ഡയബറ്റീസ് പോലുള്ള രോഗങ്ങളുള്ളവരും തടി കുറയ്ക്കാൻ ശ്രമിക്കുന്നവരുമുള്ള വീടുകളിൽ മിക്കവാറും അത്താഴത്തിന് തയ്യാറാക്കുന്നത് ചപ്പാത്തിയായിരിക്കും. രുചിയും ആരോഗ്യ ഗുണങ്ങളും ഏറെയുണ്ടെങ്കിലും ചപ്പാത്തി ഉണ്ടാക്കുക എന്നത് കുറച്ച് സമയം വേണ്ടി വരുന്ന കാര്യമാണ്. മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ചപ്പാത്തി ഉദ്ദേശിക്കുന്ന രീതിയിൽ കിട്ടുകയില്ല. മാത്രമല്ല, ശരിയായി പരത്തിയില്ലെങ്കിൽ കാണാനും ഭംഗിയുണ്ടാവില്ല.
കൈയ്ക്കും കാലിനുമൊക്കെ വേദനയോ മറ്റോ ഉള്ളവരും പ്രായമായവരും മിക്കവാറും ചപ്പാത്തിയോട് നോ പറയാറാണ് പതിവ്. ഏറെനേരമെടുത്ത് കുഴയ്ക്കുകയും പരത്തുകയും ചുട്ടെടുക്കുകയും ചെയ്യണമെന്നുള്ളത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാൽ ആയാസപ്പെടാതെ തന്നെ ചപ്പാത്തി ഈസിയായി തയ്യാറാക്കാൻ സാധിച്ചാലോ? ഈ സൂത്രം പരീക്ഷിക്കാം.
മാവിൽ ഉപ്പും അൽപ്പം വെളിച്ചെണ്ണയും ചേർത്ത് ചെറുചൂടുവെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് കുഴച്ചെടുക്കാം. അൽപ്പം വാഴപ്പഴം കൂടി ചേർത്ത് കുഴച്ചാൽ ചപ്പാത്തി കൂടുതൽ മൃദുലമാവും. ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കാം. ഇനി ചപ്പാത്തി പലകയിൽ ഉരുള വച്ചതിനുശേഷം മുകളിൽ ഒരു സ്റ്റീൽ പാത്രമോ കട്ടിയുള്ള ഗ്ളാസ്, പ്ളാസ്റ്റിക് പാത്രമോവച്ച് അമർത്തിയാൽ മതിയാവും. എളുപ്പത്തിൽ മാവ് പരന്ന് കിട്ടുന്നതായിരിക്കും, ചപ്പാത്തി പലക പൊട്ടിയോ കേടായോ പോയവർക്ക് ഒരു സ്റ്റീൽ പാത്രം കമഴ്‌ത്തിവച്ച് ചപ്പാത്തി പലകയായി ഉപയോഗിക്കാം. ഇതിനുമുകളിലായി മാവ് ഉരുളവച്ച് മറ്റൊരു സ്റ്റീൽ പാത്രം കൊണ്ട് അമർത്തിയാൽ മതിയാവും. ഇങ്ങനെ എളുപ്പത്തിൽ ചപ്പാത്തി റെഡിയാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |