തൊടുപുഴ: കിണറ്റിൽ വീണ ഗർഭിണിയായ പശുവിനും ആടിനും രക്ഷകരായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. രണ്ട് വ്യത്യസ്ത ഇടങ്ങളിലായിരുന്നു സംഭവം. ഇന്നലെ രാവിലെ എട്ടിന് വടക്കുംമുറി ക്ഷേത്രത്തിന് സമീപമാണ് തട്ടുപറമ്പിൽ സിദ്ദിഖിന്റെ ഗർഭിണിയായ ജേഴ്സി പശു അയൽവാസിയായ രാജേഷിന്റെ കിണറ്റിൽ വീണത്. മേഞ്ഞുനടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാല് തെന്നി പശു 20 അടി
താഴ്ചയുള്ള കിണറ്റിലേക്ക് പശു വീഴുകയായിരുന്നു. കിണറ്റിൽ 12 അടിയോളം വെള്ളവുമുണ്ടായിരുന്നു. ഉടൻ തന്നെ വീട്ടുടമ
അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. സേനാംഗം എൻ.എസ് അജയകുമാർ കിണറ്റിൽ ഇറങ്ങി റെസ്ക്യു ബെൽറ്റ് ഉപയോഗിച്ച് പശുവിനെ സുരക്ഷിതമായി ബന്ധിച്ചതിനുശേഷം മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെ പുറത്ത് എത്തിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസ്, ഫയർ ഓഫീസർമാരായ എം.കെ. ബിനോദ്, എബി സി.എസ്, ഷൗക്കത്തലി ഫവാസ് എം.കെ, ലിബിൻ ജെയിംസ്, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് 1.30ന് നെയ്യശ്ശേരിയിലായിരുന്നു ആട് കിണറ്റിൽ വീണത്. കാഞ്ഞിരപ്ലാക്കിൽ പത്രോസിന്റെ ആടാണ് അയൽവാസിയായ കാവുപ്പുരക്കൽ തങ്കൻപാലൻ്റെ കിണറ്റിൽ വീണത്. ഇതും മേഞ്ഞ് നടക്കുന്നതിനിടയിൽ കാല്തെറ്റി വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സേനാംഗം ടി.കെ. വിവേക് കിണറ്റിൽ ഇറങ്ങി റെസ്ക്യു നെറ്റ് ഉപയോഗിച്ച് അടിനെ രക്ഷിച്ചു. ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ഓഫീസർമാരായ ബിനോദ് എം.കെ, ഉബാസ് കെ.എ, അനിൽ നാരായണൻ, ഹോം ഗാർഡ് ബെന്നി എ.പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |