ലോകത്തെ ഏറ്റവും വലിയ വിപത്ത് രാസലഹരിയുടെ വ്യാപനമാണ്. ഒരു രാജ്യത്തെ തകർക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം കൂടിയാണത്. യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം പല രാജ്യങ്ങളും വലിയ രീതിയിൽ ഉയിർത്തെഴുന്നേൽക്കുകയും വമ്പൻ സാമ്പത്തിക ശക്തികളായി മാറുകയും ചെയ്തിട്ടുണ്ട്. യുദ്ധവും ആഭ്യന്തര കലാപവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഏറെക്കുറെ താത്കാലികമാണെന്ന് കരുതാം. എന്നാൽ ഒരു രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും രാസലഹരിക്ക് അടിമകളായാൽ ആ രാജ്യത്തെ ആർക്കും രക്ഷിക്കാനാകില്ല. യുദ്ധത്തെക്കാളും ഭീകരപ്രവർത്തനത്തെക്കാളും ഭയക്കേണ്ടതും അപലപിക്കേണ്ടതുമായ വിപത്താണ് രാസലഹരിയുടെ വ്യാപനം. ഡൽഹിയിൽ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാർക്കറ്റിൽ ഏതാണ്ട് രണ്ടായിരം കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പൊലീസ് പിടികൂടിയതെന്നത് നമ്മുടെ രാജ്യത്തെ തകർക്കാൻ അന്താരാഷ്ട്ര ലഹരിസംഘങ്ങൾ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിത്തന്നെ വിലയിരുത്തേണ്ടതാണ്.
ഉത്സവ സീസണിൽ ഇന്ത്യയിൽ വിൽക്കാൻ ലക്ഷ്യമിട്ട് കടത്തിയ ലഹരിമരുന്നാണ് പിടികൂടിയത്. 560 കിലോ കൊക്കെയ്‌നും 40 കിലോ കഞ്ചാവുമാണ് ഡൽഹിയിൽ പിടിച്ചത്. നാലുപേർ അറസ്റ്റിലായെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ഡൽഹി പൊലീസ് മുന്നൂറിലേറെ രഹസ്യകേന്ദ്രങ്ങളിൽ ലഹരിമരുന്നുകൾ കണ്ടെത്താനായി റെയിഡുകൾ നടത്തിയിരുന്നു. അന്നു ലഭിച്ച ചില രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് രണ്ടായിരം കോടിയുടെ ലഹരിമരുന്ന് കണ്ടെത്തുന്നതിന് ഇടയാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ ഒരു കിലോഗ്രാം കൊക്കെയ്‌ന് അഞ്ചുമുതൽ പത്തുകോടി രൂപ വരെ വില വരുമെന്നാണ് പൊലീസ് പറയുന്നത്. തെക്കേ അമേരിക്കയിൽ നിന്ന് മദ്ധേഷ്യ വഴിയാണ് കൊക്കെയ്‌ൻ എത്തിച്ചതെന്നും കഞ്ചാവ് തയ്‌വാനിൽ നിന്നുള്ളതാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്. പണമിടപാട് പിടികൂടാതിരിക്കാൻ ക്രിപ്‌റ്റോ കറൻസി വഴിയാണ് കടത്തുകാർ ഇടപാടുകൾ നടത്തിയിരുന്നത്.
രാജ്യത്ത് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. പലപ്പോഴും ഇത്തരം വസ്തുക്കൾ പലതവണ കടത്തുമ്പോഴാണ് ഒരിക്കൽ പിടികൂടപ്പെടുന്നത്. ആ നിലയിൽ നോക്കുമ്പോൾ നമ്മുടെ രാജ്യത്തേക്ക് ഇതുപോലുള്ള അന്താരാഷ്ട്ര സംഘങ്ങൾ എത്രമാത്രം ലഹരിമരുന്ന് കടത്തിയിട്ടുണ്ടാകുമെന്ന് ചിന്തിക്കാവുന്നതാണ്. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം ലഹരിക്കടിമയാക്കാനുള്ള പ്രേരണ ചെലുത്താൻ കഴിയുന്നവയാണ് രാസലഹരി. കേരളത്തിലും ഇത്തരം ലഹരികൾ സുലഭമാണെന്നതിലേക്ക് വിരൽചൂണ്ടുന്ന, 'വീണുപോകരുത് രാസലഹരിയിൽ" എന്ന തലക്കെട്ടിലുള്ള പ്രത്യേക റിപ്പോർട്ട് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി അടക്കമാണ് ഇതിന്റെ വിൽപ്പന നടക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നൂറ് രൂപയ്ക്ക് നാവിലൊട്ടിക്കുന്ന സ്റ്റിക്കർ രൂപത്തിലുള്ളവയാണ് കേരളത്തിൽ കിട്ടുന്നതിൽ അധികവും. പത്തുമണിക്കൂർ വരെ ഇതിന്റെ ഉന്മാദം നിലനിൽക്കുമത്രെ. ച്യൂയിംഗ് ഗം രൂപത്തിലുള്ള ഈ ലഹരി വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിപ്പിക്കാൻ സൗകര്യം ഏറെയാണ്. കൊച്ചിയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയിൽ നിന്ന് പിടികൂടിയ രാസലഹരി 48 മണിക്കൂറിലേറെ തലച്ചോറിനെ മരവിപ്പിക്കുന്നതാണെന്നാണ് കണ്ടെത്തിയത്. രാസലഹരി ഉപഭോഗത്തിൽ രാജ്യത്ത് കേരളം മൂന്നാമതാണെന്നത് വളരെ ഗൗരവത്തിൽ കണ്ട് എക്‌സൈസ്, പൊലീസ് വകുപ്പുകൾ നടപടി സ്വീകരിക്കേണ്ടതാണ്. ഇറാൻ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കടൽമാർഗം ലഹരി എത്തുന്നത്. ഇതിനു പിറകിൽ നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുന്നതിനാണ് സർക്കാർ സ്വർണക്കടത്തുകാരെ പിടികൂടുന്നതിനേക്കാൾ പ്രാധാന്യം നൽകേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |