നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക നിവാരണത്തിനായി നടപ്പിലാക്കിയ 'ഓപ്പറേഷൻ പ്രവാഹ് ' രണ്ടാംഘട്ടത്തിന് സിയാൽ തുടക്കമിടുന്നു. പെരിയാറിൽ നിന്ന് ചെങ്ങൽത്തോട് തുടങ്ങുന്ന ഭാഗത്ത് റെഗുലേറ്റർ കം ബ്രിഡ്ജ്, ചൊവ്വര, പുളിയാമ്പള്ളി, മഠത്തിമൂല എന്നിവിടങ്ങളിൽ പാലങ്ങൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ നിർമ്മിക്കുക. ഓപ്പറേഷൻ പ്രവാഹിന്റെ രണ്ടാംഘട്ടത്തിന് സിയാൽ ഡയറക്ടർ ബോർഡ് അനുമതി നൽകിയതോടെ 80 കോടി രൂപ ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങളാണ് തുടങ്ങുക.
രണ്ടാംഘട്ട പദ്ധതികൾ
ചെങ്ങൽതോടിന്റെ ഉത്ഭവ സ്ഥാനത്ത് നിർമിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജ് ആണ് പ്രധാനപ്പെട്ട പദ്ധതി. ഇതിന്റെ ടെൻഡർ നടപടികൾക്ക് സിയാൽ ഉടനെ തുടക്കമിടും. വിമാനത്താവളത്തിന്റെ തൊട്ടടുത്ത പ്രദേശങ്ങളല്ലെങ്കിലും നീരൊഴുക്ക് ഉറപ്പാക്കാൻ ചൊവ്വര, മഠത്തിൽമൂല, പുളിയാമ്പള്ളി ഭാഗങ്ങളിലെ കലുങ്കുകൾ മാറ്റുകയും പുതിയ പാലങ്ങൾ നിർമ്മിക്കുകയും ചെയ്യും. മുഖ്യമന്ത്രി അദ്ധ്യക്ഷനായ ബോർഡ് യോഗം നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർമാണ പ്രവർത്തനങ്ങളും സിയാൽ ഏറ്റെടുത്തത്.
റെഗുലേറ്റർ കം ബ്രിഡ്ജ്, മൂന്ന് പാലങ്ങൾ എന്നിവ നിർമിക്കാനുള്ള ടെൻഡർ നടപടികൾ വേഗത്തിൽ നടപ്പാക്കി പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് സിയാലിന്റെ തീരുമാനം. ഒന്നര വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്.
ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയ പദ്ധതികൾ
റൺവെയുടെ തെക്കുഭാഗത്തുള്ള ഡൈവേർഷൻ കനാൽ വീതികൂട്ടുകയും 20 കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ തോടുകൾ നവീകരിക്കുകയും ചെയ്തതോടെ വിമാനത്താവളത്തിലെയും പരിസരത്തുള്ള പത്തോളം തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കാനായി. കഴിഞ്ഞ ജൂലായിലെ കനത്ത മഴയിൽ പെരിയാറിലെ ജലനിരപ്പ് 8.06 മീറ്ററായി ഉയർന്നെങ്കിലും ഓപ്പറേഷൻ പ്രവാഹിന്റെ പ്രവർത്തനങ്ങൾ ആസൂത്രണത്തോടെ നിർവഹിക്കപ്പെട്ടതിനാൽ വെള്ളപ്പൊക്കം ഒഴിവായി. സാധാരണ നിലയിൽ 8.06 മീറ്റർ അപകടകരമായ ജലനിരപ്പാണ്. മുൻവർഷങ്ങളിൽ ഈ മേഖലയിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണമായ ജലനിരപ്പിനേക്കാളും കൂടുതലായിരുന്നു ഇത്.
സിയാൽ ഓപ്പറേഷൻ പ്രവാഹ് ഒന്നാംഘട്ടം പൂർത്തിയാക്കിയത് 2022ൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |