ.പിക്കാർ രംഗത്തുവന്നു. കാട്ടുപന്നി ശല്യത്തിനെതിരെ കർഷക സംഘത്തിന്റെ കോന്നി ഡി.എഫ്.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യവെ, പന്നി മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണെന്ന് ആർ.എസ്.എസുകാർ പറയുന്നതായാണ് ഉദയഭാനു പരിഹസിച്ചത്. ഹിരണ്യകശിപു ഭൂമിയെ പായായി ചുരുട്ടി കടലിൽ താഴ്ത്തി. ഭൂമിയെ രക്ഷിക്കുന്നതിനായി മഹാവിഷ്ണു വരാഹാവതാരമെടുത്തു. കടലിൽ നിന്ന് തന്റെ തേറ്റകൊണ്ട് ഭൂമിയെ കുത്തി എടുത്തു. ഇതാണ് ആർ.എസ്.എസുകാർ പ്രചരിപ്പിക്കുന്ന കഥയെന്ന് ഉദയഭാനു വിവരിച്ചു. ഭൂമി ചുരുങ്ങുമ്പോൾ സമുദ്രവും ചുരുങ്ങുമെന്നാണ് ആർ.എസ്.എസുകാർ കരുതുന്നതെന്ന് ഉദയഭാനു പറഞ്ഞപ്പോൾ കൂടെ നിന്ന നേതാക്കളും പ്രവർത്തകരും ഇളകിച്ചിരിച്ചു. ഭൂമിയെ രക്ഷപെടുത്തിയപ്പോൾ വരാഹവുമായി ഭൂമിക്ക് ഒരു സ്‌നേഹമുണ്ടായി അങ്ങനെയാണ് നരകാസുരൻ ഉണ്ടായതെന്നും ആർ.എസ്.എസ് കഥ പറയുന്നതായി ഉദയഭാനു തുടർന്നു പറഞ്ഞു.
കാട്ടുപന്നി ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ വലിയ പ്രതിഷേധത്തിലാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൃഷി സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാട്ടുപന്നിയെ വടിയെടുത്ത് ഓടിക്കാൻ കഴിയില്ല. മനുഷ്യർ ഉറക്കത്തിന്റെ ഏഴാം യാമത്തിലേക്ക് കടക്കുമ്പോഴായിരിക്കും കാട്ടുപന്നികൾ കൃഷിയിടങ്ങളിൽ വിളയാടുന്നത്. കപ്പയും ചേമ്പും ചേനയും വാഴയുമൊക്കെ തേറ്റകൊണ്ട് കുത്തിമറിച്ച് തിന്നും. ആന കരിമ്പിൻകാട്ടിലെത്തിയാലുള്ള അവസ്ഥ എന്നു പറയും പോലെയാണ് കപ്പത്തോട്ടത്തിലും മറ്റ് കൃഷിയിടങ്ങളിലും പന്നിക്കൂട്ടങ്ങൾ കാട്ടിക്കൂട്ടുന്നത്.
വന നിയമങ്ങൾ
പരിഷ്കരിക്കണം
കർഷകർ നേരിടുന്ന വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നിച്ചു വിചാരിക്കണം. കേന്ദ്രസർക്കാരിനെതിരെ ഒരു വിഷയം കുത്തിപ്പൊക്കിക്കൊണ്ടുവരാൻ സി.പി.എമ്മിനു കിട്ടിയ വന്യമൃഗമാണ് കാട്ടുപന്നി. അതുകൊണ്ടാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുകളിലേക്ക് മാർച്ച് നടത്തി കേന്ദ്രസർക്കാരിനെതിരെ സമരമുഖം തുറന്നത്. അൻപത്തിരണ്ട് വർഷമായ വന നിയമങ്ങൾ മാറ്റി എഴുതണം. കേന്ദ്ര വനം വന്യജീവി നിയമത്തിന്റെ അഞ്ചാം പട്ടികയിൽ മനുഷ്യർക്ക് ഉപദ്രവകാരികളായ കാട്ടുപന്നികളെ ഉൾപ്പെടുത്തി ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാണ് പൊതു ആവശ്യം. അങ്ങനെ ചെയ്താൽ കൃഷിക്കും മനുഷ്യർക്കും ഉപദ്രവകാരികളായ പന്നികളെ വെടിവച്ചു കൊല്ലാം. വിദേശ രാജ്യങ്ങളിൽ സർവ്വേ നടത്തി വനത്തിനുള്ളിൽ കഴിയുന്ന കടുവ, ആന, പുലി എന്നിവയുടെ കണക്ക് നിജപ്പെടുത്തും. ബാക്കിയുള്ളവയെ കൊന്നു നശിപ്പിക്കും. ഇവിടെ കുരങ്ങിനേയും പാമ്പിനേയും ആരാധിക്കുന്നവരാണ്. എന്നാൽ പാമ്പിനെ തിന്നുന്ന രീതിയാണ് ചൈനയിൽ. ഇവിടെ പട്ടികളെ കൊല്ലാൻ പോലും പറ്റില്ല. വിചിത്രമായ രീതിയാണ് നമ്മുടെ രാജ്യത്ത്. വന നിയമം പരിഷ്കരിക്കേണ്ടത് സംസ്ഥാന സർക്കാരല്ല. കേന്ദ്രമാണെന്ന് ഉദയഭാനു പറഞ്ഞത് ശരിയാണ്. സംസ്ഥാന പലതവണ കേന്ദ്രത്തോട് ഇതാവശ്യപ്പെട്ടിട്ടുള്ളതാണ്. പക്ഷെ, കേന്ദ്രം അനങ്ങുന്നില്ലെന്നും കെ.പി ഉദയഭാനു പറഞ്ഞു.
ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ വാളോങ്ങാൻ പറ്റിയ അവസരം ഇതുതന്നെയാണ്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബി.ജെ.പി നേടിയ വിജയം സി.പി.എം സമ്മാനിച്ചതാണെന്ന് പരക്കെ സംസാരമുണ്ട്. സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നതായി കോൺഗ്രസ് ഏറെക്കാലമായി പറഞ്ഞുവരുന്നതാണ്. അപ്പോഴാണ് ഇടതുപാളയത്തിൽ നിന്ന് പി.വി അൻവർ ആ വെടി പൊട്ടിച്ചത്. പൂരം കലക്കിയതും ബി.ജെ.പി വിജയിച്ചതും എ.ഡി.ജി.പി എം. ആർ. അജിത് കുമാറിലൂടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നടപ്പാക്കിയ അജണ്ടയാണെന്ന് ഏറെ വർഷങ്ങളായി പാർട്ടിക്കൊപ്പം കിടന്ന് രാപ്പനിയറിഞ്ഞ അൻവർ തുറന്നു പറഞ്ഞത്. കണ്ടോ, ഞങ്ങൾ പറഞ്ഞത് ശരിയായില്ലേയെന്ന് വി.ഡി സതീശനും കെ.സുധാകരനും മുഖത്തു നോക്കി ചോദിച്ചപ്പോൾ പിണറായി സഖാവിന് മിണ്ടാട്ടമില്ല.
ബ്രാഞ്ച് സമ്മേളനങ്ങളിലെ ചാേദ്യങ്ങൾ
സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്ന കാലമാണ്. പാർട്ടിയുടെ അടിസ്ഥാന ഘടകമായി ബ്രാഞ്ചുകളിൽ നടക്കേണ്ടത് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളാണ്. പക്ഷെ, പാർട്ടി മെമ്പർമാരുടെ നീറുന്ന പ്രശ്നം അൻവറും എ.ഡി.ജി.പിയും പി.ശശിയും ആർ.എസ്.എസുമൊക്കെയാണ്. ബ്രാഞ്ച് സമ്മേളനങ്ങളിൽ സൈദ്ധാന്തിക വിഷയങ്ങൾ വിശദീകരിക്കുന്ന ഏരിയ നേതാക്കൾക്ക് പൂരം കലക്കലിന്റെയും ബി.ജെ.പി വിജയത്തിന്റെയും സ്വർണക്കടത്തിന്റെയും ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുന്നു. പാർട്ടി പ്രവർത്തകർ ബി.ജെ.പിയിലേക്ക് ഒഴുകുന്നുവെന്നത് ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഫലം വച്ച് സി.പി.എം വിലയിരുത്തിയതാണ്. അണികൾക്കിടയിൽ വ്യാപക സംശയങ്ങളുണ്ട്. ഇതിനെല്ലാം തടയിടണമെങ്കിൽ ആർ.എസ്.എസിനെ രണ്ടുപറയണം. അവരെ പ്രകോപിപ്പിച്ച് പാർട്ടിക്കെതിരെ തിരിക്കണം. പുരാണ കഥാപാത്രങ്ങളെ പരിഹസിക്കുമ്പോൾ സംഘപരിവാറുകാരുടെ ഹിന്ദുവികാരം തിളയ്ക്കുമെന്ന് നന്നായിട്ടറിയാവുന്നത് സി.പി.എമ്മിനാണ്. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ വലിയ കോലാഹലമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. യുവമോർച്ച ഒരു പ്രസ്താവനയിറക്കി. സി.പി.എം സ്വീകരിച്ചുവരുന്ന ഹിന്ദുവിരുദ്ധ നിലപാടിന്റെ തുടർച്ചയാണ് ജില്ലാ സെക്രട്ടറി കാട്ടുപന്നിയെ വരാഹാവതാരത്തോട് ഉപമിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ വിമർശിച്ചു. ഇതിലപ്പുറം സാക്ഷാൽ ഹിന്ദു സംഘടനാ നേതാക്കളുടെ പ്രതിഷേധങ്ങൾ കണ്ടില്ല. കോന്നി ഡി.എഫ്.ഒ ഓഫീസിന് മുന്നിലെ പ്രസംഗത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഉദയഭാനു മാദ്ധ്യമങ്ങളോടു പറഞ്ഞു. കാട്ടുപന്നി പ്രശ്നത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിറുത്താനും, പാർട്ടി നേരിടുന്ന ബി.ജെ.പി ബന്ധത്തെക്കുറിച്ചുളള ചോദ്യങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞു. ബി.ജെ.പി ബന്ധത്തേക്കാൾ പാർട്ടി പ്രവർത്തകർ അടക്കമുള്ള കർഷകർ നേരിടുന്ന പ്രധാന പ്രശ്നം കാട്ടുപന്നി തന്നെ. കേന്ദ്ര വനനിയമം പൊളിച്ചെഴുതി കാട്ടുപന്നി ശല്യം ഇല്ലാതാക്കേണ്ടതിന്റെ പ്രാഥമിക ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. അതിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ ആർ.എസ്.എസിനെ ഉന്നയിച്ച ആരോപണത്തിനു കഴിഞ്ഞുവെന്നത് ഉദയഭാനു സഖാവിന്റെ നേട്ടം തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |