കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായ മെഹ്‌റൂഫ് (36) ഹൈഡ്രോ കഞ്ചാവ് കേസിലെ പ്രധാന കണ്ണി. എറണാകുളം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യക സംഘമാണ് മെഹ്‌റൂഫിനെ വലയിലാക്കിയത്. കാസര്‍കോട് ലൈറ്റ് ഹൗസ് ലെയ്ന്‍ സ്വദേശിയായ യുവാവ് കൊച്ചിയില്‍ എത്തിയത് വിദേശത്തേക്ക് കടക്കുകയെന്ന ഉദ്ദേശത്തോടെയാണ്. ബാങ്കോക്കിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
സെപ്റ്റംബര്‍ 27ന് ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നരക്കോടി രൂപ വില വരുന്ന ഹൈഡ്രോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ സാധനം എത്തിച്ച സംഘത്തിലെ പ്രധാന കണ്ണിയാണ് മെഹ്‌റൂഫ് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ കേരളത്തിലേക്ക് വന്നിട്ടുണ്ടെന്നും നാട്ടിലെത്തിയാല്‍ അവിടെ നിന്ന് വിദേശത്തേക്ക് കടക്കുകയെന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും കര്‍ണാടകയിലെ കൂര്‍ഗ് എസ്പി പി.കെ രാമരാജന്‍ കേരള പൊലീസിനെ വിവരം ധരിപ്പിച്ചിരുന്നു.
എറണാകുളം റൂറല്‍ പൊലീസ് മേധാവിയെ നേരിട്ട് വിളിച്ചാണ് വിവരം കൈമാറിയത്. നിര്‍ണായകമായ വിവരം ലഭിച്ചപ്പോള്‍ തന്നെ മെഹ്‌റൂഫിനെ കുടുക്കാന്‍ കേരള പൊലീസ് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്തിരുന്നു. നെടുമ്പാശേരിയും പരിസരപ്രദേശവും കേന്ദ്രീകരിച്ച് തന്നെയായിരുന്നു പൊലീസിന്റെ അന്വേഷണം. മടിക്കേരി പോലീസിന് കൈമാറിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ശീതീകരിച്ച മുറിയില്‍ കൃത്രിമ വെളിച്ചത്തില്‍ വളര്‍ത്തുന്ന ഉഗ്രശേഷിയുള്ള ലഹരി വസ്തുവാണ് ഹൈഡ്രോ കഞ്ചാവ്. അത്യന്തം അപകടകാരിയായ ഈ ലഹരി വസ്തുവിന് കിലോയ്ക്ക് ഒരു കോടിയില്‍ ഏറെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |