ശാരീരികവും മാനസികവുമായി ആരോഗ്യം പരിപോഷിപ്പിക്കുന്നതിന് ആളുകൾ കണ്ടെത്തുന്ന എളുപ്പവഴിയാണ് യോഗാപരിശീലനം. ഓൺലൈനായും പരിശീലനകേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിച്ചും വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരവും യോഗ പരിശീലിക്കുന്നവരുണ്ട്. തിരക്കേറിയ ജീവിതത്തിൽ മനസിന് അൽപം ശാന്തത ലഭിക്കാനാണ് മിക്കവരും യോഗാ ക്ലാസുകളുടെ ഭാഗമാകുന്നത്. യോഗയുമായി ബന്ധപ്പെട്ട് പലതരത്തിലുളള ട്രെൻഡുകൾ അടുത്തിടെ പല രാജ്യങ്ങളിലും പരീക്ഷിച്ച് വരുന്നുണ്ട്.
ഗോട്ട് യോഗയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സോഷ്യൽമീഡിയയിൽ വൈറലായി മാറിയ ഒരു രീതിയാണിത്. വളർത്തു മൃഗമായ ആടിന്റെ സഹായത്തോടെ യോഗ ചെയ്യുന്ന രീതിയാണിത്. ഇതിന്റെ രസകരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന മറ്റൊരു യോഗാ രീതിയാണ് വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സ്‌നേക് യോഗയാണ് ഇപ്പോഴത്തെ ട്രെൻഡിംഗ്.എന്താണ് സ്‌നേക് യോഗയെന്നും അതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മനസിന് കൂടുതൽ ശാന്തത ലഭിക്കാൻ സ്‌നേക് യോഗ സഹായകമാകുമെന്നാണ് വിദ്ഗ്ദ്ധർ പറയുന്നത്. യോഗ ചെയ്യുമ്പോൾ ശരീരത്തിലേക്ക് പാമ്പിനെ വയ്ക്കുന്നതാണ് സ്‌നേക് യോഗ. പാമ്പ് യോഗ ചെയ്യുന്ന വ്യക്തിയുടെ ശരീരത്തിലൂടെ ഇഴയുമ്പോൾ കൂടുതൽ ശാന്തതയും സമാധാനവും ലഭിക്കുമെന്നാണ് പറയുന്നത്. കൂടുതൽ ആരോഗ്യം ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ യോഗാ രീതി സ്വീകരിക്കാവുന്നതാണ്.
പക്ഷെ സ്‌നേക്ക് യോഗ എല്ലാ യോഗാ പരീശീലന കേന്ദ്രങ്ങളിലും ഇപ്പോൾ ലഭ്യമല്ല. വിരളമായ സ്ഥലങ്ങളിൽ മാത്രമാണുളളത്. കാലിഫോർണിയയിലെ കോസ്റ്റ മെസയിലെ എൽഎക്സ്ആർ യോഗ എന്ന സ്റ്റുഡിയോയിൽ ഈ രീതി ലഭ്യമാണ്. എല്ലാവിധത്തിലുളള സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്.
പാമ്പുകളോടുളള അമിതമായ ഭയം, മറ്റുളള ഭയങ്ങൾ തുടങ്ങിയവ ഇത്തരത്തിലുളള യോഗാ പരിശീലനത്തിലൂടെ പൂർണമായും ഭേദമാക്കാമെന്ന് വിദഗ്ദ്ധർ പറയുന്നു. സ്റ്റുഡിയോയുടെ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലാണ്. പരിശീലനത്തിനായി എത്തുന്നവർക്ക് മനുഷ്യരോടിണങ്ങിയ എട്ടോളം പെരുമ്പാമ്പുകളെയാണ് നൽകുന്നത്. പാമ്പുകളുടെ സുരക്ഷയ്ക്കും സ്റ്റുഡിയോ ജീവനക്കാർ ശ്രദ്ധിക്കാറുണ്ട്. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് പരിശീലകർക്ക് പാമ്പുമായി എങ്ങനെയാണ് ഇടപെടേണ്ടതിനെക്കുറിച്ച് ബോധവൽക്കരണം നൽകാറുണ്ടെന്നും ഇൻസ്ട്രക്ടർ പറയുന്നുണ്ട്. അമിതമായ ഭയമുളളവർക്ക് ഇതൊരു മികച്ച വഴിയാണ്.
വീഡിയോക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മൃഗങ്ങളെ ചൂഷണം ചെയ്യുന്നുവെന്നും വിമർശനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |