കൊച്ചി: എസ്.എൻ.ഡി.പി. യോഗം തിരഞ്ഞെടുപ്പിന് വോട്ടർ പട്ടിക തയ്യാറാക്കുന്ന മേൽനോട്ട സമിതിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സ്ഥലസൗകര്യം നൽകാൻ ഹൈക്കോടതി ഉത്തരവായി. പാലാരിവട്ടത്തെ കണയന്നൂർ യൂണിയൻ ഓഫീസിലും കൊല്ലത്തെ യോഗം ഓഫീസിലും സ്ഥലം ലഭ്യമാണെന്ന് യോഗത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇവിടെ സൗകര്യങ്ങൾ ഒരുക്കാൻ ജസ്റ്റിസ് ടി.ആർ. രവി നിർദേശിച്ചു.
സമിതിയുടെ രേഖകൾ സൂക്ഷിക്കാൻ മതിയായ സൗകര്യം ഒരുക്കണം. സമിതി അദ്ധ്യക്ഷനായ റിട്ട. ജഡ്ജി ജസ്റ്റിസ് കെ. രാമകൃഷ്ണന് പ്രാഥമിക ഓണറേറിയമായി മൂന്നു ലക്ഷം രൂപ യോഗം ഒരാഴ്ചയ്ക്കകം നൽകണം. പ്രവർത്തന പുരോഗതിയുടെ ഇടക്കാല റിപ്പോർട്ടുകളും ഫണ്ട് ആവശ്യമുണ്ടെങ്കിൽ അക്കാര്യവും സമിതി കോടതിയിൽ സമർപ്പിക്കണം. കമ്മിറ്റിക്ക് ആവശ്യമായ ജീവനക്കാരെ യോഗം നൽകണം. കമ്മിറ്റി ആവശ്യപ്പെടുന്ന രേഖകളും കൈമാറണം.
വോട്ടർ പട്ടിക അന്തിമമാക്കാനുള്ള സമയക്രമം സംബന്ധിച്ചു സമിതി തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി 30ന് നിർദേശിച്ചിരുന്നു. തിരിച്ചറിയിൽ കാർഡ് വിവരങ്ങൾ ഉൾപ്പെടെയുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് യോഗം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |