ഉരുൾപൊട്ടലിൽ തുടച്ചുനീക്കപ്പെട്ട വയനാട്ടിലെ ഭൂപ്രദേശങ്ങളിൽ ശേഷിക്കുന്നവരെ പുനരധിവസിപ്പിക്കാനായി രണ്ട് എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരിക്കുകയാണ്. മേപ്പാടി പഞ്ചായത്തിലെ നെടുമ്പോല, കല്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റുകൾ ഏറ്റെടുത്ത് മാതൃകാ ടൗൺഷിപ്പുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമ - സാങ്കേതിക കുരുക്കുകൾ ഒഴിവാക്കാൻ ദുരന്ത നിവാരണ നിയമത്തിലെ പ്രസക്ത വകുപ്പുകൾ ആധാരമാക്കിയാവും എസ്റ്റേറ്റുകൾ ഏറ്റെടുക്കുക. ടൗൺഷിപ്പ് നിർമ്മാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിവേഗം മുന്നോട്ടു കൊണ്ടുപോകേണ്ടതുകൊണ്ട് ഏതു രൂപത്തിലുള്ള തടസങ്ങളും മറികടക്കാൻ ആദ്യമേ വഴിതേടുന്നത് നല്ലതാണ്. ഉരുൾപൊട്ടലിൽ കിടപ്പാടങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ട വയനാട് ജനതയെ എത്രയും വേഗം സുരക്ഷിതമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാൻ കഴിയുമ്പോഴാണ് സർക്കാരിന്റെ കടമയും ഉത്തരവാദിത്വവും പൂർത്തിയാകുന്നത്.
പുനരധിവാസത്തിനായി ഇപ്പോൾ കണ്ടെത്തിയിട്ടുള്ള രണ്ട് എസ്റ്റേറ്റുകളും പുതിയ ടൗൺഷിപ്പിന് ഏറ്റവും അനുയോജ്യമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എസ്റ്റേറ്റ് ഉടമകളുമായി എത്രയും വേഗം കൂടിയാലോചന നടത്തി അവ ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. അതിനായി ആവശ്യമെങ്കിൽ പ്രത്യേക സമിതിയെത്തന്നെ നിയോഗിക്കുകയുമാകാം. നിയമക്കുരുക്കുകളിൽപ്പെടുത്തി ഇതുപോലുള്ള നല്ല സംരംഭങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. പ്രകൃതി ദുരന്തത്തിന്റെ കൊടുംയാതനകൾ ഏറെ അനുഭവിക്കേണ്ടിവന്ന മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ ഗ്രാമങ്ങളിലെ നിസ്വരായി മാറിയ ജനങ്ങൾ പുതിയൊരു പാർപ്പിടകേന്ദ്രം കാത്ത് പ്രതീക്ഷകളോടെ കഴിയുകയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരുവർഷം ആകുമ്പോഴെങ്കിലും ടൗൺഷിപ്പിന്റെ പണി ആരംഭിക്കാനായാൽ വലിയ സഹായമാകും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെയാവും പുനരധിവാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ പരിഗണിക്കുക. വീണ്ടെടുക്കാനാകാത്ത വിധം സ്ഥലം നഷ്ടമായവരെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.
ആദ്യ രണ്ടുഘട്ടം പുനരധിവാസത്തിന് അർഹരായ കുടുംബങ്ങളുടെ പട്ടിക ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. മാനദണ്ഡങ്ങൾ റവന്യു വകുപ്പ് അറിയിക്കും. നാശനഷ്ടങ്ങൾ സംബന്ധിച്ച് ഇതിനകം റവന്യു അധികൃതർ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പരാതികളുള്ളവർക്ക് അവ പരിഹരിക്കാനുള്ള അവസരം നൽകാൻ സംവിധാനമൊരുക്കണം. ഇതിനാവശ്യമായ ഔദ്യോഗിക സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം. പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനൊപ്പം അടിയന്തര സഹായത്തിന് അർഹരായവർക്ക് അതു നൽകാനുള്ള തീരുമാനവും മന്ത്രിസഭായോഗം കൈക്കൊണ്ടിട്ടുണ്ട്. മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പത്തുലക്ഷം രൂപ വീതം സഹായം നൽകും. ദുരന്തത്തിൽ മാതാപിതാക്കളടക്കം മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട ശ്രുതി എന്ന യുവതിക്ക് സർക്കാർ ജോലി നൽകാനുള്ള മന്ത്രിസഭാ തീരുമാനവും ഉചിതമായി.
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രം ഇനിയും പ്രത്യേക സഹായം അനുവദിക്കാൻ തയ്യാറാകാത്തത് സംസ്ഥാന സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. കേന്ദ്ര വിഹിതം കൂടി ലഭിച്ചാൽ പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാനാകും. അതിനുള്ള മാർഗങ്ങൾ തേടണം. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അനേകം പേരും സംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടുവന്നിരുന്നു. അതൊക്കെ ഏകോപിപ്പിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കി പുനരധിവാസവുമായി മുന്നോട്ടു പോകാനാകും. രണ്ടുമാസം കഴിഞ്ഞിട്ടും അതിനുള്ള യാതൊരു ശ്രമവും തുടങ്ങിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. വാഗ്ദാനം ചെയ്ത സഹായം വാങ്ങിയെടുക്കാൻ ശുഷ്കാന്തി കാണിക്കണം. ഇതുപോലുള്ള പുനരധിവാസ യജ്ഞങ്ങളിൽ വേഗത്തിനാണ് പ്രാധാന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |