കിളിമാനൂർ: ചരിത്ര സ്മൃതികളുറങ്ങുന്ന തമ്പുരാട്ടിപ്പാറയിലേക്ക് സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടും ടൂറിസം വികസനം സ്വപ്നങ്ങളിൽ ഒതുങ്ങുന്നതായി ആക്ഷേപം. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ചാരുപാറയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുകൾപ്പരപ്പിൽ ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും പാറയുടെ ഒരുവശത്തായി ഗുഹയുമുണ്ട്. മറുവശത്ത് കുറ്റിച്ചെടികളും കാട്ടുമരങ്ങളും. തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നവയാണ്. തമ്പുരാട്ടി പാറയേയും പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണിപ്പാറയേയും ബന്ധിപ്പിച്ച് റോപ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെക്കുറിച്ച് മുൻപ് പഠനം നടത്തിയിരുന്നു. അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ഇക്കാര്യത്തിൽ താത്പര്യം കാട്ടിയിരുന്നെങ്കിലും ഇതിനായുള്ള പരിശ്രമങ്ങൾ പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല എന്ന ആക്ഷേപമുണ്ട്. ഇതേസമയം കടലുകാണിപ്പാറയിൽ പുളിമാത്ത് പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപ വിനിയോഗിച്ച് നിരവധി പദ്ധതികൾ നടപ്പാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുകയും ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുകയും ചെയ്തു. റോപ്പ്‌വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പാക്കി തമ്പുരാട്ടിപ്പാറയേയും ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധി ടൂറിസം സാദ്ധ്യതകളുള്ള ഇവിടം പാറക്വാറി മാഫിയകൾ കൈയടക്കുമോയെന്ന് പ്രകൃതിസ്നേഹികൾ ഭയക്കുന്നു. സമീപത്തെ ചെറുമലകളെല്ലാം അവർ കൈയടക്കിക്കഴിഞ്ഞു.
പേരിനു പിന്നിലെ കഥ:
രാജഭരണകാലത്ത് പ്രണയത്തിലായിരുന്ന രാജകുമാരിയും കുതിരക്കാരനായ യുവാവും കുതിരലയത്തിൽ വച്ച് പതിവായി കാണുമായിരുന്നു. ഇത് കണ്ടെത്തിയ സേവകന്മാർ ഇക്കാര്യം രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. രാജകുമാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് രാജകിങ്കരന്മാരെ ഉപയോഗിച്ച് കുതിരക്കാരനെ വകവരുത്താൻ രാജാവ് തീരുമാനിച്ചു. രാജകുമാരിയും തോഴിമാരും ഉൾപ്പെടെയുള്ള സംഘം നീരാട്ടിനായി ചിറ്റാറിലെത്തിയപ്പോൾ സുരക്ഷയൊരുക്കാനായി വന്ന കുതിരക്കാരനെ കിങ്കരന്മാർ വധിച്ചു. ഇതറിഞ്ഞ രാജകുമാരി ഉഗ്ര തപസ്സിൽ ഏർപ്പെടുകയും ശിലയായി വിലയം പ്രാപിക്കുകയുമായിരുന്നു. ഇതാണ് തമ്പുരാട്ടിപ്പാറയായി മാറിയതെന്ന് പറയപ്പെടുന്നു.
സ്ഥിതിചെയ്യുന്നത് ചിറ്റാർ കരയിൽ
ഭൂനിരപ്പിൽ നിന്നുള്ള ഉയരം 800 അടി
സാദ്ധ്യതകൾ
ടൂറിസം കേന്ദ്രമായി മാറിയ കടലുകാണിപ്പാറയും തമ്പുരാട്ടിപ്പാറയും തമ്മിൽ റോപ്പ് വേ
സാഹസിക ടൂറിസം
പിൽഗ്രിം ടൂറിസം
ജഡായുപ്പാറ പോലെ ഇലക്ട്രിക് കാറുകളിൽ ടൂറിസ്റ്റുകളെ മുകളിൽ എത്തിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |