പത്തനംതിട്ട; മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറിക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്ന ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ വാസ്തവ വിരുദ്ധമാണെന്ന് ആക്ഷേപം. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ സാജൻ ഫിലിപ്പ് ചില ഡിപ്പാർട്ട്‌മെന്റ് മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി ഗൂഢാലോചന നടത്തിയാണ് നിലവിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ നീക്കം ചെയ്തതെന്നും ഇതിനെതിരെ ബാങ്കിലെ അംഗങ്ങളുമായും നിക്ഷേപകരുമായും ആലോചിച്ച് നിയമനട പടികളും പ്രത്യക്ഷസമരപരിപാടികളും നടത്തുമെന്നും ഫാ.സാമുവൽ ജോർജ്ജ്, കൺവീനർ അഡ്വ.മനോജ് കെ.എ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.
ബാങ്കിന്റെ മുൻ സെക്രട്ടറി ജോഷ്വാ മാത്യു, സസ്‌പെൻഷനിലുള്ള ഷാജി ജോർജ് എന്നിവരുടെ പേരിൽ അച്ചടക്കനടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം വസ്തതുതാ വിരുദ്ധമാണ്. പുതിയ കമ്മിറ്റി വന്നതിന് ശേഷം ആഗസ്റ്റ് 6ന് ഷാജി ജോർജിന് കുറ്റപത്രവും, കുറ്റാരോപണപത്രികയും നൽകി. കോടികൾ മുടക്കി ആരംഭിച്ച ഗോതമ്പ് ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്തതു എട്ടു മാസം ഭരണം നടത്തിയ ഡിപ്പാർട്ട്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ പിടിപ്പുകേടും അനാസ്ഥയുമാണ്.
സഹകരണസംഘം അസി. രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് ഡിസംബർ 21ന് നിശ്ചയിക്കുകയും ഫീസ് അടച്ച് ചെല്ലാൻ സഹിതം തുടർനടപടികൾക്കായി സഹകരണ ഡിപ്പാർട്ട്‌മെന്റിന് സമർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് മാസം ചാർജെടുത്ത അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി 4.5 കോടി രൂപയുടെ വായ്പകൾ തിരികെ ഈടാക്കി എടുത്തിട്ടുണ്ട്. 2.1 കോടി രൂപ സ്ഥിരനിക്ഷേപം ഉൾപ്പെടെ ബാങ്കിന് നിക്ഷേപവുമുണ്ട്. ബാങ്കിന്റെ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് ബാങ്കിന്റെ പ്രവർത്തനം പഴയ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് 15കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സഹകരണവകുപ്പ് മന്ത്രിക്കും സഹകരണ വകുപ്പിനും അപേക്ഷ നൽകിയിരുന്നു.
ഈ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചാർജ്ജ് എടുത്തശേഷം ഹൈക്കോടതിയിൽ നിന്നും മറ്റു കോടതികളിൽ നിന്നും ലഭിച്ച ഉത്തരവുകൾ നിക്ഷേപകരുടെയും, സഹകാരികളുടെയും താൽപര്യം സംരക്ഷിച്ച് സമയബന്ധിതമായി പാലിച്ചിട്ടുണ്ടെന്നും ബാങ്കിലെ നിക്ഷേപകരുടെയും അംഗങ്ങളുടെയും താല്പര്യങ്ങൾക്കും സഹകരണ ഡിപ്പാർട്ട്‌മെന്റിന്റെ നിർദ്ദേശങ്ങൾക്കും താല്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൈക്കൊണ്ടിട്ടില്ലെന്നും ഇവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |