ചാലക്കുടി: അസാധാരണമായ കഴിവുകളാൽ ലോക റെക്കാഡുകൾ നേടുന്നവരിൽ അൽപ്പം സ്‌പെഷ്യലാണ് ഈ കൊച്ചുമിടുക്കി. അഞ്ചുമാസവും 17 ദിവസവും മാത്രമേ കുഞ്ഞു മറിയത്തിന് പ്രായമുള്ളൂവെങ്കിലും ഇതിനിടെ വേൾഡ് ബുക്ക് ഒഫ് റെക്കാഡ്സിലും ഇടംനേടി. നാലുമിനിറ്റും 38 സെക്കൻഡും വീഴാതെ പിടിച്ചുനിന്നതിനാണ് റെക്കാഡ് പുസ്തകത്തിലായത്.
ചാലക്കുടി തച്ചുടപറമ്പ് മൽപ്പാൻ ജിൻസൺ - ഡോ. നിമ്മി ദമ്പതികളുടെ മകളാണ് ഇസബെല്ല മറിയം ജിൻസൺ. യു.കെയിൽ ജനിച്ച കൊച്ചുമിടുക്കി വേൾഡ് വൈഡ് ബുക്ക് ഒഫ് റെക്കാഡ്‌സ്, ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സ് എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്റർനാഷണൽ വേൾഡ് റെക്കാഡ് പുരസ്‌കാരവും പരിഗണനയിലുണ്ട്.
സാധാരണ കുഞ്ഞുങ്ങൾ ഏഴ് മുതൽ 9 മാസത്തിനുള്ളിലാണ് പിടിച്ചുനിൽക്കാനും നടക്കാനും ശീലിക്കുക. എന്നാൽ 2024 ഫെബ്രുവരി എട്ടിന് ജനിച്ച കുട്ടി 45 ദിവസത്തിനുള്ളിൽ കമിഴ്ന്നു. മൂന്നാം മാസത്തിൽ മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുന്നു. നാലാം മാസത്തിൽ പിടിച്ചുനിൽക്കാൻ തുടങ്ങി. കുട്ടിയുടെ കഴിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ വേൾഡ് ബുക്ക് ഒഫ് റെക്കാഡ്‌സിലും ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്‌സിലും അപേക്ഷ നൽകി.
അപേക്ഷ നൽകി 20 ദിവസങ്ങൾക്കുശേഷം കുട്ടി ലോക റെക്കാഡ് നേട്ടത്തിന് അർഹയാണെന്ന് അറിയിപ്പ് ലഭിച്ചു. ഇതോടെ പ്രായം കുറഞ്ഞ റെക്കാഡിന് ഉടമയായി കുട്ടി മാറി. ഇപ്പോൾ കുട്ടിയും മാതാപിതാക്കളും നാട്ടിലെത്തിയിട്ടുണ്ട്. കുഞ്ഞിന് ഇത്തരത്തിൽ ഒരു അത്ഭുതകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് നിമ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |