മലപ്പുറം: ജില്ലയിൽ പകർച്ചവ്യാധികൾ മൂലം ഈ വർഷം മരണപ്പെട്ടത് 66 പേർ. നാലര ലക്ഷത്തോളം പേരാണ് ചികിത്സ തേടിയത്. ഇതിൽ ആറ് മരണങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കിടയിലാണ്. ന്യൂമോണിയ - മൂന്ന്, എലിപ്പനി - ഒന്ന്, അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം - ഒന്ന്, മസ്തിഷ്കജ്വരം- ഒന്ന് എന്നിങ്ങനെ മരണങ്ങളുണ്ടായി. അങ്ങാടിപ്പുറം സ്വദേശിനിയായ ഒമ്പത് വയസുകാരിയാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ജില്ലയിൽ ഈ വർഷം ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത് മഞ്ഞപ്പിത്തം ബാധിച്ചാണ്. 20 പേർ മരിച്ചു. 7,000ത്തോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടി. തേഞ്ഞിപ്പലത്ത് വിവാഹ സത്കാരത്തിൽ പങ്കെടുത്ത 508 പേർക്ക് ഒരുമിച്ച് മഞ്ഞപ്പിത്തം ബാധിച്ചതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന കേസ്. ചാലിയാർ, പോത്തുകല്ല് പഞ്ചായത്തുകളിലെ മഞ്ഞപ്പിത്തം വ്യാപനം രോഗബാധിതരുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കി.
എലിപ്പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും 16 മരണങ്ങൾ ഉണ്ടായി. 190 പേർക്കാണ് എലിപ്പനി ബാധിച്ചത്. പകർച്ചവ്യാധി മരണങ്ങളിൽ മഞ്ഞപ്പിത്തം കഴിഞ്ഞാൽ ജില്ലയിൽ ഭീഷണിയായി നിൽക്കുന്നത് എലിപ്പനിയാണ്. ന്യൂമോണിയ രോഗബാധയിൽ മരണമുയരുന്നതും ആശങ്ക ഉയർത്തുന്നുണ്ട്. 13 പേർക്ക് കടുത്ത ന്യൂമോണിയ സ്ഥിരീകരിച്ചപ്പോൾ ആറ് മരണങ്ങളുണ്ടായി.
ഭീഷണിയായി എച്ച് 1 എൻ 1
ജില്ലയിൽ ഈ വർഷം 14 ജീവനുകളാണ് എച്ച് വൺ എൻ വൺ രോഗം കവർന്നത്. വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ, പൊന്നാനി എന്നീ മേഖലകളിലാണ് എച്ച് വൺ എൻ വൺ രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇൻഫ്ളുവൻസ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് എച്ച് വൺ എൻ വൺ . സാധാരണ പകർച്ചപ്പനിയുടെയും (വൈറൽ ഫിവർ) എച്ച് വൺ എൻ വൺ പനിയുടെയും ലക്ഷണങ്ങൾ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയൽ, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ചിലരിൽ ഛർദ്ദിയും വയറിളക്കവും ഉണ്ടാകും. രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ചികിത്സ തേടണമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.
രോഗം ............................... മരണങ്ങൾ
വൈറൽ പനി ................... 5
നിപ .................................... 2
ഷിഗെല്ല ................................ 1
ചിക്കൻപോക്സ് .................. 1
പനിച്ചത് മൂന്നര ലക്ഷം പേർക്ക്
ഈ വർഷം പകർച്ച പനിയുമായി 3,67,000ത്തോളം പേരും ഡെങ്കിപ്പനി ബാധിച്ച് 1,285 പേരും ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ അഞ്ച് മരണങ്ങളുണ്ടായി. അതിസാരവുമായി 72,826 പേരും ചിക്കൻപോക്സുമായി 5,126 പേരും മുണ്ടിനീര് 12,700 പേരും ചികിത്സ തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |