നെന്മാറ: വാഹന പണയത്തിൽ അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തയാളെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തു. എലവഞ്ചേരി ചെട്ടിത്തറ വീട്ടിൽ ഹരിദാസിനെ(36) ആണ് കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെടുത്ത 21 വാഹനങ്ങൾ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഹരിദാസിന്റെ പണമിടപാട് സ്ഥാപനത്തിൽ നിന്നും വീട്ടിൽ നിന്നും അനധികൃത വാഹന പണയ രേഖകളും കണ്ടെടുത്തു. ഹരിദാസിന് വാഹനങ്ങൾ പണയമായി സ്വീകരിച്ച് പണം നൽകാൻ ലൈസൻസ് ഉണ്ടായിരുന്നില്ല. പോത്തുണ്ടി തേവർ മണിയിൽ വാടകയ്ക്ക് എടുത്ത ഗോഡൗണിലാണ് പണയമായി സ്വീകരിച്ച വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് പ്രത്യേക സെർച്ച് വാറണ്ട് ലഭ്യമാക്കിയാണ് തേവർ മണിയിലെ ഗോഡൗൺ പരിശോധിച്ചത്. സാധാരണക്കാരായ നിരവധിയാളുകളിൽ നിന്ന് ബൈക്കും സ്‌കൂട്ടറും രണ്ടു കാറുകളും ഈടുവാങ്ങി പണം പലിശയ്ക്ക് കൊടുത്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നെന്മാറ പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ.രാജേഷ്, ഗ്രേഡ് എസ്.ഐ മണികണ്ഠൻ, എസ്.സി.പി.ഒ, ഡ്രൈവർ എന്നിവർ അടങ്ങുന്ന സംഘമാണ് ഹരിദാസിനെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |