SignIn
Kerala Kaumudi Online
Thursday, 07 November 2024 1.00 AM IST

"ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്തയാൾ, ആദ്യമായി കടം ചോദിച്ചു"'കീരിക്കാടൻ ജോസിനെപ്പറ്റി' കുറിപ്പ്‌

Increase Font Size Decrease Font Size Print Page
mohanraj

മോഹൻരാജ് എന്ന കീരിക്കാടാൻ ജോസിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകനായ എബ്രഹാം മാത്യു വർഷങ്ങൾക്ക് മുമ്പ് എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. മോഹൻരാജിന്റെ സുഹൃത്തായിരുന്നു എബ്രഹാം മാത്യു.

കിരീടത്തിന്റെ റീലിസിനെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. കൂടാതെ അന്ന് മോഹൻരാജിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെ ചില വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ചും കുറിപ്പിൽ പറയുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഹോട്ടൽ നളന്ദ; കോഴിക്കോട്; 1987-89.

അടുത്ത മുറിയിൽ, എൻഫോഴ്സ്മെന്റ് ഓഫീസർ - 102 കിലോ തൂക്കം; 6 അടി 3

ഇഞ്ച് ഉയരം.

അന്ന് സബ് എഡിറ്റർ ട്രയിനി; ഡ്യൂട്ടി തീരാൻ രാത്രി വൈകും; എത്തുമ്പോഴേക്കും പകുതി തുറന്ന മുറിയിൽ സ്നേഹിതൻ കാത്തിരിക്കുന്നു. മേശമേൽ ചപ്പാത്തി, ചിക്കൻ, ഉലഞ്ഞുതീരാറായ ഫുൾബോട്ടിൽ. അട്ടഹാസമാണു സ്നേഹം.

മുഴങ്ങുന്ന ചിരി, കറുത്ത ഷർട്ട്, എന്റെ ദുർബലമായ കെയ് കരുത്തിൽ അമരുന്നു.

"പോകാം ...'

ബുള്ളറ്റ് സ്റ്റാർട്ടായി. അസമയത്തെ കോഴിക്കോട് ബീച്ച്. നിർഭയനും സാഹസികനുമായ സ്നേഹിതനൊപ്പം നിലാവുകണ്ടും കിനാവുകണ്ടും കിടന്നു.

മൗനമാണു സ്നേഹം.

ഒരു ബീച്ച് രാത്രിയിൽ ഏതോ തമിഴ് സിനിമയിൽ ചെയ്ത ചെറുവില്ലൻ വേഷത്തെപ്പറ്റി സ്നേഹിതൻ ലജ്ജയോടെ പറഞ്ഞു. വെറുതെ, സ്റ്റണ്ട് സീൻ റിപ്പീറ്റ് ചെയ്തു;

ബീച്ചിലെ അവസാന സന്ദർശകൻ അതുകണ്ട് തിരിഞ്ഞുനോക്കിപ്പോകുന്നു. റെഡി മെയ്ഡ് ഷർട്ട് പാകമാകില്ല. തുണിയെടുത്ത് തയ്പിക്കാൻ കടകൾ കയറിയിറങ്ങി.

എക്സ്ട്രാ ലാർജജും പോര; അളവെടുക്കാൻ വൃദ്ധനായ തയ്യൽക്കാരൻ പാടുപെടുന്നു. ബുള്ളറ്റിനുപിന്നിലെ എനിക്ക് കഷ്ടിച്ച് അൻപത് കിലോ തൂക്കം; അന്തരമായിരിക്കും സ്നേഹം.

ഒരു ദിവസം നളന്ദയിലെ റിസപ്ഷനിലേക്ക് ഫോൺ. ഫോട്ടോ കണ്ടതിന്റെ വിളി. സിബി

മലയിലിന്റെ സംവിധാനസഹായായിരുന്നെന്ന് ഓർമ്മ. മൊബൈൽഫോൺ ഭാവനയിൽ

വന്നിട്ടില്ല. തിരുവനന്തപുരത്ത് പോകണം; പോയി.

പിന്നെ വിശേഷം വിളിച്ചു പറഞ്ഞു: “കിരീടത്തിൽ വില്ലൻ വേഷം'',

“നല്ല റോളാണോ

“ആർക്കറിയാം; ഫൈറ്റുണ്ട്. നല്ല ഫൈറ്റ്.'

ഷൂട്ടിംഗ് കഴിഞ്ഞുവന്നു.

“എങ്ങനെ?''

“പടം ഇറങ്ങുമാരിക്കും; മോഹൻലാലിനെ ചവിട്ടുന്ന സീനുണ്ട്. '

“സത്യം ...?''

നളന്ദയിലെ പരിചാരകർ വിശ്വസിക്കുന്നില്ല.

പിന്നെ കിരീടത്തിന്റെ പരസ്യം പ്രത്രത്തിൽ.

പുതുമുഖവില്ലൻ മോഹൻരാജ്!

ചിത്രമായി താടിവച്ച മുഖം.

അന്നത്തെ ബീച്ച് രാത്രി വൈകി;

നളന്ദയിലെ മറ്റ് സ്നേഹിതർ ഒത്തുകൂടി.

ജോർജ്ജ്, സോമൻ, രവി.

കിരീടം കാത്തിരുന്നു....

റിലീസ് ചെയ്ത ദിവസം സെക്കൻഡ് ഷോയ്ക്ക് ബുള്ളറ്റ് ബീച്ചിൽ പോകാതെ തിയറ്ററിലേക്ക്...

ടെൻഷൻകൊണ്ട് ചങ്കിടിക്കുന്നുണ്ടെന്ന് പറഞ്ഞു.

സിഗരറ്റ് ജ്വലിച്ചു.; മരിച്ചു.

കീരിക്കാടൻ ജോസ്...

മാസ് എൻട്രി, പ്രേക്ഷകർ ശ്വാസം അടക്കി;

ഇടയിലിരുന്ന് ഞങ്ങളും.

ഇന്റർവെൽ പുറത്തേക്കിറങ്ങുമ്പോൾ ചിലർക്ക് സംശയം; കീരിക്കാടൻ...?

മോഹൻരാജ് നാണിച്ചു തലകുലുക്കി.

തിയറ്റർ ഇളകുന്നു; തിരിഞ്ഞുനോക്കുന്നു.

സിനിമ തീർന്നു.

ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യാൻ ആരാധകർ സമ്മതിക്കുന്നില്ല.

ചിലർ പിന്നാലെ.

സാഗർ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ.

സിനിമ കഴിഞ്ഞെത്തിയവർ അവിടെയും...

“താരമായി

“സിനിമ ഓടുമോ?''

അടുത്ത സിഗരറ്റ് മിന്നുന്നു.

അന്നും ബീച്ച് മുടക്കിയില്ല; പാതിരാ കഴിഞ്ഞു.

കറുത്തകടലും കറുത്ത ആകാശവും ഒന്നായി പതഞ്ഞു.

സ്നേഹിതന്റെ കൈകളിൽ തലോടി നോക്കി.

ഇതേ കൈയ്കളിൽ തന്നെയല്ലേ ഊരിപ്പിടിച്ച കത്തിയുമായി നായകന്റെ നേർക്ക്...

ജനം ചങ്കിടിപ്പോടെ...!

സത്യം, താരജീവിതം അയാൾ സ്വപ്നം കണ്ടിരുന്നില്ല.

കുനിയാത്ത ശിരസ്സ്; വെട്ടിതുറന്ന പ്രകൃതം.

“എനിക്കിതൊന്നും പറ്റില്ല

തുറന്ന മനസ്സാണ് സ്നേഹം,

ഒരു വർഷത്തിനുശേഷം പിരിഞ്ഞു.

ഒന്നാംനിര വില്ലനായ സ്ഥിതിക്ക് മോഹൻരാജ് ചെന്നൈയിലേക്ക്;

കോട്ടയം ലേഖകനായി ഞാനും, കല്യാണമായപ്പോൾ ക്ഷണിച്ചു.

കോട്ടയം പള്ളിമുറ്റത്തെ കല്യാണദിന ഓർമ്മ. മോഹൻരാജ് വന്നു.

പള്ളിക്കകത്തേക്കു കയറാൻ ആരാധകർ കീരിക്കാടനെ സമ്മതിക്കുന്നുണ്ടായിരുന്നില്ല.

തിരുവനന്തപുരം ജനറൽ ആശുപ്രതി.

വീണ്ടും കണ്ടു; അതിവേഗതയുടെ 30 വർഷങ്ങൾ!

സമൂഹമാധ്യമങ്ങൾ “കീരിക്കാടനെ പറ്റി നിറംപിടിപ്പിച്ച വാർത്തകൾ നല്കി.

മോഹൻരാജ് രോഷം പങ്കുവച്ചു. വ്യാജവാർത്തക്കെതിരെ പൊലീസിനു നല്കിയ പരാതി വായിക്കാൻ തന്നു.

വെരിക്കോസ് വെയ്ൻ... നടക്കാൻ പ്രയാസം.

ചികിത്സയും മരുന്നും; കുറച്ച് ക്ഷീണവും.

കട്ടിലിലേക്ക് മെല്ലെ ഇരുന്നു.

കെയ് തോളിൽ വച്ചപ്പോൾ ഭാരം ഓർത്തു;

നൂറിൽ കുറഞ്ഞിട്ടില്ല.

നളന്ദരാതികൾ തിരികെ വന്നു.

യൗവനവേഗങ്ങളോർത്തു; ചിലതു മുറിഞ്ഞു.

കൂടിച്ചേരുന്ന മുറിവുകളാണു സ്നേഹം.

മുറിഞ്ഞതു കൂട്ടിച്ചേർത്തപ്പോൾ ചിരിച്ചു.

ചിരി തുടർന്നപ്പോൾ കിതച്ചു.

തമിഴ്, തെലുങ്ക്, മലയാളം. നൂറ്റമ്പതിൽപരം സിനിമകൾ.

മലയാളത്തിൽ സ്വന്തം പേരിനെക്കാൾ പ്രശസ്തമായ കഥാപാത്രത്തിന്റെ പേരുണ്ട്

കൂടെ. ആത്മാഭിമാനിയാണ് മോഹൻ രാജ്. ആരോടും സഹായം ചോദിക്കാത്തെ

പ്രകൃതം. ഇപ്പോൾ സാമ്പത്തിക ദുരിതത്തിലാണെന്ന വാർത്ത വ്യാജമാണ്. അഭിനയ ജീവിതം കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക നിലയിലുമാണ്.

ഭാര്യയും രണ്ടു പെൺമക്കളും ചെന്നെയിൽ; ഇടക്കവർ വന്നുപോകുന്നു.

യാത്രപറയാൻനേരം മോഹൻരാജ് കൈ നീട്ടി.

ഓർമ്മയിൽ കണ്ണുകൾ തിളങ്ങി.

“കടമായി കിട്ടുമോ നമ്മുടെ പഴയകാലം...?

ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടില്ലാത്തയാൾ

ആദ്യമായി കടം ചോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KEERIKKADAN JOSE, MOHANRAJ, FB POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.