സംസ്ഥാന സ്കൂൾ കായികമേള നാലുവർഷത്തിലൊരിക്കൽ ഒളിമ്പിക്സ് മാതൃകയിൽ നടത്താനുള്ള സർക്കാർ തീരുമാനം ചരിത്രപരമാണ്. കൊച്ചു കായികതാരങ്ങളുടെ കുതിപ്പിന് വലിയ പ്രോത്സാഹമാകുന്ന പ്രഖ്യാപനം.
ആദ്യ സ്കൂൾ ഒളിമ്പിക്സിന് നവംബർ ആദ്യം വേദിയാകുന്നത് കൊച്ചിയാണ്. ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിമിതികളിൽ നിന്നുകൊണ്ട് മേള പരാതിരഹിതമായി നടത്തുകയെന്നതാണ് സർക്കാർ സംവിധാനങ്ങൾക്ക് ഇനിയുള്ള വെല്ലുവിളി.
സ്പോർട്സ് ഒരു മരുന്നാണ്. ശരീരത്തിനും മനസ്സിനും. ജീവിതത്തിലെ പല ആകുലതകൾക്കുമുള്ള ഔഷധം. സ്പർദ്ധയും ശത്രുതയും കളിക്കളത്തിൽ അലിഞ്ഞുതീരും. ലഹരിയോടുളള ആസക്തിയിൽ നിന്ന് കൗമാരക്കാരെ വഴിതിരിച്ചുവിടാനുള്ള ഏറ്റവും നല്ല മാർഗം സ്പോർട്സാണെന്ന് വിദഗ്ദ്ധ ഡോക്ടർമാർവരെ സാക്ഷ്യപ്പെടുത്തുന്നതാണ്. ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനും സ്പോർസിലൂടെ സാദ്ധ്യമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇന്നത്തെ കുട്ടികൾ മൈതാനത്തുനിന്ന് അകലുകയാണ്. ഡിജിറ്റൽ സ്ക്രീനുകൾ തടവറകളാകുന്നതാണ് ഒരു കാരണം. വർദ്ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗവും കുട്ടികളെ മൈതാനത്തിന് പുറത്തേക്ക് നയിക്കുന്നുണ്ട്. ഇതിനു പുറമേ കായികതാരങ്ങൾ കേരളത്തിൽ നേരിടുന്ന അവഗണനയും ഇതിലൊരു പങ്ക് വഹിക്കുന്നു. ഈ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രഖ്യാപനം പ്രത്യാശയാണ്. സ്കൂൾ തലത്തിലെ ഒളിമ്പിക്സ്. അതിനാണ് സംസ്ഥാനം അടുത്തമാസം സാക്ഷ്യം വഹിക്കുന്നത്. ഒളിമ്പിക്സിന്റെ പ്രധാന്യം കുട്ടികളിൽ എത്തിക്കുക, വിവിധ കായികമേളകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം.
ലക്ഷ്യമിടുന്നത്
വൻ പങ്കാളിത്തം
നവംബർ 4 മുതൽ 11 വരെയാണ് പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ 16 സ്ഥലങ്ങളിലെ വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 24,000 കായിക പ്രതിഭകൾ അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലെ 41 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കും. എട്ടു ദിവസം പകലും രാത്രിയുമായി പതിനായിരത്തോളം മത്സരങ്ങളാണ് നടക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശേഷിപ്പിച്ചത്. അത്‌ലറ്റിക്സും ഗെയിംസും ഒരുമിച്ച് നടത്താനാണ് ശ്രമിക്കുന്നത്. കുട്ടികൾക്ക് താമസിക്കുന്നതിനായി അൻപതോളം സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
മേളയുടെ നടത്തിപ്പിനായി രണ്ടായിരം ഒഫീഷ്യലുകളും 500 സിലക്ടർമാരും രണ്ടായിരം വോളണ്ടിയർമാരും അണിനിരക്കും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. കലാകായിക പ്രദർശനങ്ങളും ചടങ്ങിന് മിഴിവേകും.
വർണാഭമായ വിളംബരഘോഷയാത്ര, കായിക പ്രതിഭകൾ സംഗമിക്കുന്ന മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായിക പ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയുണ്ടാകും. ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന വിപുലമായ സമാപന സമ്മേളനവും സംഘടിപ്പിക്കും.
സമ്മാനങ്ങളിലും വൈവിദ്ധ്യം
സ്കൂൾ ഒളിമ്പിക്സിൽ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രി സ്വർണക്കപ്പ് സമ്മാനിക്കും. മൂന്ന് കിലോയോളം ഭാരമുള്ള ട്രോഫിയാകും ഇത്. വ്യക്തിഗത വിജയികൾക്ക് ഒളിമ്പിക്‌സ് മാതൃകയിലുള്ള മെഡലുകൾ, ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവയും നൽകും. കുട്ടികൾക്കായി മികച്ച ഭക്ഷണമാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. ഒരേ സമയം 5,000 പേരെ ഉൾക്കൊള്ളുന്ന ഭക്ഷണപന്തൽ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂൾ ഒളിമ്പിക്‌സിന് സ്ഥിരമായ ലോഗോ രൂപകൽപ്പന ചെയ്തു. ഈ വർഷത്തെ സ്‌കൂൾ ഒളിമ്പിക്‌സിന് ആപ്തവാക്യം, തീം സോംഗ്, പ്രോമോ വീഡിയോ, ബ്രാൻഡ് അംബാസിഡർമാർ, ഗുഡ്‌വിൽ അംബാസിഡർ എന്നിവയുമുണ്ട്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി കായികോത്സവത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് സ്‌പോർട്‌സ് ഇവന്റുകളുമുണ്ട്.
മേളയുടെ ഭാഗമായി സാംസ്‌കാരിക പരിപാടികൾ, കലാസന്ധ്യകൾ, സ്‌പോർട്‌സ് സെമിനാറുകൾ, സ്‌പോർട്‌സ് സ്റ്റാളുകൾ, കായിക ഉത്പന്നങ്ങളുടെ വിതരണം, പ്രദർശനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മികച്ച അനുഭവം സാദ്ധ്യമാക്കുന്നതിന് കൊച്ചി നഗരത്തിലെ സാംസ്‌കാരിക നിലയങ്ങൾ, പൈതൃകങ്ങൾ, മെട്രോ, വാട്ടർ മെട്രോ, ഫോർട്ട് കൊച്ചിയിൽ സായാഹ്ന സഞ്ചാരം, സ്ട്രീറ്റ് ഫുഡ് തുടങ്ങിയ വൈവിദ്ധ്യങ്ങൾ ഒരുക്കും.
സ്‌കൂൾ ഒളിമ്പിക്‌സിന്റെ മുഖ്യവേദികളിലൊന്നായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിന്റെ നവീകരണജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ഇവിടെമാത്രം 17 കോടി രൂപയുടെ പദ്ധതിയാണ്. പുതിയ സിന്തറ്റിക് ട്രാക്, ഹോക്കി ടർഫ്, മൾട്ടി സ്പോർട്സ് ഫെസിലിറ്റി എന്നിവയ്ക്കാണിത്. സംസ്ഥാന മേളയക്ക് മുന്നോടിയായി ജില്ലാ സ്‌കൂൾ ഒളിമ്പിക്സുകൾ നടന്നുവരികയാണ്.
കളത്തിന് പുറത്തും വേണം
സ്പോർട്സ്മാൻ സ്പിരിറ്റ്
സ്കൂൾ മേളകൾ, അത് കലോത്സവമായാലും കായകോത്സവമായാലും തർക്കങ്ങളും പരാതികളും പരിഭവങ്ങളും പതിവാണ്. കയ്യാങ്കളിയും നിയമ പോരാട്ടങ്ങളും കാണാത്ത മേളകൾ ചുരുക്കമാണെന്നു കാണാം. പന്തിയിൽ പക്ഷപാതം പാടില്ലെന്ന തത്വം മറക്കുന്ന വിധികർത്താക്കൾ, കുതന്ത്രങ്ങൾ പയറ്റുന്ന രക്ഷിതാക്കളും അദ്ധ്യാപകരും കോഴയിടപാടുകൾ... ഇങ്ങനെയുള്ള സംഭവങ്ങളെല്ലാം മേളയുടെ നിറം കെടുത്താറുണ്ട്. കായിക മേളകളിൽ ഇത്തരം തർക്കങ്ങൾ താരതമ്യേന കുറവാണ്. അതേസമയം, പ്രായത്തെ ചൊല്ലിയുള്ള വിവാദവും ഉത്തേജകമരുന്ന് വിഷയവും വെട്ടിനിരത്തലുമെല്ലാം ഇവിടേയും ഉണ്ടാകാറുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട ഫണ്ടു വിവാദവും ധൂർത്തുമാണ് പല ഔദ്യോഗിക മാമാങ്കങ്ങളുടേയും മറ്റൊരു ശാപമായി മാറുന്നത്. ഇതെല്ലാം മനസിൽക്കണ്ട് സ്കൂൾ ഒളിമ്പിക്സ് കുറ്റമറ്റതാക്കാനുള്ള സ്പോർട്സ്മാൻ സ്പിരിറ്റ്, കളത്തിലും കളത്തിന് പുറത്തുമുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |