തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി കമ്പനി ഏറ്റെടുത്തപ്പോൾ ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും ഒരു കുറവുമില്ലായിരുന്നു. സർവനാശത്തിലേക്കുള്ള പോക്കാണെന്നു വരെ പറഞ്ഞവരുണ്ട്. സംസ്ഥാന സർക്കാരും പൂർണ നിസഹകരണത്തിലായിരുന്നു. അദാനി കമ്പനി വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിനു മുൻപ് പുതിയ ടെർമിനലിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും വേണ്ടി ഇപ്പോഴത്തെ രണ്ടാം ടെർമിനലിനോടു ചേർന്ന് 18 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകാൻ സർക്കാർ നടപടിയെടുത്തതാണ്. അന്തിമഘട്ടം വരെ എത്തിയ ആ നീക്കത്തിൽ നിന്ന് അദാനി വന്നതോടെ സർക്കാർ പിന്മാറുകയായിരുന്നു. ഏതായാലും അദാനി ഏറ്റെടുത്തതിനുശേഷം തിരുവനന്തപുരം എയർപോർട്ട് അധോഗതിയിലേക്കു പോയിട്ടില്ലെന്ന് ഇതിനകം ഏവർക്കും ബോദ്ധ്യമായ കാര്യമാണ്. മാത്രമല്ല, മെച്ചപ്പെട്ട പുരോഗതിയിലേക്കു കുതിക്കുകയുമാണ്.
അത്യാധുനിക സൗകര്യങ്ങളോടെ അന്താരാഷ്ട്ര ടെർമിനൽ വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കമ്പനി. 1300 കോടി രൂപ ചെലവിൽ 'അനന്ത" എന്ന പേരിൽ മൂന്നു വർഷംകൊണ്ട് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതി പൂർത്തിയാകുമ്പോൾ 1.2 കോടി യാത്രക്കാരെ പ്രതിവർഷം ഉൾക്കൊള്ളാവുന്ന നിലയിലേക്ക് വളർച്ച പൂർത്തിയാകും. നിലവിൽ അഞ്ചുലക്ഷം ചതുരശ്രഅടി വിസ്തൃതിയിലുള്ള ടെർമിനലിൽ 32 ലക്ഷം പേർക്കുള്ള സൗകര്യമേയുള്ളൂ. 2070 വരെയുള്ള ആവശ്യം മനസ്സിൽക്കണ്ടാണ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത്. ആധുനിക ടെർമിനലിന് 18 ലക്ഷം ചതുരശ്രയടിയാണ് വിസ്‌തൃതി. ശ്രീപത്മനാഭന്റെ തൊട്ടടുത്തുള്ള വിമാനത്താവളമെന്ന നിലയ്ക്ക് നന്മയുടെ കവാടമായി നിർമ്മിക്കുന്നതുകൊണ്ടാണ് ടെർമിനലിന് 'അനന്ത" എന്ന പേരു നൽകുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും തിരുവനന്തപുരം എയർപോർട്ട് സ്തുത്യർഹമായ നേട്ടം മൂന്നുവർഷത്തിനിടെ കൈവരിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലം കൂടി ലഭിച്ചിരുന്നുവെങ്കിൽ കുറേക്കൂടി സൗകര്യങ്ങളോടെ വികസനം സാദ്ധ്യമാകുമായിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂവിസ്‌തൃതിയുള്ളതാണ് തിരുവനന്തപുരം എയർപോർട്ട്- 628 ഏക്കർ. അന്താരാഷ്ട്ര നിലവാരത്തിലുള്ള റൺവേ ഒരുക്കാൻ 12 ഏക്കർ ഭൂമി ഏറ്റെടുത്താലേ പറ്റൂ. അതിന് എത്ര കാലമെടുക്കുമെന്ന് നിശ്ചയമൊന്നുമില്ല. ഉള്ള സ്ഥലം ഉപയോഗപ്പെടുത്തി പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് അദാനി കമ്പനി മുന്നോട്ടുപോകുന്നത്. പുതിയ വികസന പദ്ധതിയുടെ ഭാഗമായി 240 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടൽ, വിശാലമായ കാർ പാർക്കിംഗ്, വിനോദത്തിനുള്ള ഏർപ്പാടുകൾ എന്നിവയൊക്കെ ഉണ്ടാകും. എട്ടു നിലകളിൽ പുതിയ കൺട്രോൾ ടവർ നിർമ്മിക്കുന്നത് എയർപോർട്ട് അതോറിട്ടിയാകും. ആധുനിക രണ്ടാം ടെർമിനൽ വരുന്നതോടെ ശംഖുംമുഖത്ത് ഒരു കോണിൽ കിടക്കുന്ന ആഭ്യന്തര ടെർമിനൽ ഇങ്ങോട്ടു കൊണ്ടുവരുമെന്നാണു സൂചന. അത്യാവശ്യമായ കാര്യമാണിത്. ടെർമിനലുകൾ രണ്ടും രണ്ടു സ്ഥലത്തായതിനാൽ യാത്രക്കാർക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വികസനത്തിൽ ഏറ്റവും മുന്നിൽ നെടുമ്പാശേരിയാണ്. രാജ്യത്തിനു തന്നെ മാതൃകയായി അതിനു വളരാൻ കഴിഞ്ഞത് സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ്. കൂടുതൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിൽ കരിപ്പൂർ വിമാനത്താവളം വികസിപ്പിക്കാൻ വെറും പന്ത്രണ്ട് ഏക്കർ ഭൂമി മതിയാകും. വർഷങ്ങൾ ഏറെയായിട്ടും അതിനു നടപടിയില്ല. കണ്ണൂർ വിമാനത്താവളത്തിനാകട്ടെ 2000 ഏക്കറിലധികം സ്ഥലം ലഭ്യമായിട്ടും അധികൃത അനാസ്ഥ കാരണം അത് മുടന്തിയും ഞരങ്ങിയുമാണ് മുന്നോട്ടുപോകുന്നത്. വിമാനയാത്ര നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പുതിയ വിമാനത്താവളങ്ങൾക്കായി ശ്രമം തുടരുന്നതിനൊപ്പം നിലവിലുള്ളവയുടെ വികസനം കൂടി ഉറപ്പാക്കാൻ സർക്കാരുകൾ താത്പര്യമെടുക്കണം. കൂറ്റൻ വിമാനത്താവളങ്ങൾ കെട്ടിയിട്ടാൽ മാത്രം പോരാ, അവിടങ്ങളിൽ വിമാനങ്ങൾ എത്തിക്കാനും യാത്രക്കാർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കാനും കഴിയുമ്പോഴേ അവ ജനജീവിതത്തിന്റെ ഭാഗമാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |