തിരുവനന്തപുരം:കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകൾ കേന്ദ്രീകരിച്ച് ഉൾനാടൻ ടൂറിസം പദ്ധതികൾക്ക് ജലഗതാഗത വകുപ്പ് വിവിധ തരത്തിലുള്ള ബോട്ടുകൾ നിർമ്മിക്കുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ നിയസഭയിൽ പറഞ്ഞു .
ചെറിയ തുരുത്തുകൾ, ഇടുങ്ങിയ കനാലുകൾ എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പടുത്തി 20 പേർക്ക് യാത്ര ചെയ്യാനാകുന്ന ശീതീകരിച്ച സോളാർ ബോട്ടുകൾ നിർമ്മിക്കും. 120 പേർക്ക് സഞ്ചരിക്കാനാകുന്ന വേഗ മോഡൽ എ.സി, നോൺ എ.സി ബോട്ടുകൾ നിർമ്മാണ ഘട്ടത്തിലാണ്. വിനോദ സഞ്ചാര ആവശ്യത്തിനും അത്യാവശ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാവുന്ന അഞ്ച് ഡിങ്കി ബോട്ടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.'കുട്ടനാടൻ ബാക് വാട്ടർ സഫാരി' എന്ന പേരിൽ മുഴുദിന യാത്രയ്ക്ക് 30 യാത്രക്കാരെ ഉൾക്കൊള്ളുന്ന സോളാർ ബോട്ടുകൾ നിർമ്മിക്കും..
'കാക്കത്തുരുത്തി'ലേക്ക് ഡേ ക്രൂയിസ് സർവീസിന് ആവശ്യമായ ആധുനിക ബോട്ടുകളും എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിനോദ സഞ്ചാര മേഖലകൾക്ക് ഉതകുന്ന രീതിയിലുള്ള ബോട്ടുകൾ നിർമ്മിക്കുന്നതും ലക്ഷ്യമാണ്.
വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ഡിസംബറിന് ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് 883 കോടി രൂപയുടെ ആനുകൂല്യങ്ങൾ നൽകിയതായി മന്ത്രി അറിയിച്ചു.പ്രോവിഡന്റ് ഫണ്ട്, പെൻഷൻ, എൻ.പി.എസ് കുടിശ്ശിക, എൻ.ഡി.ആർ എന്നിവ ഉൾപ്പെടെയുള്ള കുടിശ്ശികയാണ് തീർത്തത്. 85 ശതമാനം ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |