കടയ്ക്കൽ: പൊലീസ് ഉദ്യോഗസ്ഥനായ നിലമേൽ വിളയിടം ചരുവിള പുത്തൻവീട്ടിൽ ഇർഷാദിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് സഹദിനെ കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ രണ്ട് ദിവസത്തിനകം ചിതറ പൊലീസ് അപേക്ഷ നൽകും.
ഇന്നലെ ഉച്ചയോടെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് സഹദിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡിൽ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ഇർഷാദിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉച്ചയ്ക്ക് ശേഷം നിലമേൽ കണ്ണങ്കോട് മുസ്ലിം ജമാഅത്തിൽ കബറടക്കി. കഴിഞ്ഞ ദിവസം രാവിലെയാണ് സുഹൃത്തായ സഹദിന്റെ വീട്ടിൽ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടായ വാക്കുതർക്കത്തിൽ സഹദ് ഇർഷാദിനെ കെലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സഹദിനെ ഒട്ടേറെ തവണ കഞ്ചാവ്, എം.ഡി.എം.എ വിൽപ്പന നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അടൂർ പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന ഇർഷാദ് സ്ഥിരമായി ജോലിക്ക് എത്താത്തതിനാൽ ജോലിയിൽ നിന്ന് പുറത്ത് നിറുത്തിയിരിക്കുകയായിരുന്നു. ചിതറ ഇൻസ്പെക്ടർ സന്തോഷാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |