പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവ,നെനിക്കു രണ്ട്! പഴയ ചൊല്ല് അച്ചട്ടായത് ഇന്നലെ നിയമസഭയിലാണ്. അടിയന്തര പ്രമേയം കൈയിൽ വച്ച് ഭരണപക്ഷത്തെ ഒന്നു കശക്കാനെത്തിയതാണ് പതിവുപോലെ പ്രതിപക്ഷം. വേണ്ടുവോളം വിഷയങ്ങളുണ്ട് താനും. എന്നാൽ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിപ്പോയി.
പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിക്കുക, ഘോരഘോരം ഭരണ പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുക, സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുക, ഒടുവിൽ പ്രതിപക്ഷ അംഗങ്ങൾ വാക്കൗട്ട് നടത്തുക.... ഇതൊക്കെയാണ് സ്ഥിരം കലാപരിപാടികൾ. എന്നാൽ ഇന്നലെ കരുതിയതും കണക്കു കൂട്ടിയതുമൊക്കെ കൈവിട്ടു പോയി. പതിവിൽ നിന്നു മാറി അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ അനുമതി കിട്ടിയപ്പോഴേ പ്രതിപക്ഷത്തിന് മനസിലായി, സംഗതി അത്ര പന്തിയാവില്ലെന്ന്.
ഒരു അടിയന്തര പ്രമേയം സ്പീക്കർ സമക്ഷം സമർപ്പിച്ച കാര്യം പോലും മറന്ന മട്ടിലായിരുന്നു പിന്നീട് പ്രതിപക്ഷ ലീലാ വിലാസങ്ങൾ. അടിയന്തരപ്രമേയം നൽകിയിട്ട് ഒളിച്ചോടിയ പ്രതിപക്ഷം എന്ന പുതിയൊരു പദവി നൽകി പരിഹസിക്കാൻ ഭരണപക്ഷത്തിന് വകയും നൽകി. പ്രതിപക്ഷം വലിയ പ്രതീക്ഷയോടെ നക്ഷത്ര ചിഹ്നമിട്ട് നൽകിയ ചോദ്യങ്ങളുടെ നക്ഷത്രം ഊരിയതാണ് അവരെ പ്രകോപിപ്പിച്ചത്. ഇക്കാര്യത്തിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നല്ലപോലെ ഉരസി. രേഖയിൽ കൊള്ളിക്കാവുന്നതും അല്ലാത്തതുമായ പല്ലവികൾ തുടരെ വന്നുകൊണ്ടിരുന്നു.
പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ മൈക്ക് നൽകാതിരുന്നാൽ, സഭയിലെ ഹൈടെക് മെമ്പറായ മാത്യു കുഴൽനാടന് സഹിക്കുമോ? സ്പീക്കറുടെ ഡയസിനു മുന്നിലെത്തിയാണ് കുഴൽനാടൻ രോഷം പ്രകടിപ്പിച്ചത്. ഈ സമയത്ത്, 'ആരാണ് പ്രതിപക്ഷ നേതാവെ"ന്ന് സ്പീക്കർ ചോദിച്ചത് ഒരു ഒന്നൊന്നര ചോദ്യമായിപ്പോയി. സതീശനെ ഇത് വല്ലാതെ ചൊടിപ്പിച്ചു. പക്വതയില്ലാതെ പെരുമാറിയ സ്പീക്കർ, ആ പദവിക്ക് അർഹനല്ലെന്നു പറഞ്ഞതിനൊപ്പം അദ്ദേഹം നിരത്തിയ മറ്റു വിശേഷണങ്ങളും പിന്നീട് സഭാ രേഖകളിൽ നിന്ന് നീക്കി.
തന്റെ നിലവാരത്തെ തൊട്ടുകളിക്കുന്നത് പണ്ടേ പ്രതിപക്ഷ നേതാവിന് അത്ര ഇഷ്ടമല്ല. അപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രി എം.ബി. രാജേഷുമൊക്കെ പ്രതിപക്ഷ നേതാവിന്റെ നിലവാരത്തെക്കുറിച്ച് പരാമർശിച്ചത്. അതിൽ ദേഷ്യം പൂണ്ടാണ്, കടുത്ത ഈശ്വരവിശ്വാസിയായ താൻ പ്രാർത്ഥിക്കുമ്പോൾ മനസിൽ വിചാരിക്കുന്ന കാര്യം സതീശൻ വെളിപ്പെടുത്തിയത്. അഴിമതിക്കാരനാവരുതെന്നും നിലവാരമില്ലാത്തവനാവരുതെന്നുമാണ് പ്രാർത്ഥിക്കുന്നതെന്ന് പറയും മുമ്പ് 'അങ്ങയെപ്പോല" (മുഖ്യമന്ത്രി) എന്നൊരു വിശേഷണം കൂടി കൂട്ടിച്ചേർക്കാൻ മറന്നില്ല.
സഭയിൽ ഒരു വാക്ക് ഉരിയാടിയില്ലെങ്കിലും ഇന്നലെ അങ്കക്കലിയിലായിരുന്നു പ്രതിപക്ഷത്തെ മാത്യു കുഴൽനാടൻ. പ്രതിപക്ഷ നേതാവിന് മൈക്ക് അനുവദിക്കാതിരുന്നപ്പോൾ സ്പീക്കറുടെ ഡയസിനുമുന്നിൽ വരെ ക്ഷോഭിച്ചെത്തിയ കുഴൽനാടൻ, ബഹളം കനത്തതോടെ പോഡിയത്തിലേക്കും കടന്നു. ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, ടി. സിദ്ദിഖ്, സി.ആർ. മഹേഷ് തുടങ്ങിയ പോരാട്ടവീര്യമുള്ള അംഗങ്ങളും അങ്കക്കലി പൂണ്ട കുഴൽനാടന് ഒപ്പം കൂടി. പ്രതിപക്ഷ ബഹളം കടുത്തപ്പോൾ, അവരെ എതിർക്കാൻ ഒറ്രയാൾ പട്ടാളം പോലെ മന്ത്രി ശിവൻകുട്ടി മുന്നോട്ടു നീങ്ങിയതായിരുന്നു മറ്റൊരു കൗതുകക്കാഴ്ച.
മുഖ്യമന്ത്രി സംസാരിച്ചു നിൽക്കുമ്പോഴാണ് മുണ്ട് മടക്കിക്കുത്താതെ ഇടതുവശത്തുകൂടെ ശിവൻകുട്ടി മുന്നോട്ടു വന്നത്. യു.ഡി.എഫ് ഭരണകാലത്ത് കെ.എം. മാണിക്കെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി ശിവൻകുട്ടി സഭയിൽ നടത്തിയ ചരിത്രപരമായ പ്രകടനവും സ്പീക്കറുടെ കസേര മറിച്ചിടൽ രംഗങ്ങളും ഓർത്തിട്ടാവണം, ശിവൻകുട്ടിയുടെ കൈയിൽ പിടിച്ച് മുഖ്യമന്ത്രി തടഞ്ഞത്. അതു കൊണ്ട് പ്രതിപക്ഷാംഗങ്ങൾ രക്ഷപ്പെട്ടെന്നു പറയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |