ഫ്ലോറിഡ: മണിക്കൂറിൽ 285 കി.മീ വരെ വേഗം കൈവരിക്കുന്ന ‘മിൽട്ടൻ’ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ യു.എസിലെ ഫ്ലോറിഡ. ഇന്ന് കാറ്റ് പൂർണശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. ഇതേത്തുടർന്ന് താമസസ്ഥലത്തുനിന്ന് ജനങ്ങളോട് ഒഴിയാൻ ഭരണകൂടം നിർദ്ദേശം നൽകി. ഫ്ലോറിഡയുടെ ചില ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. അതിനിടെ, തെക്കൻ ഫ്ലോറിഡയിൽ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട ക്യൂ രൂപപ്പെടാൻ തുടങ്ങി. സ്റ്റേഷനുകളിൽ ഇന്ധനം തീർന്നതായും റിപ്പോർട്ടുകളുണ്ട്. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകൾ ഇന്ന് അടക്കുമെന്നും വ്യക്തമാക്കി. യു.എസിൽ കനത്ത നാശം വിതച്ച 'ഹെലൻ" ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെ 'മിൽട്ടനും" കൂടിയെത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച 'ഹെലൻ" ചുഴലിക്കാറ്റിൽ 160ലധികം പേർ മരിച്ചു. നോർത്ത് കരോലിനയിലാണ് 'ഹെലൻ' ചുഴലിക്കൊടുങ്കാറ്റ് കനത്ത നാശം വിതച്ചത്. ഇവിടെ മാത്രം 73 പേർ മരിച്ചു. സൗത്ത് കരോലിനയിൽ 36 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയിൽ 25 പേരും ഫ്ലോറിഡയിൽ 17 പേരും ടെന്നേസിയിൽ ഒൻപത് പേരും മരിച്ചെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |