കൊച്ചി: അമേരിക്കയിലെ തിരഞ്ഞെടുപ്പ് വരെ ഇന്ത്യൻ ഓഹരി വിപണിയിലെ സമ്മർദ്ദം തുടർന്നേക്കും. ചൈനയിലെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം നൽകാനായി സർക്കാർ പുതിയ പാക്കേജുകൾ പ്രഖ്യാപിച്ചതിനാൽ ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിൻമാറ്റം ശക്തമാകുകയാണ്. ഭക്ഷ്യ വിലക്കയറ്റം ശക്തമായതും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ക്രൂഡോയിൽ വിലയിലെ കുതിപ്പും നാണയപ്പെരുപ്പം വീണ്ടും ഉയർത്തുമെന്ന ആശങ്ക നിക്ഷേപകർക്കുണ്ട്. സെപ്തംബറിലെ നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലും മുകളിലെത്തുമെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ആഗസ്‌റ്റിൽ രാജ്യത്തെ വ്യാവസായിക ഉത്പാദന സൂചിക 23 മാസത്തെ ഏറ്റവും കുറഞ്ഞ തലത്തിലേക്ക് നീങ്ങിയതും പുതിയ വെല്ലുവിളിയാണ്. ഉത്സവകാലം ആരംഭിച്ചിട്ടും ആഭ്യന്തര വാഹന വിപണി പ്രതീക്ഷിച്ച ഉണർവ് നേടാത്തതും മാന്ദ്യ സാഹചര്യങ്ങൾ ശക്തമാകുന്നതിന്റെ സൂചനയാണ്.
ഇസ്രയേലും ഇറാനുമായുള്ള സംഘർഷങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങിയാൽ ആഗോള വിപണികൾ വലിയ തിരിച്ചടി നേരിട്ടേക്കും. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇസ്രയേൽ ഈ വാരം ഒരുങ്ങുമെന്നാണ് വിലയിരുത്തുന്നത്. അതിനാൽ വരുംദിവസങ്ങളിൽ നിക്ഷേപകർ ഏറെ കരുതലോടെ തീരുമാനമെടുക്കണമെന്ന് അനലിസ്റ്റുകൾ പറയുന്നു.
വിദേശ നിക്ഷേപകർ പിന്മാറുന്നു
ഒക്ടോബറിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ 58,720 കോടി രൂപയാണ് പിൻവലിച്ചത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ വലിയ വില്പന സമ്മർദ്ദം സൃഷ്‌ടിച്ചത്. നിലവിൽ ഓഹരികളിലെ വിദേശ നിക്ഷേപം 41,819 കോടി രൂപയാണ്. സെപ്തംബറിൽ ഓഹരികളിലെ വിദേശ നിക്ഷേപം ഒരു ലക്ഷം കോടി രൂപയിലധികമായിരുന്നു.
ഓഹരിയിലെ വിദേശ പങ്കാളിത്തം
മാസം വിദേശ നിക്ഷേപം
ഏപ്രിൽ -8,671
മേയ് -25,586
ജൂൺ 26,565
ജൂലായ് 32,359
ആഗസ്‌റ്റ് 7,322
സെപ്തംബർ 57,724
ഒക്‌ടോബർ 12 വരെ -58,720
ഹ്യുണ്ടായ് ഐ.പി.ഒ ആവേശമാകും
വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്പന(ഐ.പി.ഒ) ഈ വാരം നിക്ഷേപകർക്ക് ആവേശം പകരും. വിപണിയിൽ നിന്ന് 27,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഓഹരി വില്പനയ്ക്ക് നാളെ തുടക്കമാകും. 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് ഓഹരി ഒന്നിന് വില നിശ്ചയിച്ചിട്ടുള്ളത്. ഏഴ് ഓഹരികൾ വീതമുള്ള ലോട്ടായാണ് വില്പന. ഒക്ടോബർ 22ന് ഓഹരികൾ എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യും. 2003ലെ മാരുതി സുസുക്കിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു വാഹന നിർമ്മാണ കമ്പനി എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യുന്നത്.
മുൻനിര കമ്പനികളുടെ മൂല്യത്തിൽ
1.22 ലക്ഷം കോടിയുടെ ഇടിവ്
കൊച്ചി: കഴിഞ്ഞ വാരം ഓഹരി വിലയിലുണ്ടായ കനത്ത ഇടിവിൽ രാജ്യത്തെ ഏഴ് മുൻനിര കമ്പനികളുടെ വിപണി മൂല്യത്തിൽ 1.22 ലക്ഷം കോടി രൂപയുടെ തകർച്ച നേരിട്ടു. ടാറ്റ കൺസൾട്ടൻസി സർവീസസും(ടി.സി.എസ്) റിലയൻസ് ഇൻഡസ്ട്രീസുമാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ഇക്കാലയളവിൽ സെൻസെക്സ് 307.09 പോയിന്റ് നഷ്ടത്തോടെ 81,381.36ൽ അവസാനിച്ചിരുന്നു. ടി.സി.എസിന്റെ വിപണി മൂല്യം 35,638.16 കോടി രൂപ ഇടിവോടെ 15,01,723.41 കോടി രൂപയിലെത്തി. റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 21,351.71 കോടി രൂപ താഴ്ന്ന് 18,55,366.53 കോടി രൂപയായി. ഐ.ടി.സി 18,761.4 കോടി രൂപയും ഹിന്ദുസ്ഥാൻ യൂണിലിവർ 16,047.71 കോടി രൂപയും മൂല്യയിടിവ് നേരിട്ടു. എൽ.ഐ.സിയുടെ വിപണി മൂല്യം 13,946.62 കോടി രൂപ നഷ്ടത്തോടെ 6,00,179.03 കോടി രൂപയായി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ വിപണി മൂല്യത്തിൽ 11,363.35 കോടി രൂപയുടെ കുറവുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂല്യം 4,998.16 കോടി രൂപ കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |