വിതുര: വിതുര പഞ്ചായത്തിലെ മേമല വാർഡിന്റെ പരിധിയിലുള്ള മാങ്കാല, പട്ടൻകുളിച്ചപാറ മേഖലകളിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കാട്ടുപോത്തും കാട്ടാനയും മിക്കദിവസങ്ങളിലും പ്രദേശത്ത് ഇറങ്ങി ഭീതിയും നാശവും പരത്തി വിഹരിക്കുകയാണ്. മാസങ്ങളായി ഇതാണ് അവസ്ഥ. ഉപജീവനത്തിനായി നാട്ടുകാർ മാങ്കാല മേഖലയിൽ നടത്തിയിരുന്ന കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. ബാങ്ക് ലോൺ എടുത്തവരും മറ്റും കടക്കെണിയിലാണ്. ഓണവിപണി ലക്ഷ്യമാക്കി നടത്തിയിരുന്ന കൃഷികളും നശിച്ചു. ഇതോടെ കർഷകർ കടക്കെണിയിലായി. കഴിഞ്ഞദിവസം രാത്രിയിൽ മാങ്കാലയിൽ താണ്ഡവമാടിയ കാട്ടാനക്കൂട്ടം മാങ്കാല ബിന്ദുവിന്റെ വാഴകൃഷി പൂർണമായും തകർത്തെറിഞ്ഞു. ഇത് ആറാംതവണയാണ് പ്രദേശത്ത് കാട്ടാനകൃഷികൾ നശിപ്പിക്കുന്നത്.
വനമേഖലയോട് ചേർന്ന പ്രദേശം
വനമേഖലയോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നും എന്നും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുകയാണ് പതിവ്. മാങ്കാലക്ക് പുറമേ പേപ്പാറയിലും സമാനമായ അവസ്ഥയാണ്. കാട്ടുമൃഗശല്യംമൂലം ഇവിടെ കൃഷി അന്യമായിക്കഴിഞ്ഞു. വനപാലകർക്കും പഞ്ചായത്തിലും കർഷകർ അനവധി തവണപരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കാട്ടുമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
കാട്ടുപോത്തും
കാട്ടാനയ്ക്ക് പുറമേ മാങ്കാലമേഖലയിൽ കാട്ടുപോത്തുകളുടെ ശല്യവും രൂക്ഷമാണ്. വനത്തിൽ നിന്നും തീറ്റതേടി ധാരാളം കാട്ടുപോത്തുകൾ മേഖലയിൽ എത്താറുണ്ട്. രണ്ടാഴ്ച മുൻപ് ഒരു കാട്ടുപോത്ത് മാങ്കാലയിൽ ഉപയോഗശൂന്യമായി കിടന്ന കിണറ്റിൽ വീണിരുന്നു. വനപാലകർ കാട്ടുപോത്തിനെ പുറത്തെടുത്ത് ചികിത്സ നൽകിയെങ്കിലും മണിക്കൂറുകൾക്കു ശേഷം ചത്തു. മേഖലയിൽ കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |