തിരുവനന്തപുരം: പാവപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആശ്രയമായ എസ്.എ.ടി ആശുപത്രിയിലെ പഴയ ബ്ലോക്ക് മൂന്നു മണിക്കൂർ ഇരുട്ടിലായ സംഭവത്തിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നടപടി. മെഡിക്കൽ കോളേജ് വിഭാഗം അസി.എൻജിനിയർ എ. കനകലത, ഒന്നാം ഗ്രേഡ് ഓവർസിയർ ബാലചന്ദ്രൻ എന്നിവരെ ചീഫ് എൻജിനിയർ സസ്‌പെൻഡ് ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്നാണിത്.
അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ശ്യാംകുമാറിനും വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പ് സെക്രട്ടറിയാണ് ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത്.
സംഭവത്തിൽ പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തകൾക്കും എഡിറ്റോറിയലിനും പിന്നാലെയാണ് നടപടി. അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വൈദ്യുതിബന്ധം നിലയ്ക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകിയിരുന്നു. ജനറേറ്റർ എത്തിച്ച് മുൻകരുതലെടുക്കാത്തതാണ് ആശുപത്രി ഇരുട്ടിലാകാൻ കാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം ചീഫ് എൻജിനിയർ, ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ, ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ പ്രത്യേകം പ്രത്യേകം മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടുകളിൽ മൂവരുടെയും വീഴ്ച ഒരുപോലെ ചൂണ്ടിക്കാട്ടി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ്, കെ.എസ്.ഇ.ബി എന്നിവർ നടത്തിയ അന്വേഷണവും ഈ ഉദ്യോഗസ്ഥരുടെ വീഴ്ചയിലാണ് ചെന്നെത്തിയത്. ഗുരുതര വീഴ്ചയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് മന്ത്രി റിയാസും സ്വീകരിച്ചു.
മൂന്ന് ഉദ്യോഗസ്ഥർ
അഞ്ച് വീഴ്ചകൾ
1 അറ്റകുറ്റപ്പണിയുടെ വിവരം മേലധികാരികളെ അറിയിക്കാതെ ഓവർസിയർ ബാലചന്ദ്രന്ചുമതല നൽകി കനകലത ഞായറാഴ്ച വീട്ടിലേക്ക് പോയി
2 അസി.എൻജിനിയർ സ്ഥലത്ത് ഇല്ലാത്തതിനാൽ ചുമതലയേറ്റടുക്കാൻ ശ്യാംകുമാറിനോട് ചീഫ് എൻജിനിയർ നിർദ്ദേശിച്ചെങ്കിലും രണ്ടു മണിക്കൂർ വൈകിയാണ് എത്തിയത്
3 കാര്യങ്ങൾ കൈവിട്ടുപോയശേഷം രാത്രി എട്ടോടെയാണ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറും ഓവർസിയറും എക്‌സിക്യൂട്ടീവ് എൻജിനിയറെ വിളിച്ചത്
4 എച്ച്.ടി പാനൽ തകരാറിലായാൽ ശരിയാക്കാൻ 5 മണിക്കൂറിലേറെ വേണമെന്നിരിക്കെ ഉടനടി പുറത്ത് നിന്ന് ജനറേറ്റർ എത്തിച്ചില്ല
5 എക്‌സിക്യൂട്ടീവ് എൻജിയർ നിർദ്ദേശിച്ചിട്ടും രാത്രി എട്ടു വരെയും പകരം ജനറേറ്റർ എത്തി
ക്കാതെ വൈകിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |