കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള വാഹനങ്ങൾ മഴയും വെയിലുമേറ്റ് നശിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. നൂറുകണക്കിന് യാത്രക്കാർ ദിനംപ്രതി വന്നുപോകുന്ന ഇവിടെ മേൽക്കൂരയുള്ള പാർക്കിംഗ് ഷെഡ് ഇല്ലാത്തതാണ് ഈ ദുരിതത്തിന് കാരണം. പാർക്കിംഗ് ഫീസ് നൽകിയിട്ടും സുരക്ഷയില്ലെന്ന കാരണത്താൽ പലരും ട്രഷറിയിലേക്ക് പോകുന്ന നേതാജി റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ഓഫീസുകളിലും മറ്റും പോകുന്നവർ രാവിലെ പാർക്ക് ചെയ്യുന്ന വാഹനം തിരിച്ചെടുക്കുന്നത് വൈകിട്ടോ രാത്രിയിലോ ആയിരിക്കും. പാർക്കിംഗ് ഏരിയ ഇല്ലാത്തതിനാൽ യാത്രക്കാർ സ്റ്റേഷന്റെ പലഭാഗങ്ങളിലുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. മഴയും വെയിലുമേൽക്കാതിരിക്കാൻ സമീപത്തെ മരങ്ങളുടെ ചുവട്ടിലോ കടകളോട് ചേർന്നോ പാർക്ക് ചെയ്യുന്നു. ഈ അനധികൃത പാർക്കിംഗ് മൂലമുള്ള പൊല്ലാപ്പുകളും വേറെ. വൈകിട്ട് 5നും രാത്രി 7.30നും ഇടയിൽ നാലോളം ട്രെയിനുകൾ ഇവിടെ നിറുത്താറുണ്ട്. ഇതിൽ വന്നിറങ്ങുന്ന യാത്രക്കാർ വേഗത്തിൽ ബസിൽ കയറാനും വീടുകളിലെത്താനും ശ്രമിക്കുന്നതിനിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കൂട്ടത്തോടെ കടന്നുപോകുന്നത് പലപ്പോഴും അപകടങ്ങൾക്കും വഴിവയ്ക്കുന്നു. ഈ സമയം പൊലീസിന്റെയും റെയിൽവേ അധികൃതരുടെയും ശ്രദ്ധയും അടിയന്തര ഇടപെടലുകളുമുണ്ടാവണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
ഫീസും പെറ്റിയും
പാർക്കിംഗ് ഏരിയയ്ക്ക് പുറത്ത് തണൽ നോക്കി പാർക്ക് ചെയ്യാമെന്ന് കരുതിയാൽ പെറ്റിയടിക്കും. വഴിയോരത്തെ പാർക്കിംഗ് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുന്നു. നിലവിൽ നാലുചക്രവാഹനങ്ങൾക്ക് ദിവസം 25 രൂപ, ഇരുചക്രവാഹനങ്ങൾക്ക് 10 രൂപ എന്നീ നിരക്കിലാണ് ഫീസീടാക്കുന്നത്. നിലവിലെ പാർക്കിംഗ് ഏരിയ വലുതാക്കി മേൽക്കൂരയോടു കൂടിയുള്ള പാർക്കിംഗ് ഷെഡ് നിർമ്മിച്ചാൽ കൂടുതൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |