സർവീസിൽ നിന്ന് വിരമിക്കും മുമ്പുള്ള ഏതാനും മാസങ്ങൾ, സ്വന്തം ജില്ലയിൽ ജനങ്ങളെ സേവിക്കാനൊരു അവസരം. കുടുംബത്തിനൊപ്പം സർവീസ് ജീവിതത്തിലെ അവസാന കാലഘട്ടം ചെലവഴിക്കാനുള്ള മനുഷ്യ സഹജമായ ആഗ്രഹം. ഇതെല്ലാം മുന്നിൽ കണ്ട് കേരളത്തിന്റെ വടക്കൻ ജില്ലയിൽ നിന്ന് സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം സമ്പാദിച്ച റവന്യൂവകുപ്പ് ഉദ്യോഗസ്ഥനാണ് റെയിൽവെ സ്റ്റേഷനിൽ സ്വീകരിക്കാൻ നിന്ന ഭാര്യയ്ക്കും മക്കൾക്കും തീരാദു:ഖം നൽകി ജീവത്യാഗം ചെയ്തത്. ഇതുവരെ കിട്ടിയ വിവരങ്ങൾ വച്ചു നോക്കുമ്പോൾ, ചെറിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ ദുശ്ശീലമായ കൈക്കൂലി ജീവിതത്തിന്റെ ഭാഗമാക്കിയിട്ടില്ലാത്ത ആൾ. കർത്തവ്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചിരുന്ന വ്യക്തി. അനീതിക്ക് കൂട്ടുനിൽക്കാത്ത ആൾ... പൊതുവേദിയിലെ അവഹേളനവും ആക്ഷേപവും തളർത്തിയ മനസുമായി ജീവനൊടുക്കിയ കണ്ണൂർ എ.ഡി.എം കെ.നവീൻ ബാബുവിന്റെ കുടുംബത്തിന് നേരിട്ട ദുര്യോഗത്തിൽ സഹതപിക്കാതെ വയ്യ.
വിരമിച്ചത്
ജീവിതത്തിൽ നിന്ന്
റവന്യൂവകുപ്പിൽ ജോലി ചെയ്തിട്ട് സത്യസന്ധനെന്ന് പേരു സമ്പാദിക്കണമെങ്കിൽ എത്രത്തോളം സുതാര്യമായും കൃത്യനിഷ്ഠയോടെയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടാവാമെന്ന് നമുക്ക് ഊഹിക്കാം. ഇടതുപക്ഷ സർവീസ് സംഘടനയുടെ ഭാഗമായിരുന്ന വ്യക്തിയായിട്ടും എതിർവിഭാഗം സംഘടനകളിൽപ്പെട്ടവർക്ക് പോലും നവീൻ ബാബുവിനെക്കുറിച്ച് നല്ല വാക്കുകളേ പറയാനുള്ളു. തത്ക്കാലം അതു മാത്രം നമുക്ക് മുഖവിലയ്ക്കെടുക്കാം. പുതുതായി തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി അനുവദിക്കാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് അറിയുന്നത്. കൈക്കൂലി വാങ്ങാത്ത, നീതി യുക്തമായി കാര്യങ്ങൾ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥൻ ഇങ്ങനൊരു സംരംഭത്തിന് അനുമതി നിഷേധിച്ചെങ്കിൽ അതിന് തക്കതായ കാര്യങ്ങൾ ഉണ്ടായിരിക്കണം. ഇനി ഉദ്യോഗസ്ഥൻ കോഴ ആവശ്യപ്പെട്ട്, അതു നൽകാതിരുന്നതിന്റെ പേരിലാണെങ്കിൽ ഉദ്യോഗസ്ഥനെതിരെ എന്തെല്ലാം വിധത്തിൽ നടപടി സ്വീകരിക്കാം. വിജിലൻസിന് പരാതി നൽകാം, വകുപ്പ് മന്ത്രിക്ക് പരാതി നൽകാം, കോടതിയെ സമീപിക്കാം. അങ്ങനെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്. പക്ഷെ ഇവിടെ അത്തരം നീതിക്ക് നിരക്കുന്ന മാർഗ്ഗങ്ങളല്ല അവലംബിച്ചത്. നവീൻ ബാബു ജീവനൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ പൊതുമദ്ധ്യത്തിലുള്ള അധിക്ഷേപിക്കലാണെന്നാണ് ഇതുവരെയുള്ള വിവരം. ഒട്ടും നിസാരമായി കാണാവുന്ന ഒരു സംഭവമല്ല ഇത്. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പരസ്യ അധിക്ഷേപത്തിന് ഉദ്യോഗസ്ഥർ വിധേയരാവുന്ന ആദ്യ സംഭവമല്ല ഇത്. അടുത്ത കാലങ്ങളിൽ ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും നമ്മൾ കണ്ടിരിക്കുന്നു. തങ്ങൾ ഏർപ്പെടുന്ന സേവനത്തിന്റെയോ ചുമതലകളുടെയോ മഹത്വമറിയാതെ, അല്ലെങ്കിൽ അറിഞ്ഞിട്ടും സ്വാർത്ഥ ലാഭത്തിന് വേണ്ടി പ്രവർത്തിക്കുന്ന ചിലരുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്നാലും മാന്യമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ അധിക്ഷേപിക്കാൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമൊക്കെ ആരാണ് അധികാരം കൊടുത്തിട്ടുള്ളത്. നവീൻ ബാബുവിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് ചടങ്ങാണ്. ജില്ലാ കളക്ടറാണ് മുഖ്യാതിഥി. ക്ഷണിക്കപ്പെടാത്ത സദസിലേക്ക് വെളിപാട് പോലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇരച്ചെത്തിയത് വ്യക്തമായ പദ്ധതി തയ്യാറാക്കി. കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴിമുത്തുകൾ ഒപ്പിയെടുക്കാൻ ഒരു വീഡിയോ ഗ്രാഫറെയും സജ്ജമാക്കിയിരുന്നു. ഏതു കൊമ്പത്തെ ജനപ്രതിനിധിയാണെങ്കിലും വിളിക്കാത്ത ചടങ്ങിൽ വലിഞ്ഞു കയറി ചെല്ലുന്നതിനെ ഉളുപ്പില്ലായ്മ എന്നാണ് പറയാറുള്ളത്. ആറുമിനിട്ട് സമയം യാത്രയയപ്പ് നൽകേണ്ട എ.ഡി.എമ്മിനെ തലങ്ങും വിലങ്ങും അധിക്ഷേപിച്ചു. ഒരു ഡസൻ തൊടുകറികളും മൂന്ന് വക പായസവും കൂട്ടി സദ്യ കഴിച്ച സംതൃപ്തിയോടെയാണ് ദിവ്യ എന്ന ജനപ്രതിനിധി വേദിവിട്ട് പോയത്. നിസഹായനായി ചിരിച്ചുകൊണ്ടിരുന്ന ആ ഉദ്യോഗസ്ഥന്റെ മനസിൽ, ധാർഷ്ട്യത്തിന്റെയും അധികാര ഉന്മത്തതയുടെയും മനുഷ്യരൂപമായിരുന്ന സ്ത്രീ വിളിച്ചു പറഞ്ഞ ഓരോ വാക്കും കൂരമ്പുകളായാണ് തറച്ചത്. ആ വേദനയുടെ പാരമ്യത്തിലാണ് സ്വയം ജീവൻ ഒടുക്കാൻ അദ്ദേഹം തീരുമാനിച്ചതെന്ന് വേണം കരുതാൻ.
ഗസ്റ്റ് റോൾ എന്തിന്?
പഞ്ചായത്തീ രാജ് ആക്ടിൽ ജനപ്രതിനിധികളുടെ പെരുമാറ്റച്ചട്ടം വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം പാലിക്കേണ്ട മിതത്വവും മാന്യതയുമുണ്ട്. ഈ പെരുമാറ്റച്ചട്ടം പാലിക്കാൻ കഴിയാത്ത ഏതൊരു വ്യക്തിയും ജനപ്രതിനിധി എന്ന മേലങ്കിക്ക് അർഹരല്ല. ഒരു മേഖലയിലെ ആകെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ജനപ്രതിനിധി. തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജനപ്രതിനിധിക്ക് കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരോടും ഒരേ അടുപ്പവും വിധേയത്വവുമാണ് വേണ്ടത്. ജനങ്ങളോടും പൊതുസമൂഹത്തോടും കാട്ടേണ്ട ഉത്തരാവദിത്വത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്ന ജന്മങ്ങളെ വേണം ഏതു രാഷ്ട്രീയ പാർട്ടിയായാലും ജനസേവനത്തിന് തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ ജനസേവനത്തിന്റെ ബാലപാഠങ്ങളെങ്കിലും ഇവർക്ക് മനസിലാക്കി കൊടുക്കണം.
ഇരിക്കാനൊരു അധികാര കസേരയും സഞ്ചരിക്കാനൊരു വാഹനവും കൂടെ ഓഹോ പറയാൻ കുറെ പരിവാരങ്ങളുമായാൽ എല്ലാം തികഞ്ഞെന്ന് സ്വയം സങ്കൽപ്പിച്ച് അബദ്ധസഞ്ചാരം നടത്തുന്ന ജനപ്രതിനിധികൾ ആരായാലും അവർക്ക് കടിഞ്ഞാൺ വേണം. ആരുടെ മേലും കുതിര കയറാനുള്ള ലൈസൻസല്ല, ഈ സ്ഥാനമാനങ്ങളെന്ന് അവരെ നിയോഗിക്കുന്ന സംഘടനകൾ ബോദ്ധ്യപ്പെടുത്തണം. തീപാറുന്ന സമരപോരാട്ടങ്ങൾ നടത്തിയും കൊടിയ മർദ്ദനങ്ങളും ജയിൽ വാസമടക്കമുള്ള പീഡനങ്ങളും സഹിച്ച് നിസ്വാർത്ഥരായ ഒരു പറ്റം മനുഷ്യർ കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്റെ പേരിൽ ലഭിക്കുന്ന ഓരോ സ്ഥാനമാനത്തിനും പദവിക്കും അതിന്റേതായ മഹത്വമുണ്ട്. പദവികളുടെയും അധികാരത്തിന്റെയും പളപളപ്പിൽ അഭിരമിക്കുകയല്ല, മറിച്ച് അതുകൊണ്ട് ജനങ്ങൾക്ക് എന്തു സേവനം നൽകാനാവും എന്ന് ചിന്തിക്കുകയാണ് വേണ്ടത്.
ശരീരം വിയർപ്പിക്കാതെ, മനുഷ്യബന്ധങ്ങൾക്ക് വില നൽകാതെയുള്ള വാചക കസർത്തുമായി വരുന്നവരെ ഏതു രാഷ്ട്രീയ പാർട്ടിയായാലും ഉത്തരവാദിത്വപ്പെട്ട ചുമതലകളിൽ പ്രതിഷ്ഠിക്കരുത്. അർഹതയില്ലാത്ത ഒരു പദവിയും അവരെ ഏൽപ്പിക്കരുത്. നവീൻ ബാബു എന്ന സാധു മനുഷ്യന്റെ നൊമ്പരപ്പെടുത്തുന്ന ജീവത്യാഗം ഒരു പുനർചിന്തയ്ക്ക് വഴിവക്കട്ടെ.
ഇതു കൂടി കേൾക്കണേ
പുരയ്ക്ക് മേൽ ചാഞ്ഞാൽ വിളവുള്ള മരവും വെട്ടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |