മുതിർന്ന സി.പി.എം നേതാവായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചിട്ട് ഇന്ന് ഒരുവർഷം തികയുന്നു. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് ആനത്തലവട്ടത്ത് 1937ഏപ്രിൽ 22- ന് കൃഷ്ണൻ- നാരായണി ദമ്പതികളുടെ പുത്രനായാണ് ആനന്ദൻ ജനിച്ചത്. അക്കാലത്ത് സ്വന്തമായി ഭൂമിയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ചുറ്റുമുള്ളവരെല്ലാം കുടികിടപ്പുകാർ. തൊണ്ട് അഴുക്കി കയർ പിരിച്ചും കായലിൽ മണൽ വാരിയുമാണ് അവരെല്ലാം കഴിഞ്ഞിരുന്നത്. ആനന്ദൻ സഖാവിന്റെ വീട്ടിലും കയർ പിരിക്കൽ ഉണ്ടായിരുന്നു. സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ലൈഫ് ഇൻഷ്വറൻസ് ഏജന്റായി. അതോടൊപ്പം കയർ തൊഴിലാളികളെ സംഘടിപ്പിച്ച് യൂണിയൻ രജിസ്റ്റർ ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. വായനശാലാ പ്രസ്ഥാനത്തിലും സാംസ്‌കാരിക രംഗത്തുമൊക്കെ പ്രവർത്തിച്ചു. എൽ.ഐ.സിയിൽ നിന്നും സ്വന്തമായി വരുമാനം ലഭിയ്ക്കാൻ തുടങ്ങുന്നതിനിടെ റെയിൽവേയിൽ ടിക്കറ്റ് പരിശോധിക്കുന്ന ജോലി ലഭിച്ചു. പൊതുപ്രവർത്തനത്തിലുള്ള താത്പര്യം കാരണം ആ ജോലി ഉപേക്ഷിച്ചു.
ചെറുപ്പത്തിൽത്തന്നെ കയർ തൊഴിലാളികളുടെ അനിഷേദ്ധ്യ നേതാവായി. പഞ്ചായത്തംഗമായി. പ്രസിഡന്റായി. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നിരന്തരസമരങ്ങൾ സംഘടിപ്പിച്ചു. കയർ തൊഴിലാളികളുടെ പട്ടിണി മാർച്ചും പിക്കറ്റിംഗും നടത്തി. ഒപ്പം, പാർട്ടിയുടെയും യൂണിയന്റെയും സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടു. ജില്ലയിലെ അറിയപ്പെടുന്ന തൊഴിലാളി ബഹുജന നേതാവായി. അതിനിടയ്ക്കാണ് ലേഖകൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. 1969-ൽ രണ്ടാംഇ.എം.എസ് സർക്കാരിന്റെ രാജിയെ തുടർന്ന് ചെമ്പഴന്തി ശ്രീനാരായണ കോളജിൽ പകപോക്കലിനെതിരെ നടത്തിയ സഹന സത്യഗ്രഹികളെ അറസ്റ്റുചെയ്ത് നീക്കാൻ വന്ന പൊലീസിനു നേർക്ക് മുഷ്ടിചുരുട്ടി ചാടി വീണത് ആനന്ദൻ സഖാവായിരുന്നു. അദ്ദേഹത്തോടൊപ്പം തോപ്പിൽ ധർമ്മരാജനും ഉണ്ടായിരുന്നു.
സത്യഗ്രഹിയായ ലേഖകൻ അന്നാണ് ഈറ്റപ്പുലിയായ ആനത്തലവട്ടം ആനന്ദനെ ആദ്യം പരിചയപ്പെടുന്നത്. ആ അടുപ്പം മരണം വരെ നീണ്ടു. അതിനിടെ അദ്ദേഹത്തിന്റെ പ്രവർത്തനരംഗം നാടാകെ എത്തി. മൂന്നുതവണ എം.എൽ.എ ആയി. എഴുപതുകളുടെ തുടക്കത്തിൽ എ.കെ.ജിയുടെ സാന്നിദ്ധ്യത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച കാൽനട കയർ ജാഥയുടെ ക്യാപ്റ്റൻ ആനന്ദൻ സഖാവായിരുന്നു. ആ ജാഥ തിരുവനന്തപുരത്ത് പേട്ട രാജേന്ദ്ര മൈതാനത്താണ് സമാപിച്ചത്. അപ്പോഴത്തെ പാർട്ടിയുടെ പേട്ട ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ലേഖകന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടികൾ. പിന്നീട് അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി. യു ദേശീയ ഉപാദ്ധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായി ജീവിതാന്ത്യം വരെ പ്രവർത്തിച്ചു. കടുംബബന്ധങ്ങൾക്ക് വലിയ വില കല്പിച്ച വ്യക്തിയാണെങ്കിലും അവിശ്രമം പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ച സഖാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹധർമ്മിണി ലൈല ആനന്ദനും മക്കൾ ജീവൻ ആനന്ദും മഹേഷ് ആനന്ദും. ഇരുവരും വിവാഹിതർ. ആനന്ദൻ സഖാവിന്റെ ദീപ്തസ്മണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ.
(റെയിൽവെ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ സെക്രട്ടറിയും, മിനർവ ശിവാനന്ദൻ സ്മാരക സമിതി പ്രസിഡന്റുമാണ് ലേഖകൻ. ഫോൺ:
85473 16888)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |