ആഫ്രിക്കൻ രാജ്യങ്ങളിൽ തീർത്തും വ്യത്യസ്‌തമായ ഒന്നാണ് മൗറീഷ്യസ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആഫ്രിക്കയിലെ മഡഗാസ്‌കറിനോട് ചേർന്ന് കിടക്കുന്ന ഈ കുഞ്ഞ് ദ്വീപ് രാഷ്‌ട്രത്തിൽ 50 ശതമാനത്തോളം ഹിന്ദു മതവിശ്വാസികളാണ് എന്നൊരു പ്രത്യേകതയുണ്ട്. 1814ൽ ഫ്രഞ്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും ഈ ദ്വീപ് രാജ്യത്തെ കൈയടക്കി. 1968ലാണ് രാജ്യം ബ്രിട്ടണിൽ നിന്ന് സ്വതന്ത്ര്യമായത്. അധിനിവേശ കാലത്ത് ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന് അടിമകളാക്കിയ മനുഷ്യരുടെ പിൻതലമുറയാണ് ഈ ദ്വീപരാജ്യത്തിലുള്ളത്.സ്വാതന്ത്ര്യം നേടി നീണ്ട 56 വർഷം കഴിഞ്ഞിട്ടും പക്ഷെ ഇതിനോട് ചേർന്ന് 60 ചെറുദ്വീപുകളുടെ കൂട്ടമായ ചാഗോസ് ദ്വീപുകൾ ബ്രിട്ടൺ തന്നെയാണ് ഭരിച്ചുകൊണ്ടിരുന്നത്.
ബ്രിട്ടന്റെയും അമേരിക്കയുടെയും സൈനിക പ്രാധാന്യമുള്ള ഡീഗോ ഗാർഷ്യ എന്ന സൈനിക കേന്ദ്രമായ ദ്വീപ് ഇതിനുള്ളിലാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ വാണിജ്യ പാതയിൽ അപകടം ഒഴിവാക്കാനായി ഇവിടം മുഴുവൻ ബ്രിട്ടൺ കൈവശം വച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ചാഗോസ് ദ്വീപുകളെ മൗറീഷ്യസിന് കൈമാറാൻ ബ്രിട്ടൺ തീരുമാനിച്ചിരിക്കുകയാണ്. ഡീഗോ ഗാർഷ്യ ദ്വീപുകളെ ഒഴിച്ച്. ഇവിടം ബ്രിട്ടന്റെയും അമേരിക്കയുടെയും സംയുക്ത സൈനിക പോസ്റ്റ് ആയി തുടരും.
1980കൾ മുതൽ മൗറീഷ്യസ് ഈ ദ്വീപസമൂഹങ്ങളുടെ ഉടമസ്ഥാവകാശത്തിനായി ശബ്‌ദമുയർത്തുന്നുണ്ട്. എന്നാൽ 2019ൽ മാത്രമാണ് ബ്രിട്ടൺ ഒരു ചെറുവിരൽ അനക്കിയത്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ ഇത് സംബന്ധിച്ച് നടന്ന കേസിൽ ദ്വീപ് മൗറീഷ്യസിന് കൈമാറണമെന്ന് വിധിയായി. യുഎൻ പൊതുസഭയിലും യുഎൻ കൺവെൻഷൻ ഓൺ ദ ലോ ഓഫ് സിയിലും ഇതേ ആവശ്യമുയർന്നു.
ബ്രിട്ടൺ ഈ ദ്വീപുകളെ തങ്ങളുടെ പരിധിയിലാക്കാൻ 1965ൽ ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി ആയി പ്രഖ്യാപിച്ചിരുന്നു. 1968ൽ മൗറീഷ്യസ് സ്വതന്ത്ര്യമായപ്പോഴും ചാഗോസ് ദ്വീപുകളെ മൂന്ന് മില്യൺ പൗണ്ട് നൽകിയാണ് ബ്രിട്ടൺ തിരിച്ചുപിടിച്ചത്. മലയക്കും സുമാത്രയ്‌ക്കുമിടയിലുള്ള മലാക്കാ കടലിടുക്കിലൂടെയുള്ള വ്യാപാരത്തെ ബ്രിട്ടൺ ഇവിടെ നിന്നാണ് നിയന്ത്രിച്ചുപോന്നത്.
സൈനീക ആവശ്യങ്ങൾക്കായി ചാഗോസ് ദ്വീപിലെ 2000ത്തോളം സ്ഥിരതാമസക്കാരെ മുൻകാലങ്ങളിൽ ബ്രിട്ടൺ ഒഴിപ്പിച്ചു. ഇവർ പിന്നീട് മൗറീഷ്യസിലോ ബ്രിട്ടണിലോ അഭയം തേടി. 2022ൽ മൗറീഷ്യസ് തങ്ങൾക്ക് ചാഗോസ് ദ്വീപിലുള്ള അവകാശം നിലനിർത്തി. ഈ സമയം ഇന്ത്യൻ മഹാസമുദ്രത്തിലെ സുരക്ഷയും സന്തുലിതാവസ്ഥയും നിലനിർത്താൻ ഇന്ത്യ ഇടപെട്ടു. ഇവിടങ്ങളിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി.
2016ൽ ആഫ്രിക്കൻ വൻകരയിൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ചൈന 730 മില്യൺ ഡോളറിന്റെ ഒരു ഒളിമ്പിക്‌സ് കോംപ്ളക്‌സ് മൗറീഷ്യസിൽ പണിയാൻ തീരുമാനിച്ചു. ഇതിനായി സ്വതന്ത്ര വ്യാപാര കരാറിൽ 2019ൽ ഒപ്പുവയ്‌ക്കുകയും ചെയ്‌തു. നിർണായകമായ ഈ തീരുമാനം ഇന്ത്യയെ പോലെ തന്നെ യൂറോപ്യൻ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. അതിനാൽ പ്രശ്‌നത്തിന് പരിഹാരം എന്ന നിലയിലാണ് ഇന്ത്യ-യുകെ-യുഎസ് പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന ദ്വീപ് കൈമാറ്റ തീരുമാനം എടുത്തിരിക്കുന്നത്.
36ഓളം രാജ്യങ്ങളും ലോകത്തിന്റെ 35 ശതമാനം ജനസംഖ്യയും ലോകമാകെയുള്ള 40 ശതമാനം തീരമേഖലയും സ്വന്തമാക്കാനുള്ള ചൈനീസ് നയതന്ത്രത്തിന് ബദലായാണ് ഇന്ത്യ നിർണായകമായ ഇടപെടൽ നടത്തിയിരിക്കുന്നത്. മൗറീഷ്യസിൽ അഗലേഗ ദ്വീപിൽ ഇന്ത്യയ്‌ക്ക് സൈനിക കേന്ദ്രമുണ്ട്. 2015ൽ രാജ്യത്തിനാവശ്യമായ വസ്‌തുക്കൾ ഏറ്റവുമധികം ഇറക്കുമതി ചെയ്‌തത് ഇന്ത്യയിൽ നിന്നായിരുന്നു. ഇതിനെ മറികടക്കാനും ആഫ്രിക്കയിൽ സാന്നിദ്ധ്യമാകാനുമാണ് ചൈന 2016ൽ തങ്ങളുടെ പദ്ധതി മുന്നോട്ടുവച്ചത്.
പോർട്ട് ലൂയിസിനോട് ചേർന്ന് ജിൻഫെയ് എന്ന തങ്ങളുടെ സ്‌മാർട്ട് സിറ്റിയും ചൈന അന്ന് തയ്യാറാക്കിയിരുന്നു. ഇന്ത്യയുടെ അയൽക്കാരായ പാകിസ്ഥാൻ, മ്യാൻമാർ, ശ്രീലങ്ക എന്നിവിടങ്ങളിൽ തങ്ങളുടെ പദ്ധതികൾ നടപ്പാക്കി ചൈന മുന്നേറുന്നതിനാൽ ഇന്ത്യൻ മഹാ സമുദ്രത്തിൽ ഇന്ത്യയ്‌ക്ക് കരുതലോടെ നീങ്ങിയേ മതിയാകൂ. ഇതിനായാണ് സങ്കീർണമായ ചാഗോസ് ദ്വീപ് പ്രശ്‌നത്തിൽ ഇന്ത്യ ഇടപെട്ടതും വിജയകരമായി അത് മൗറീഷ്യസിന് കൈവശമെത്തുന്ന പരിഹാരം കണ്ടെത്തിയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |