മനുഷ്യരേക്കാൾ കൂടുതൽ സ്നേഹം മൃഗങ്ങൾക്കെന്ന് മന്ത്രി ജോർജ് കുര്യൻ
നെടുമ്പാശേരി: മനുഷ്യരേക്കാൾ കൂടുതൽ മനുഷ്യനെ സ്നേഹിക്കാൻ മൃഗങ്ങൾക്ക് സാധിക്കുമെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. വളർത്തുമൃഗങ്ങളുടെ ഇറക്കുമതിക്ക് ആനിമൽ ക്വാറന്റൈൻ, സർട്ടിഫിക്കറ്റ് സേവനങ്ങൾ (എ.ക്യു.സി.എസ്) കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുമ മൃഗങ്ങളെ ഇറക്കുമതി ചെയ്യുമ്പോൾ രോഗ സാധ്യതയുള്ളതിനാലാണ് സിയാലിൽ ക്വാറന്റൈൻ സൗകര്യമൊരുക്കുന്നത്. രോഗം വരാതെ മൃഗങ്ങളെ സൂക്ഷിക്കാൻ കഴിയണം. എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുക എന്ന ഭാരതീയ പാരമ്പര്യം നിലനിർത്തുന്ന സംരഭം കൂടിയാണ് സിയാലിനെ ക്വാറന്റൈൻ കേന്ദ്രം.
സിയാലിൽ എ.ക്യു.സി.എസ് ഓഫീസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കേന്ദ്ര ക്ഷീര വകുപ്പ് അഡീഷണൽ സെക്രട്ടറി വർഷ ജോഷി, സിയാൽ എം.ഡി എസ്. സുഹാസുമായി കരാർ ഒപ്പിട്ടു. വളർത്തുമൃഗങ്ങളുള്ള യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് എസ്. സുഹാസ് പറഞ്ഞു. മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ (ട്രേഡ്) ഡോ. ഗഗൻ ഗർഗ്, ചെന്നൈയിലെ അനിമൽ ക്വാറന്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ സർവീസ് ജോയിന്റ് കമ്മീഷണർ ഡോ. ഡി. ബിശ്വാസ് എന്നിവർ സംസാരിച്ചു.
ഏഴാമനായി സിയാൽ
വളർത്തുമൃഗങ്ങളെ ഇറക്കുമതി ചെയ്യാൻ അനുമതി ലഭിക്കുന്ന രാജ്യത്തെ ഏഴാമത്തെ വിമാനത്താവളമാണ് സിയാൽ. നിലവിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ആനിമൽ ക്വാറന്റൈൻ, സർട്ടിഫിക്കേഷൻ സർവീസ് സ്റ്റേഷനുകളുള്ളത്. ഈ പട്ടികയിലേക്കാണ് സിയാൽ ഇടം പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |