തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാനങ്ങളുടെയും തദ്ദേശഹസ്ഥാപനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്നതും ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതുമായ ജനാധിപത്യവിരുദ്ധ പരിഷ്‌കരണ പരിപാടിയാണിതെ നിയമസഭ കുറ്റപ്പെടുത്തി. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിന് വഴി വയ്ക്കുന്ന നടപടിയാണിത്. ആർഎസ്എസ്- ബിജെപി അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സഭ ആശങ്ക പ്രകടിപ്പിച്ചു.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലാവധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടു വച്ചിരിക്കുന്നത്. അടുത്തഘട്ടത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തിൽ വെട്ടിച്ചുരുക്കാമെന്നും നിർദേശമുണ്ട്. ഈ നടപടി ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനവും ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കു മേലുമുള്ള കൈകടത്തലുമാണ്. പാർലമെന്റ്, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ചെലവ് ചുരുക്കാനും ഭരണം സുഗമമാക്കാനും മറ്റു ലളിതമാർഗങ്ങൾ സ്വീകരിക്കാമെന്നിരിക്കെ ഈ ആശയം ഫെഡറൽസംവിധാനത്തെ തകർക്കുന്നതാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |